സംസ്ഥാനത്തെ ആരോഗ്യമേഖലയിലെ ഗുരുതരമായ അനാസ്ഥയില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപക പ്രതിഷേധം. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പത്തനംതിട്ടയിലെ വീട്ടിലേക്കും തിരുവനന്തപുരത്തെ ഓഫീസിലേക്കും ഔദ്യോഗിക വസതിയിലേക്കും പ്രതിപക്ഷസംഘടനകൾ മാർച്ച് നടത്തി. പത്തനംതിട്ടയിലെ വീട്ടിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ മാര്‍ച്ചിൽ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സര്‍ക്കാരിനെതിരെയും മന്ത്രി വീണാ ജോര്‍ജിനെതിരെയും പ്രതിഷേധങ്ങള്‍ തുടരുകയാണ്.
തിരുവനന്തപുരം, കൊല്ലം, എറണാകുളം, പാലക്കാട്, കണ്ണൂര്‍ തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജില്ലാഭരണ കേന്ദ്രങ്ങളിലേക്ക് പ്രതിഷേധ മാര്‍ച്ചും സമരവുമുണ്ടായി. എറണാകുളത്തും കണ്ണൂരും ഡിഎംഒ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തി. ബാരിക്കേഡ് തകര്‍ത്ത് ഡിഎംഒ ഓഫീസിലേക്ക് ചാടിക്കടന്നതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പല നേതാക്കളെയും അറസ്റ്റുചെയ്തു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
തിരുവനന്തപുരത്ത് പലതവണ ജലപീരങ്കി പ്രയോഗിച്ചു. മാര്‍ച്ചിനിടെ സംഘര്‍ഷമുണ്ടായതോടെ പോലീസ് ലാത്തിവീശി. കൊല്ലത്ത് പ്രവര്‍ത്തകരും പോലീസും തമ്മില്‍ കൈയാങ്കളിയുണ്ടായി. പോലീസിന്റെ ഇടപെടലുണ്ടായിട്ടും മിക്കയിടങ്ങളിലും പ്രവര്‍ത്തകര്‍ പിന്തിരിഞ്ഞുപോവാന്‍ തയ്യാറായിട്ടില്ല.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തലുകള്‍, കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകർന്നുവീണുണ്ടായ മരണം, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീപ്പിടിച്ച അത്യാഹിത വിഭാഗം ഇതുവരെ പ്രവര്‍ത്തനസജ്ജമാകാത്തത് തുടങ്ങി വിഷയങ്ങള്‍ ഉയര്‍ത്തി സംസ്ഥാന വ്യാപകമായി സര്‍ക്കാരിനെതിരേ പ്രതിഷേധമുയരുകയാണ്..
കഴിഞ്ഞദിവസമാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് തലയോലപ്പറമ്പ് സ്വദേശിനി ഡി. ബിന്ദു മരിച്ചത്. രോഗിയായ മകള്‍ക്ക് കൂട്ടിരിക്കാനെത്തിയ ഇവര്‍, കുളിക്കുന്നതിനായി ശുചിമുറിയില്‍ പോയ സമയത്താണ് കെട്ടിടഭാഗം നിലംപൊത്തിയത്.
കേരളത്തിലെ ആരോഗ്യമേഖല ലോകരാജ്യങ്ങൾക്ക് പോലും മാതൃകയാണെന്ന് ആവർത്തിക്കുന്നതിനിടെയാണ് ഇത്തരത്തിലുള്ള സംഭവ വികാസങൾ. ആരോഗ്യമേഖലയെ സിസറ്റം നന്നാക്കാൻ ആരോഗ്യമന്ത്രി മാറിയാൽ മതിയെന്ന നിലപാടിലാണ് പ്രതിപക്ഷ സംഘടനകൾ. ആരോഗ്യമന്ത്രി രാജിവെക്കുകയോ സർക്കാർ വിഷയത്തിൽ ഇടപെടുകയോ ചെയ്യുന്നത് വരെ പ്രതിഷേധപരിപാടികൾ തുടരാനാണ് പ്രതിപ്ഷ സംഘടനകളുടെ തീരുമാനം.