അവിവാഹിതയായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ. തൊടുപുഴ ഉടുമ്പന്നൂർ മലയിഞ്ചി തെങ്ങനാരക്കൽ വീട്ടിൽ ടി.ആർ. ബൈജുവാണ് അറസ്റ്റിലായത്. വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ് ഇയാൾ. മൂന്ന് വർഷം മുമ്പ് ഫെയ്സ്ബുക്കിലൂടെയാണ് ബൈജു യുവതിയുമായി അടുപ്പത്തിലായത്.
2022 മുതൽ 2025 മേയ് വരെയുളള കാലയളവിൽ വിവിധ ഇടങ്ങളിൽവെച്ച് യുവതിയെ പീഡിപ്പിച്ചു എന്നാണ് പരാതി. വിവാഹമോചിതനാണെന്നും യുവതിയെ വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്നും എന്നും വിശ്വസിപ്പിച്ചാണ് ഇയാൾ ബന്ധം ഉണ്ടാക്കിയെടുത്തത്. യുവതിയുടെ അമ്മയേയും ഇയാൾ സ്വാധീനിച്ചിരുന്നതായി തെളിവു ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
ആദ്യം തിരുവനന്തപുരം തമ്പാനൂരിലെ ലോഡ്ജിൽ എത്തിച്ചാണ് പീഡിപ്പിച്ചത്. പിന്നീട് ചെങ്ങന്നൂർ, കോഴഞ്ചേരി, തിരുവല്ല, ഇടുക്കി എന്നിവിടങ്ങളിലെ ലോഡ്ജുകളിലും പി ഡബ്ല്യു ഡി റെസ്റ്റ് ഹൗസുകളിലും യുവതിയെ എത്തിച്ചതായി തെളിവ് ലഭിച്ചു. കഴിഞ്ഞ ദിവസം തിരുവല്ല പോലീസിലാണ് യുവതി പരാതി നൽകിയത്. യുവതി പരാതി നൽകിയ കാര്യം അറിയാതെ തിരുവല്ലയിലെത്തിയ ബൈജുവിനെ ബസ്‌സ്റ്റാൻഡിൽ വെച്ച് പോലീസ് പിടികൂടുകയായിരുന്നു. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.