ഹിന്ദി-ചിനി ഭായ്-ഭായ്; ഇന്ത്യ ചൈനയ്ക്കു കൈ കൊടുക്കുമ്പോള്‍..!

യുഎസിന്റെ തീരുവ ‘യുദ്ധ’ത്തിനെതിരെ ചൈനയുമായി സഹകരിച്ച് പോരാടാനാണ് ഇന്ത്യയുടെ തീരുമാനം. ഗാല്‍വാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് തകര്‍ന്ന ചൈനയുമായുള്ള ബന്ധം പുനഃസ്ഥാപിക്കുകയാണ് ഇന്ത്യ. ചൈനയും ഇന്ത്യക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്.

വിമാന സര്‍വീസ് പുനഃരാരംഭിക്കും

ഇന്ത്യയും ചൈനയും തമ്മില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ അടുത്ത മാസം പുനരാരംഭിക്കും. ചൈനയിലേക്ക് വിമാന സര്‍വീസുകള്‍ വീണ്ടും തുടങ്ങാന്‍ വ്യോമയാന കമ്പനികള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡിനെ തുടര്‍ന്ന് ഇന്ത്യ-ചൈന വിമാന സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഗാല്‍വാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയോടു പ്രതികൂല നിലപാട് സ്വീകരിച്ച ഇന്ത്യ വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നതില്‍ പിന്നീട് നടപടിയൊന്നും എടുത്തില്ല. ചൈനീസ് പൗരന്മാര്‍ക്കു വിനോദസഞ്ചാരത്തിനായുള്ള വീസ അനുവദിക്കുന്നതില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കിയതിനു പിന്നാലെയാണ് ഇപ്പോള്‍ വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കാനുള്ള ഇന്ത്യന്‍ തീരുമാനം.

യൂറിയ കയറ്റുമതി നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ ചൈന

ഇന്ത്യയിലേക്കുള്ള യൂറിയ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ചൈന ലഘൂകരിച്ചതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈന നിയന്ത്രണങ്ങള്‍ കടുപ്പിച്ചതിനു ശേഷം ഇന്ത്യ ഇറക്കുമതി ചെയ്യുന്ന യൂറിയയുടെ അളവില്‍ വലിയ കുറവ് രേഖപ്പെടുത്തിയിരുന്നു. 2023-24ല്‍ 18.7 ലക്ഷം ടണ്‍ യൂറിയയാണ് ചൈനയില്‍നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തത്. എന്നാല്‍, 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇത് ഒരു ലക്ഷം ടണ്‍ യൂറിയയായി കുറഞ്ഞു.

മോദിക്ക് ഊഷ്മള സ്വീകരണമൊരുക്കാന്‍ ചൈന

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈന സന്ദര്‍ശനം ഇന്ത്യ-ചൈന ബന്ധം കൂടുതല്‍ ദൃഢമാക്കുമെന്നാണ് കരുതുന്നത്. ഷാങ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഓഗസ്റ്റ് 31 നാണ് മോദി ചൈനയിലേക്ക് തിരിക്കുക. ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായി ഇന്ത്യന്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. 2019 നു ശേഷമാണ് നരേന്ദ്ര മോദിയുടെ ചൈന സന്ദര്‍ശനം. മോദിയുടെ സന്ദര്‍ശനത്തെ ചൈന സ്വാഗതം ചെയ്തു.

ചൈന-ഇന്ത്യ ബന്ധം ശക്തമാകാന്‍ കാരണം ട്രംപിന്റെ തീരുവ നയം

ട്രംപിന്റെ ഇറക്കുമതി തീരുവ നയമാണ് ചൈന-ഇന്ത്യ ബന്ധം വീണ്ടും ശക്തിപ്പെടുന്നതിലേക്ക് വഴി വെച്ചത്. റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതാണ് ഇന്ത്യക്കെതിരായ ട്രംപിന്റെ അധിക തീരുവയ്ക്കു കാരണം. റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ തുടര്‍ന്നതോടെ 25 ശതമാനം ആയിരുന്ന ഇറക്കുമതി തീരുവ 25 ശതമാനം കൂടി വര്‍ധിപ്പിച്ച് 50 ശതമാനമാക്കിയിരിക്കുകയാണ് ട്രംപ്. ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താത്തപക്ഷം ചര്‍ച്ചയില്ലെന്നാണ് ട്രംപിന്റെ നിലപാട്.

തീരുവ ‘യുദ്ധ’ത്തില്‍ ഇന്ത്യയെ പിന്തുണയ്ക്കുന്ന നിലപാടിലാണ് ചൈന. ട്രംപിന്റെ താരിഫ് നയം രാജ്യാന്തര ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൈന തുറന്നടിച്ചു. ചൈനയുമായുള്ള ഇന്ത്യയുടെ നയതന്ത്രബന്ധം അത്ര നല്ല നിലയിലല്ല. എങ്കിലും യുഎസിനെതിരായ പോരാട്ടത്തില്‍ ചൈനയുടെ സഹായം ലഭിക്കുന്നത് നല്ലതാണെന്ന നിലപാടിലാണ് ഇന്ത്യയും. ഇന്ത്യയെ പോലെ ചൈനയും റഷ്യന്‍ എണ്ണ വാങ്ങുന്നുണ്ട്. ഇന്ത്യക്കെതിരെ യുഎസ് നടത്തിയതിനു സമാനമായ ‘തീരുവ ചുമത്തല്‍’ തങ്ങള്‍ക്കെതിരെയും വരുമോയെന്നാണ് ചൈന ആശങ്കപ്പെടുന്നത്. ഇന്ത്യയ്ക്കുമേല്‍ ചുമത്തിയ തീരുവയ്ക്കും പിഴയ്ക്കും സമാനമായ നടപടി ചൈനയ്ക്കെതിരെ ഉടന്‍ ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ചൈന ഇന്ത്യക്ക് പൂര്‍ണ പിന്തുണ നല്‍കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *