മിനിമം ഗ്യാരണ്ടി ഡയറക്ടറായ ലോകേഷ് കനകരാജിനൊപ്പം തലൈവര്‍ രജനികാന്ത് ഒന്നിക്കുമ്പോള്‍ പ്രതീക്ഷകള്‍ വാനോളമായിരുന്നു. തമിഴില്‍ നിന്ന് ആദ്യ 1000 കോടി പിറക്കുമെന്ന് പോലും ആരാധകര്‍ കരുതി. എന്നാല്‍ ആദ്യ ഷോകള്‍ പൂര്‍ത്തിയായപ്പോള്‍ ‘കൂലി’യുടെ ഗ്രാഫും താഴ്ന്നു !
സമ്മിശ്ര പ്രതികരണങ്ങള്‍
കേരളത്തിലും കര്‍ണാടകയിലും പുലര്‍ച്ചെ ആറിനായിരുന്നു ആദ്യ ഷോ. തമിഴ്നാട്ടില്‍ ആദ്യ ഷോ ആരംഭിച്ചത് രാവിലെ ഒന്‍പതിന്. ആരാധകര്‍ തള്ളിക്കയറിയ ആദ്യ ഷോയ്ക്കു ശേഷം സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിനു ലഭിച്ചത്. കേരളത്തില്‍ കൂടുതല്‍ പ്രതികരണങ്ങളും ശരാശരിയോ ശരാശരിക്ക് തൊട്ടുമുകളിലോ എന്ന രീതിയിലായിരുന്നു.
ആദ്യ ഷോയ്ക്കു ശേഷം ഒരു മലയാളി സോഷ്യല്‍ മീഡിയയില്‍ രേഖപ്പെടുത്തിയ അഭിപ്രായം ഇങ്ങനെ, ‘ കൂലിയുടെ പോസിറ്റീവ് സൈഡുകള്‍ രജനികാന്തും ലോകേഷും മാത്രമാണ്. രജനിയുടെ സ്ക്രീന്‍ പ്രസന്‍സും ലോകേഷിന്റെ തരക്കേടില്ലാത്ത സംവിധാനവും ചിത്രത്തെ കണ്ടിരിക്കാവുന്നതാക്കുന്നു. അപ്പോഴും ലോകേഷ് കനകരാജ് സിനിമകളില്‍ ഏറ്റവും താഴെയായിരിക്കും കൂലിയുടെ സ്ഥാനം. തിരക്കഥയുടെ ബലമില്ലായ്മയാണ് ചിത്രത്തെ പിന്നോട്ടുവലിച്ചത്. സിനിമാറ്റിക് എക്സ്പീരിയന്‍സ് നോക്കുമ്പോള്‍ ജയിലറിനും താഴെ’
പ്രേക്ഷകരുടെ സമ്മിശ്ര പ്രതികരണങ്ങള്‍ ‘കൂലി’യുടെ ബോക്സ്ഓഫീസിനെയും ബാധിക്കുമെന്ന് ഉറപ്പായി. റിലീസിനു മുന്‍പ് ‘കത്തിക്കയറിയ’ കേരള ബുക്കിങ് ആദ്യ പ്രതികരണങ്ങള്‍ക്കു ശേഷം ശരവേഗത്തില്‍ കൂപ്പുകുത്തി.
‘വിക്രം’ ബാധ്യത !
ലോകേഷിന്റെ ഏറ്റവും മികച്ച സിനിമാറ്റിക് എക്സ്പീരിയന്‍സ് ‘വിക്രം’ ആണെന്ന് പ്രേക്ഷകര്‍ അവകാശപ്പെടുന്നു. വിക്രത്തിനൊപ്പമോ വിക്രത്തിനു മുകളിലേക്കോ പോകാന്‍ കഴിയാത്തതാണ് ‘കൂലി’ നേരിടുന്ന പ്രധാന പ്രതിസന്ധി. വിക്രം പോലെ പ്രേക്ഷകരെ ഇമോഷണലി ഹൂക്ക് ചെയ്യാനും രോമാഞ്ചമുണ്ടാക്കാനും കൂലിക്ക് സാധിച്ചിട്ടില്ലെന്നാണ് പൊതുഅഭിപ്രായം. തിരക്കഥയാണ് ‘കൂലി’ക്ക് വില്ലനായത്. പ്രേക്ഷകര്‍ക്ക് ഹൈ മൊമന്റം നല്കുന്നതില് കൂലി പരാജയപ്പെട്ടു. തിരക്കഥ വളരെ ഫ്ളാറ്റായി പോയെന്നും വലിയ പ്രതീക്ഷയുമായി തിയറ്ററില്‍ കയറിയാല്‍ നിരാശപ്പെടേണ്ടി വരുമെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു.
കാമിയോ റോളുകളും ‘ഇംപാക്ട്’ ഉണ്ടാക്കിയില്ല
വിക്രം ഇത്ര വലിയ വിജയമാകാന്‍ പ്രധാന കാരണം സൂര്യയുടെ ‘റോളക്സ്’ എന്ന കാമിയോ കഥാപാത്രമാണ്. തിയറ്ററില്‍ ആ കഥാപാത്രം ഉണ്ടാക്കിയ ഓളം ചെറുതല്ല. ഇതേ രീതിയിലാണ് ആമിര്‍ ഖാനെ കൂലിയില്‍ കൊണ്ടുവന്നത്. എന്നാല്‍ ആമിര്‍ ഖാന്റെ കഥാപാത്രവും വലിയ ഇംപാക്ട് ഉണ്ടാക്കിയില്ലെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. തിയറ്ററില്‍ അല്‍പ്പമെങ്കിലും ചലനമുണ്ടാക്കിയത് ഉപേന്ദ്രയുടെ കാമിയോ വേഷമാണെന്നും പ്രേക്ഷകര്‍ പറയുന്നു.
മുടക്കുമുതല്‍ തിരിച്ചുപിടിക്കുമോ?
‘കൂലി’ ബോക്സ്ഓഫീസില്‍ ലാഭമാകുമോ എന്ന കാര്യത്തില്‍ ആദ്യദിവസത്തെ പ്രതികരണങ്ങള്‍ അത്ര അനുകൂലമല്ല. ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ രജനികാന്തിനു 150-250 കോടി പ്രതിഫലം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. നാഗാര്‍ജുന 24-30 കോടി, ശ്രുതി ഹാസന് നാല് കോടി, സത്യരാജ് അഞ്ച് കോടി, ഉപേന്ദ്ര നാല് കോടി, സൗബിന് ഷാഹിര്‍ ഒരു കോടി, സംവിധായകന് ലോകേഷ് കനകരാജ് 50 കോടി എന്നിങ്ങനെയാണ് പ്രതിഫലം കൈപറ്റിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആമിര്‍ ഖാന് പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചതെന്നാണ് വിവരം. അഭിനേതാക്കളുടെയും സംവിധായകന്റെയും പ്രതിഫലം മാത്രം നോക്കിയാല്‍ 300 കോടിക്ക് അടുത്ത് വരും. ഇത് കൂടാതെയാണ് ചിത്രത്തിന്റെ മറ്റു ചെലവുകള്‍. ആദ്യദിവസത്തെ ബോക്സ്ഓഫീസ് പ്രതികരണം വെച്ച് ‘കൂലി’ മുടക്കുമുതല്‍ തിരിച്ചുപിടിക്കുമോ എന്ന കാര്യം സംശയമാണ്.