ബിജെപി സര്‍ക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ ഗുരുതര ആരോപണങ്ങളാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പിന്തുണയോടെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപി ശ്രമിച്ചെന്നാണ് രാഹുലിന്റെ ആരോപണം.
മഹാദേവപുര മണ്ഡലവും രാഹുലിന്റെ ആരോപണങ്ങളും
കഴിഞ്ഞ ആഴ്ച രാഹുല്‍ ഗാന്ധി പറഞ്ഞത് തന്റെ കൈയില്‍ ഒരു ‘ആറ്റം ബോംബ്’ തെളിവ് ഉണ്ടെന്നാണ്. ഒരാഴ്ചയ്ക്കു ശേഷം ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം വിളിച്ച് രാഹുല്‍ ഗാന്ധി ഇതുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്തുവിട്ടു. ബെംഗളൂരു സെന്‍ട്രല്‍ ലോക്‌സഭാ സീറ്റിലെ മഹാദേവപുര മണ്ഡലത്തിലെ കണക്കുകളാണ് രാഹുല്‍ പുറത്തുവിട്ടത്. വ്യാജ മേല്‍വിലാസത്തില്‍ അടക്കം ഒരു ലക്ഷത്തോളം കള്ളവോട്ടുകള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് രാഹുലിന്റെ ആരോപണം. തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും തമ്മില്‍ അന്തര്‍ധാരയുണ്ടെന്നും രാഹുല്‍ തുറന്നടിച്ചു.
രാഹുല്‍ ഉയര്‍ത്തിക്കാട്ടിയ കണക്കുകള്‍
ബെംഗളൂരു സെന്‍ട്രല്‍ ലോക്‌സഭാ സീറ്റില്‍ കോണ്‍ഗ്രസിനു 6,26,208 വോട്ടുകളാണ് ലഭിച്ചത്. ബിജെപിക്ക് കിട്ടിയത് 6,58,915 വോട്ടുകള്‍. ബിജെപിയുടെ ജയം 32,707 വോട്ടുകള്‍ക്ക്. ഈ ലോക്‌സഭാ മണ്ഡലത്തിനു കീഴില്‍ വരുന്ന മഹാദേവപുര നിയമസഭാ മണ്ഡലത്തില്‍ 1,00,250 വോട്ടുകള്‍ കൃത്രിമമായി രേഖപ്പെടുത്തിയതാണെന്ന് രാഹുല്‍ ആരോപിച്ചു.
11,965 ഇരട്ട വോട്ടുകള്‍ (ഒരാള്‍ തന്നെ രണ്ട് വോട്ടുകള്‍ ചെയ്യുന്നത്), 40,009 വോട്ടുകള്‍ വ്യാജമായതോ അസാധുവായതോ ആയ വിലാസങ്ങളില്‍ നിന്ന്, 10,452 വോട്ടുകള്‍ കൃത്രിമ മേല്‍വിലാസം ഉപയോഗിച്ച്, അസാധുവായ ചിത്രങ്ങള്‍ ഉപയോഗിച്ച് 4,132 വോട്ടുകള്‍ എന്നിങ്ങനെയാണ് ‘വോട്ട് മോഷണം’ നടന്നിരിക്കുന്നതെന്ന് രാഹുല്‍ ആരോപിക്കുന്നു.
ആരോപണങ്ങള്‍ എന്തടിസ്ഥാനത്തില്‍?
മഹാദേവപുര നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍മാരുടെ ഡാറ്റ കോണ്‍ഗ്രസ് സൂക്ഷ്മമായി പരിശോധിച്ചതില്‍ നിന്നാണ് ഈ ആരോപണങ്ങളെന്ന് രാഹുല്‍ അവകാശപ്പെടുന്നു. മഹാദേവപുര മണ്ഡലം പോലെ മറ്റു മണ്ഡലങ്ങളിലും ഈ തിരഞ്ഞെടുപ്പ് അട്ടിമറി നടന്നിട്ടുണ്ടെന്നാണ് രാഹുലിന്റെ വാദം. 33,000 വോട്ട് ഭൂരിപക്ഷത്തില്‍ കുറവിന് 25 സീറ്റുകളില്‍ ബിജെപി ജയിച്ചിട്ടുണ്ട്. മഹാദേവപുരം മോഡലില്‍ 25 സീറ്റുകള്‍ ‘കള്ളവോട്ട്’ വഴി പിടിച്ചെടുക്കാന്‍ ബുദ്ധിമുട്ടില്ലെന്നും രാഹുല്‍ ആരോപിക്കുന്നു.