സ്‌കൂളുകളില്‍ സുംബ ഡാന്‍സ് നടപ്പാക്കുന്നതിനെതിരെ മുജാഹിദ് വിഭാഗത്തിന്റെ സംഘടനയായ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി.കെ അഷ്റഫ് ഉയര്‍ത്തിയ എതിര്‍പ്പ് സമസ്തയും മുസ്ലീംലീഗിന്റെ യുവജന സംഘടനയും ഏറ്റെടുത്തതോടെ കേരളത്തില്‍ ഒരു സമുദായ പ്രശ്‌നമായി സുംബ ഡാന്‍സ് മാറി.
‘ആണും പെണ്ണും കൂടിക്കലര്‍ന്ന് അല്‍പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തില്‍ തുള്ളുന്ന’ സൂംബാ ഡാന്‍സ് കളിക്കണമെന്ന നിര്‍ദേശം പാലിക്കാന്‍ തയാറല്ലെന്നും ഒരു അധ്യാപകനെന്ന നിലയില്‍ താന്‍ വിട്ടുനില്‍ക്കുകയാണെന്നും ഈ വിഷയത്തില്‍ ഏത് നടപടിയും നേരിടാന്‍ താന്‍ തയാറാണെന്നും അഷ്‌റഫ് ഫേസ്ബുക്കില്‍ കുറിച്ചതോടെ സമുദായ നേതാക്കള്‍ സുന്നി-മുജാഹിദ് തര്‍ക്കങ്ങള്‍ മറന്ന് വിഷയത്തില്‍ രൂക്ഷമായ പ്രതികരണങ്ങളുമായി ഇറങ്ങി.
സുംബ ധാര്‍മികതയ്ക്ക് എതിരെന്ന് സുന്നി വിഭാഗം
കുട്ടികള്‍ സ്‌കൂളുകളില്‍ പഠിക്കുമ്പോള്‍ ധാര്‍മികത നിലനിര്‍ത്തണം എന്നാഗ്രഹിക്കുന്ന ഒരു സമൂഹമുണ്ടെന്നും അവര്‍ക്ക് സുംബ ഡാന്‍സ് മാനസിക പ്രയാസമുണ്ടാകുമെന്നും സമസ്ത യുവജന വിഭാഗമായ എസ്.വൈ.എസിന്റെ നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പറഞ്ഞു.
സുംബ ഡാന്‍സ് എന്നത് ഒരു ഫിറ്റ്‌നസ് പ്രോഗ്രാമാണ്. സുംബ ഡാന്‍സ് 1990ന് ശേഷം കൊളംബിയന്‍ നൃത്തസംവിധായകന്‍ രൂപകല്‍പന ചെയ്ത പശ്ചാത്യ നൃത്ത സംഗീതം ഉള്‍പ്പെട്ട, സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചുചേര്‍ന്ന് ആടിപ്പാടിയുള്ള വിനോദമാണ്. ഇത് സ്‌കൂളിലാകെ ഒരു ആരോഗ്യ പദ്ധതിയായി വരുമ്പോള്‍ ചില കുട്ടികള്‍ അതില്‍നിന്ന് മാറി നില്‍ക്കുമ്പോള്‍ അവര്‍ക്ക് മാനസിക പ്രയാസമുണ്ടാകും.
കുട്ടികള്‍ സ്‌കൂളുകളില്‍ പഠിക്കുമ്പോള്‍ ധാര്‍മികത നിലനിര്‍ത്തണം എന്നാഗ്രഹിക്കുന്ന ഒരു സമൂഹമുണ്ട്. ഇത്തരം നൃത്തത്തില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നതില്‍ ചില രക്ഷിതാക്കള്‍ക്ക് താല്‍പര്യമില്ലെങ്കില്‍ ഇത് സ്‌കൂളുകളില്‍ നടപ്പാക്കേണ്ട കാര്യമെന്ത്? ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്നുള്ള ഒരു സംവിധാനമായിട്ടാണ് ഇന്റര്‍നെറ്റില്‍ ഇതേക്കുറിച്ച് പരിശോധിച്ചാല്‍ ലഭിക്കുന്ന വിവരം. അതില്‍ ബെല്ലി ഡാന്‍സിന്റെ ഭാഗങ്ങള്‍ വരെയുണ്ട്. കുട്ടികളെ ബെല്ലി ഡാന്‍സ് കളിപ്പിക്കാന്‍ ഇഷ്ടമല്ലെങ്കില്‍ അതിലൂടെ ഫിറ്റ്‌നസ് നടത്തണമെന്നത് അവര്‍ക്ക് അരോചകമായിരിക്കും. ഇത് നിര്‍ബന്ധമായി നടപ്പാക്കണം എന്ന് സര്‍ക്കാര്‍ പറഞ്ഞതായി അറിവില്ല. പക്ഷേ, ഇത് നടന്നുവന്നാല്‍ പിന്നീട് അതൊരു പൊതുവായ കാര്യമായി മാറും -അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പറഞ്ഞു.
