തിരൂർ :ഒരു കോടി രൂപയും 125 പവനും തട്ടിയെടുത്ത് വഞ്ചിച്ചെന്ന കേസിൽ യുവതി അറസ്റ്റിലായി. പടിഞ്ഞാറെക്കര സ്വദേശിനി നായിക്കരുമ്പിൽ സജ്നയെന്ന ഷീനയെയാണ് തിരൂർ പോലീസിന്റെ പിടിയിലായത്. തിരൂർ സ്വദേശിയായ ആഷിക്കലിയുടെ പരാതിയിലാണ് നടപടി. ആഷിക്കലി തുടങ്ങാനിരുന്ന റൈസ് മിൽ ബിസിനസിൽ പാർട്ണറായി ചേരാമെന്ന് സജ്ന നേരത്തെ പറഞ്ഞിരുന്നു. ഇതിനുവേണ്ടി പണം നൽകാമെന്ന് പറഞ്ഞെങ്കിലും എന്തോ ചില നൂലാമാലകളിൽ പെട്ട് ട്രഷറിയിൽ നിന്ന് പണം എടുക്കാൻ ബുദ്ധിമുട്ടാണെന്നും അതിന്റെ ആവശ്യത്തിലേക്കായി ആദായ നികുതി വകുപ്പിലടക്കാൻ പണം വേണമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ആഷിക്കലിയിൽ നിന്ന് പലപ്പോഴായി ഒരു കോടിയോളം രൂപ കൈപ്പറ്റിയത്.
ഇടയ്ക്ക് രണ്ട് ദിവസത്തിനകം പണം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് 125 പവൻ സ്വർണം സ്വന്തമാക്കിയത്. പക്ഷേ ദിവസങ്ങൾ കഴിഞ്ഞിട്ടും പണമോ സ്വർണമോ തിരികെ നൽകിയില്ല. തുടർന്ന് പൊലീസിൽ പരാതി നൽകിയതോടെ ഇവർ ഒളിവിൽ പോയി. കഴിഞ്ഞ മൂന്ന് വർഷത്തോളമായി പല സ്ഥലങ്ങളിലായി ഇവർ ഒളിവിൽ കഴിയുകയായിരുന്നു. പാലക്കാട് ജില്ലയിൽ തന്നെയാണ് സജ്ന താമസിച്ചിരുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി മൂലയ്ക്കൽ എന്ന സ്ഥലത്ത് താമസിച്ചു വരുന്നതിനിടെയാണ് ഇവർ അറസ്റ്റിലാവുന്നത്. ആഷിക്കലിയെ മാത്രമല്ല മറ്റ് പലരെയും പണം വാങ്ങി വഞ്ചിച്ചിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇവർ പിടിയിലായതറിഞ്ഞ് നിരവധി പേർ പൊലീസിനെ സമീപിച്ചിട്ടുണ്ടെന്നും കൂടുതൽ പേർ പരാതി നൽകുകയാണെങ്കിൽ അതിനനുസരിച്ച് നടപടി സ്വീകരിക്കുമെന്നും അന്വേഷണ ഉദ്യോഗ്ഥർ വ്യക്തമാക്കി.