കൊച്ചി: കൊച്ചി മെട്രോ ട്രാക്കിൽ നിന്ന് ചാടിയ യുവാവ് മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശി നിസാറാണ് വടക്കേകോട്ട മെട്രോ സ്റ്റേഷനിലെ ട്രാക്കിൽ നിന്ന് റോഡിലേക്ക് ചാടുകയായിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ നിസാറിനെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പൊലീസുകാരും മെട്രോ ജീവനക്കാരും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് റോഡിലേക്ക് കുതിക്കുകയായിരുന്നു. ഫയർഫോഴ്സ് ഇയാളെ രക്ഷിക്കാൻ വലവിരിച്ചെങ്കിലും അതിൽ പതിക്കാത്ത രീതിയിലായിരുന്നു യുവാവ് താഴേക്ക് ചാടിയത്.
വടക്കേക്കോട്ട മെട്രോ സ്റ്റേഷനിലെത്തിയ നിസാർ ടിക്കറ്റെടുത്ത ശേഷം സ്റ്റേഷനുള്ളിലേക്ക് കയറി കുറച്ച് സമയം ആലുഴ ഭാഗത്തേക്കുള്ള മെട്രോ ട്രെയിൻ പോകുന്ന പ്ലാറ്റ്ഫോമിൽ കാത്തു നിന്ന ശേഷം ട്രാക്കിലേക്ക് ചാടുകയായിരുന്നു. ഇയാൾ ചാടിയത് ശ്രദ്ധയിൽപ്പെട്ട മെട്രോ ജീവനക്കാർ ട്രാക്കിലെ വൈദ്യൂതി ബന്ധം വിച്ഛേദിച്ച് നിസാറിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. നിസാര്‍ ട്രാക്കിലൂടെ ഏറെ ദൂരം മുന്നോട്ട് പോകുകയും പില്ലർ നമ്പർ 1013ന് അടുത്തെത്തി താഴെ റോഡിലേക്ക് ചാടുകയുമായിരുന്നു.