സുംബ നടപ്പാക്കുന്നത് ഏകപക്ഷീയമായി: എംഎസ്എഫ്
അതേസമയം, സ്‌കൂളുകളിലേക്ക് സുംബ കൊണ്ടുവരുന്നത് എന്ത് പഠനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്. ഒരു ഗൂഢാലോചന ഇതിനുപിന്നില്‍ നടക്കുന്നു എന്ന അഭിപ്രായം ഞങ്ങള്‍ക്കുണ്ട്. സ്‌കൂളുകളില്‍ കായികാധ്യാപകരെ നിയമിക്കുകയാണ് വേണ്ടത്. ഏകപക്ഷീയമായ സര്‍ക്കാരിന്റെ തീരുമാനമാണിതെന്നും നവാസ് വിമര്‍ശിച്ചു.
‘കേരളത്തിന്റെ മുഖ്യമന്ത്രിക്ക് പോലും പദ്ധതിയെക്കുറിച്ച് ബോധമില്ല. കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തിനിടയില്‍ ഒരു പദ്ധതി കൊണ്ട് വരുമ്പോള്‍ ചര്‍ച്ച ചെയ്യണം. ടി കെ അഷ്‌റഫ് ഉള്‍പ്പെടെയുള്ള അധ്യാപകരുടെ അഭിപ്രായം സര്‍ക്കാര്‍ കേള്‍ക്കണമായിരുന്നു. ലഹരി വിഷയങ്ങളില്‍ വലിയ ആശങ്കയുണ്ട്. ലഹരിയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ എവിടെയാണ് നിലച്ചു പോയത്? സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി ഇടപെടുന്നില്ല’, നവാസ് പറഞ്ഞു.
നമ്മള്‍ പ്രാകൃത യുഗത്തിലല്ലെന്ന് ഓര്‍ക്കണം: മന്ത്രി ബിന്ദു
സുംബ ചെയ്യുന്നതില്‍ എന്താ തെറ്റെന്നും, കാലത്തിനനുസരിച്ച് എല്ലാവരും ചിന്തിക്കണമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു. നമ്മള്‍ 21-ാം നൂറ്റാണ്ടിന്റെ ആദ്യ പാദം പിന്നിടുകയാണ്. 2025 ആയി. 19-ാം നൂറ്റാണ്ടിലോ പ്രാകൃത മധ്യകാലത്തോ ഒന്നുമല്ലല്ലോ നില്‍ക്കുന്നത്. കാലത്തിനനുസരിച്ച് എല്ലാവരും ചിന്തിക്കണമെന്നും ആര്‍. ബിന്ദു പറഞ്ഞു.
കുട്ടികള്‍ സുംബ ചെയ്യുന്നത് അവര്‍ക്കും പൊതുസമൂഹത്തിനും വളരെ ഗുണകരമാണ് എന്നത് ഏത് ആള്‍ക്കും പ്രഥമദൃഷ്ട്യാ മനസ്സിലാകുന്ന കാര്യമാണ്. അത് ആരോഗ്യവുമായി ബന്ധപ്പെട്ടതാണ്. ശാരീരക ആരോഗ്യവും മാനസികാരോഗ്യവും ഉറപ്പാക്കാന്‍ കഴിയുന്നതാണ്. വളരെ ആഹ്ലാദപൂര്‍വം, ഉല്ലാസപൂര്‍വമാണ് സ്‌കൂള്‍ സമൂഹമാകെ അത് ഏറ്റെടുത്തിട്ടുള്ളത്. അതിലെന്താ തെറ്റെന്ന് മന്ത്രി ചോദിച്ചു.