വാഹനങ്ങളുടെ ജിഎസ്ടി ഘടനയിൽ കേന്ദ്രസർക്കാർ അഴിച്ചുപണി നടത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. 75ാം സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെ ദീപാവലി സമ്മാനമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജിഎസ്ടി പരിഷ്കരണത്തിന്റെ ഭാഗമാണിത്. പുതിയ തരം തിരിവ് നിർദ്ദേശം വാഹനങ്ങളുടെ എഞ്ചിൻ ശേഷിയുടെ അടിസ്ഥാനത്തിലായിക്കും എന്നും ചെറിയ കാറുകളുടെ നികുതി നിരക്കുകൾ കുറയാൻ ഇത് വഴിയൊരുക്കുമെന്നും ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി പ്രോഫിറ്റ് റിപ്പോർട്ട് ചെയ്തു.
നിർദ്ദിഷ്ട ഘടന പ്രകാരം കാറുകളെ രണ്ട് വിഭാഗങ്ങളായി തിരിക്കും. 1200 സിസിയിൽ താഴെ എഞ്ചിനുള്ള ചെറിയ കാറുകൾ ഒരു വിഭാഗവും 1200 സിസിക്ക് മുകളിൽ എഞ്ചിൻ ശേഷിയുള്ള വലിയ കാറുകൾ ഉയർന്ന നികുതിയുള്ള രണ്ടാമത്തെ വിഭാഗമായും ഉൾപ്പെടുത്തും. ഈ പരിഷ്കരണം നടപ്പിലാക്കിയാൽ നിലവിൽ 28 ശതമാനം ജിഎസ്ടിയും ബാധകമായ സെസ്സും ചേർന്ന നിരക്കിൽ നിന്ന് 18 ശതമാനമായി ചെറിയ കാറുകളുടെ നികുതി കുറയാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ എൻട്രി ലെവൽ വിഭാഗത്തിലെ കാറുകളുടെ ഡിമാൻഡ് വർധിപ്പിക്കാൻ സാധ്യതയുണ്ട്.
കോംപാക്ട് എസ്യുവികൾ, ഹാച്ച്ബാക്കുകൾ, ചെറിയ സെഡാനുകൾ എന്നിവയാണ് നിലവിൽ ഉയർന്ന നിരക്കായ 28 ശതമാനം ജിഎസ്ടിയുടെ കീഴിൽ വരുന്ന എൻട്രി ലെവൽ വാഹനങ്ങൾ. ഇതിൽ മാറ്റം വരുത്തിയേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. ജിഎസ്ടി പരിഷ്‌കാരങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന മന്ത്രിതല സമിതിയുടെ കൂടുതൽ ചർച്ചകൾക്ക് ശേഷമായിരിക്കും ഈ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കുക. ഈ ആഴ്ചയിൽ തന്നെ സമിതി യോഗം ചേരുമെന്നാണ് പ്രതീക്ഷ.
നിലവിലുള്ള നാല് സ്ലാബ് ഘടന 5 ശതമാനവും 18 ശതമാനവും എന്ന രണ്ട് പ്രാഥമിക നിരക്കുകളായി കുറയ്ക്കാനും ആഡംബര, മദ്യം തുടങ്ങിയ സിൻ ഗുഡ്സിന് പ്രത്യേക 40 ശതമാനം സ്ലാബ് ഏർപ്പെടുത്താനും കേന്ദ്ര സർക്കാർ ആലോചിച്ചുവരികയാണ്. നിലവിൽ 12 ശതമാനം നികുതി ചുമത്തുന്ന ഭൂരിഭാഗം ഇനങ്ങളും 5 ശതമാനമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്, അതേസമയം 28 ശതമാനം സ്ലാബിലുള്ള വീട്ടുപകരണങ്ങൾ ഉൾപ്പെടെയുള്ള 90 ശതമാനം സാധനങ്ങളും 18 ശതമാനത്തിലേക്ക് മാറും.