തിരുവനന്തപുരം :സൂംബ, എയ്റോബിക് ഉള്‍പ്പെടെ വ്യായാമങ്ങള്‍ സ്ഥിരമായി നടപ്പാക്കാൻ നിർദേശിച്ച് സ്കൂള്‍ അക്കാദമിക് മാസ്റ്റർ പ്ലാൻ മാർഗരേഖ
ഏതാനും ദിവസം മുമ്ബ് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയില്‍ ചേർന്ന സംസ്ഥാന കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി യോഗം അംഗീകരിച്ച മാസ്റ്റർ പ്ലാനിലാണ് വിവാദങ്ങളെ തള്ളി, വിവിധ വ്യായാമങ്ങള്‍ കുട്ടികളെ പരിശീലിപ്പിക്കാൻ നിർദേശിക്കുന്നത്.
എല്ലാ കുട്ടികള്‍ക്കും പങ്കാളിത്തമുറപ്പാക്കി പൊതുപരിശീലന പരിപാടികള്‍ സംഘടിപ്പിക്കണമെന്ന് മാർഗരേഖ പറയുന്നു. എയ്റോബിക് പരിശീലനം, ആരോഗ്യബോധവത്കരണ പരിപാടികള്‍, ചടുല ചലനങ്ങളുള്ള കലാരൂപങ്ങളുടെ പരിശീലനം, സൈക്ലിങ് പരിശീലനം, ഓരോ നാട്ടിലെയും തനത് കായിക രൂപങ്ങളെ പരിചയപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യുക എന്നിങ്ങനെയാണ് നിർദേശം.
സ്കൂളുകളില്‍ ലഹരിവിരുദ്ധ ബോധവത്കരണ ഭാഗമായാണ് സൂംബ നൃത്തം അരങ്ങേറിയതെങ്കില്‍ ഒരു വർഷത്തേക്കുള്ള അക്കാദമിക് മാസ്റ്റർ പ്ലാൻ തയാറാക്കാനുള്ള മാർഗരേഖയിലാണ് വ്യായാമ പരിശീലനം സംബന്ധിച്ച പ്രത്യേക ഭാഗം ഉള്‍പ്പെടുത്തിയത്.