കോട്ടയം: പരാതികളും പരിഭവങ്ങളും ഉണ്ടെങ്കിലും കേരളാ കോൺഗ്രസ് എം എൽഡിഎഫിൽ ഉറച്ചു നിൽക്കാൻ തയ്യാറെടുപ്പുകളുമായി കേരളാ കോൺഗ്രസ് എം. ആത്മവിശ്വാസമില്ലാത്ത മുന്നണിയായി യുഡിഎഫ് മാറിയെന്നും അതിൻ്റെ ഭാഗമാണ് യു ഡി എഫ് കൺവീനർ അടൂർ പ്രകാശിൻ്റെ മുന്നണി വിപുലീകരണ പ്രസ്താവനയെന്നുമാണ് കേരളാ കോൺഗ്രസ് എം സെക്രട്ടേറിയറ്റിൻ്റെ വിലയിരുത്തൽ.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം യുഡിഎഫിനുള്ള രാഷ്ട്രീയ മാന്‍ഡേറ്റായി വിലയിരുത്താനാവില്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി പറഞ്ഞു. യുഡിഎഫിന് ആഴത്തില്‍ വേരുകളുള്ള മണ്ഡമാണ് നിലമ്പൂര്‍. ആ മണ്ഡലത്തിലെ ജനവിധി എല്‍ഡിഎഫിന്റെ തുടര്‍ഭരണ സാധ്യതയെ ഒരു കാരണവശാലും ബാധിക്കില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി.
പ്രാദേശിക തലത്തിൽ പാർട്ടിക്ക് വലിയ പ്രാധാന്യം എൽഡിഎഫിൽ ലഭിക്കുന്നില്ലെന്ന വിമർശനം നേതാക്കൾ യോഗത്തിൽ ഉന്നയിച്ചു. പ്രാദേശിക തലത്തിലെ പരിപാടികൾ അറിയിക്കാതെ കേരളാ കോൺഗ്രസ് എമ്മിനെ മാറ്റി നിർത്തുന്നു, അഭിപ്രായം തേടുന്നില്ല തുടങ്ങിയ വിമർശനങ്ങളാണ് ഉയർന്നത്. ഇക്കാര്യങ്ങൾ എൽഡിഎഫ് നേതൃത്വത്തെ അറിയിക്കാനും സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ക്കുള്ള രാഷ്ട്രീയ അര്‍ഹതയുണ്ട്. ഇത് സംബന്ധിച്ച് അതത് ജില്ലകളിലെ എല്‍ഡിഎഫ് നേതൃത്വവുമായി ചര്‍ച്ചചെയ്യുന്നതിന് പാര്‍ട്ടി ജില്ലാപ്രസിഡന്റുമാരെ ചുമതലപ്പെടുത്തി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രാദേശികമായി നടന്ന തയ്യാറെടുപ്പുകള്‍ സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനായി വാര്‍ഡുകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം ശക്തമാക്കും. ഇതിനായി പഞ്ചായത്ത് തലത്തില്‍ പാര്‍ട്ടി സംസ്ഥാന ജില്ലാ ഭാരവാഹികള്‍ക്ക് പ്രത്യേക ചുമതലകള്‍ നല്‍കും. പാര്‍ട്ടി പ്രവര്‍ത്തക ഫണ്ട് ശേഖരണം സംബന്ധിച്ച പ്രവര്‍ത്തനങ്ങളും യോഗം വിലയിരുത്തി.