റോന്ത്
ദലീഷ് പോത്തനും റോഷൻ മാത്യുവും പ്രധാന കഥാപാത്രങ്ങളാകുന്ന റോന്ത് ഒടിടിയിലേക്ക്. അടുത്തിടെ റിലീസ് ചെയ്തതിൽ പ്രേക്ഷകപ്രീതി നേടിയ ചിത്രമായ റോന്ത്, അവതരണത്തിലും പ്രമേയത്തിലുമുള്ള പുതുമ പ്രേക്ഷകരെ ആകർഷിക്കുകയും ചെയ്തു. 22ന് ജിയോ ഹോട്ട്സ്റ്റാറിൽ റോന്ത് സ്ട്രീമിങ് ആരംഭിക്കും. രണ്ടു പോലീസുകാരുടെ കഥയാണ് റോന്ത് പറയുന്നത്.
ഒരു വൈകുന്നേരം മുതല്‍ പിറ്റേദിവസം രാവിലെ വരെയുള്ള യാത്രയാണ് റോന്ത്-ന്റെ ഇതിവൃത്തം. സസ്പെൻസ് നിറഞ്ഞ രംഗങ്ങളിലൂടെ റോന്ത് പ്രേക്ഷകരെ കൊണ്ടുപോകുന്നു.യോഹന്നാൻ എന്ന കഥാപാത്രത്തെയാണ് ദിലീഷ് അവതരിപ്പിക്കുന്നത്. ദിൻനാഥ് എന്ന കഥാപാത്രമായാണ് റോഷൻ മാത്യു എത്തുന്നത്. ഇലവീഴാപൂഞ്ചിറ എന്ന ചിത്രത്തിനുശേഷം ഷാഹി കബീർ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് റോന്ത്.
ഫെസ്റ്റിവൽ സിനിമാസിന്റെ ബാനറിൽ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇവിഎം, ജോജോ ജോസ് എന്നിവരും ജംഗ്ലീ പിക്ചേഴ്സിനു വേണ്ടി വിനീത് ജെയിനും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. സുധി കോപ്പ, അരുണ്‍ ചെറുകാവില്‍, നന്ദനുണ്ണി, ക്രിഷ കുറുപ്പ് എന്നിവരും ശദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സോഷ്യല്‍ മീഡിയ താരങ്ങളായ ലക്ഷ്മി മേനോന്, ബേബി നന്ദുട്ടി തുടങ്ങിയവരും ചിത്രത്തിലുണ്ട്.
സംശയം
രാജേഷ് രവി രചനയും സംവിധാനം നിർവഹിച്ച സംശയം ഒടിടിയിൽ എത്തുന്നു. വിനയ് ഫോര്‍ട്ട്, ഷറഫുദ്ദീന് എന്നിവരാണു പ്രധാനകഥാപാത്രങ്ങൾ. ലിജോമോള്‍, പ്രിയംവദ കൃഷ്ണന് എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്ന സംശയത്തിന്റെ സ്ട്രീമിങ് വാങ്ങിയത് മനോരമ മാക്സ് ആണ്. അടുത്തയാഴ്ച മുതൽ പ്രേക്ഷകർക്കു ചിത്രം കാണാം.

1895 സ്റ്റുഡിയോസിന്റെ ബാനറിൽ സുരാജ് പി.എസ്, ഡിക്സൺ പൊടുത്താസ്, ലിനോ ഫിലിപ്പ് എന്നിവരാണ് സംശയത്തിന്റെ നിർമാതാക്കൾ. ക്യാമറ മനീഷ് മാധവൻ ആണ്. എഡിറ്റിങ് ലിജോ പോൾ.