ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് സ്‍കൂട്ടർ നിരത്തിലേക്ക്. ഫുൾ ചാർജ്ജിൽ 100 കിലോമീറ്റർ പായുന്ന നൈറ്റ് പ്ലസ്. ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന സ്റ്റാർട്ടപ്പായ സെലോ ഇലക്ട്രിക് ആണ് ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് സ്‍കൂട്ടർ അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ മിഡ് അല്ലെങ്കിൽ ഹൈ-റേഞ്ച് സ്‍കൂട്ടറുകളിൽ മാത്രം ലഭ്യമായിരുന്ന എല്ലാ സ്‍മാർട്ട് സവിശേഷതകളും കോർത്തിണക്കിയാണ് കമ്പനി നൈറ്റ് പ്ലസ്നെ പുറത്തിറക്കിയിരിക്കുന്നത്. കുറഞ്ഞ ബജറ്റിൽ മികച്ച പ്രകടനം. ശരാശരി ഇന്ത്യക്കാരുടെ മനസ്സറിഞ്ഞ സെലോ, ഇന്ത്യൻ വിപണിയിൽ നൈറ്റ് പ്ലസിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 59,990 രൂപയായി നിലനിർത്തിയിരിക്കുന്നു.
1.8kWh പോർട്ടബിൾ എൽഎഫ്‍പി ബാറ്ററിയാണ് നൈറ്റ് പ്ലസിന് കരുത്തു പകരുന്നത്. ഫുൾ ചാർജിൽ 100 കിലോമീറ്റർ പായുന്ന സ്കൂട്ടറിന്റെ പരമാവധി വേഗത മണിക്കൂറിൽ 55 കിലോമീറ്ററാണ്. ഹിൽ ഹോൾഡ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ഫോളോ-മി-ഹോം ഹെഡ്‌ലാമ്പുകൾ, യുഎസ്ബി ചാർജിംഗ് പോർട്ട്, നീക്കം ചെയ്യാവുന്ന ബാറ്ററി തുടങ്ങിയ സ്‍മാർട്ട് സവിശേഷതകൾ ജെല്ലോ ഇലക്ട്രിക് നൈറ്റ് പ്ലസിൽ നൽകിയിട്ടുണ്ട്. ഗ്ലോസി വൈറ്റ്, ഗ്ലോസി ബ്ലാക്ക്, ഡ്യുവൽ-ടോൺ ഫിനിഷ് എന്നിവയുൾപ്പെടെ 6 ആകർഷകമായ കളർ ഓപ്ഷനുകളിലാണ് സ്‍കൂട്ടർ എത്തുന്നത്.
2025 ഓഗസ്റ്റ് 20 മുതൽ സ്‍കൂട്ടറിന്റെ ഡെലിവറി ആരംഭിക്കും. രാജ്യത്തുടനീളമുള്ള സെലോ ഡീലർഷിപ്പുകളിൽ ഇതിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു. പ്രായോഗികതയ്ക്കും പ്രകടനത്തിനും പ്രാധാന്യം നൽകിക്കൊണ്ട് ദൈനംദിന ഉപയോഗത്തിനായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് സെലോയുടെ ബജറ്റ്-സൗഹൃദ ഇലക്ട്രിക് സ്കൂട്ടറുകൾ. സെലോ സൂപ്പ്, സെലോ സെയ്ദൻ, സെലോ സെയ്ദൻ പ്ലസ് എന്നീ മോഡലുകളും സെലോ ഇലക്ട്രിക് ഇന്ത്യൻ വിപണിക്കായി കാത്തുവെച്ചവയാണ്.