ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിൽ ഓസീസ് ഒന്നാമത്. ഇന്ത്യ അഞ്ചാം സ്ഥാനത്ത്

2025-27 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് തുടക്കമായി. നിലവില്‍ ഇന്ത്യ-ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ- വെസ്റ്റിന്‍ഡീസ്, ശ്രീലങ്ക-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരകളാണ് പുരോഗമിക്കുന്നത് . ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായതിനാല്‍ ഈ മത്സരങ്ങള്‍ ടീമുകള്‍ക്ക് നിര്‍ണായകമാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പുതുക്കിയ പോയന്റ് പട്ടിക പ്രസിദ്ധീകരിച്ചു.

വെസ്റ്റ് ഇൻഡിസിനെതിരായ ആദ്യ ടെസ്റ്റില്‍ ജയം സ്വന്തമാക്കിയ ഓസീസാണ് പട്ടികയില്‍ ഒന്നാമത്. ഇന്ത്യക്കെതിരേ ഒന്നാം ടെസ്റ്റില്‍ ജയം കരസ്ഥമാക്കിയ ഇംഗ്ലണ്ട് രണ്ടാമതും ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകൾ മൂന്നും നാലും സ്ഥാനങ്ങളിലുമാണ്. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ ആദ്യ മത്സരം സമനിലയില്‍ കലാശിച്ചെങ്കിലും രണ്ടാം ടെസ്റ്റില്‍ ജയിച്ചത് ലങ്കയ്ക്ക് തുണയായി.

ടെസ്റ്റ് പരമ്പരകളിലെ ആദ്യമത്സരങ്ങളില്‍ പരാജയപ്പെട്ട ഇന്ത്യ, വിന്‍ഡീസ് ടീമുകളാണ് അഞ്ചും ആറും സ്ഥാനങ്ങളില്‍. ഇംഗ്ലണ്ട് പര്യടനത്തില്‍ അഞ്ച് മത്സരങ്ങളാണുള്ളത്. അതിനാല്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ വിജയിച്ചാല്‍ ഇന്ത്യക്ക് പട്ടികയില്‍ മുന്നിലെത്താം. ന്യൂസിലന്‍ഡ്, പാകിസ്താന്‍, ദക്ഷിണാഫ്രിക്ക ടീമുകള്‍ ഒരു മത്സരവും കളിച്ചിട്ടില്ല. ഇത് ആദ്യ ഘട്ടത്തിലെ പോയന്റ് പട്ടിക മാത്രമാണ്. ടീമുകള്‍ക്ക് മുന്നിലെത്താന്‍ ഇനിയും നിരവധി മത്സരങ്ങളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *