ബെംഗളൂരു: കർണാടകയിൽ നിന്നുള്ള വോട്ട് മോഷണത്തിന് കൃത്യമായ തെളിവ് ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഭരണഘടനയെ ആക്രമിച്ച് രക്ഷപ്പെടാമെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, കുറച്ചു സമയമെടുത്തിട്ടായാലും ഞങ്ങൾ നിങ്ങളെ പിടികൂടും. നിങ്ങൾ ഭരണഘടനയെ ലക്ഷ്യം വച്ചാൽ, ഞങ്ങൾ നിങ്ങളെ ലക്ഷ്യം വയ്ക്കും എന്നും രാഹുൽ പറഞ്ഞു. 2024 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ നടന്നതായി ആരോപിക്കപ്പെടുന്ന വോട്ട് ചോർച്ചയ്‌ക്കെതിരെ ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ പ്രതിഷേധ റാലിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഞങ്ങൾ ഭരണഘടനയെ സംരക്ഷിക്കാൻ ശ്രമിച്ചു. മഹാത്മാഗാന്ധി, നെഹ്‌റു, അംബേദ്കർ എന്നിവരുടെ ചിന്തകളും ബസവണ്ണ, ഫൂലെ, നാരായണ ഗുരു എന്നിവരുടെ ചിന്തകളും ഭരണഘടനയിലുണ്ട്. ഈ പുസ്തകത്തിന്റെ അടിസ്ഥാനം “ഒരു മനുഷ്യൻ, ഒരു വോട്ട്” എന്നതാണ്. ഈ ഭരണഘടന ഓരോ പൗരനും ഒരു വോട്ടിനുള്ള അവകാശം നൽകുന്നു. എന്നിരുന്നാലും, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേതാക്കളും പ്രധാനമന്ത്രി മോദിയും ഭരണഘടനെയെ ആണ് ആക്രമിച്ചത്.
ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് നടന്നു. മഹാരാഷ്ട്രയിൽ നമ്മുടെ മഹാസഖ്യം ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ, നാല് മാസങ്ങൾക്ക് ശേഷം, അവിടെ ബിജെപി വിധാൻസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു കോടി പുതിയ ആളുകൾ വോട്ട് ചെയ്തതായി ഞങ്ങൾ കണ്ടെത്തി. ഈ വോട്ടർമാർ ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തിരുന്നില്ല. തൽഫലമായി, ഈ നിയമസഭാ മണ്ഡലങ്ങളിൽ ഓരോന്നിലും ബിജെപി വിജയിച്ചു- റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുൽ പറഞ്ഞു.
തിരഞ്ഞെടുപ്പുകൾ വരും പോകും, പക്ഷേ നമ്മൾ തിരഞ്ഞെടുപ്പ് പ്രക്രിയയെ സംരക്ഷിക്കണമെന്നു റാലിയിൽ പങ്കെടുത്തുകൊണ്ട് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. എന്റെ ജീവിതത്തിൽ 12 തിരഞ്ഞെടുപ്പുകളിൽ ഞാൻ വിജയിച്ചു. പക്ഷേ 2019 ൽ ഒരു തിരഞ്ഞെടുപ്പിൽ മാത്രമേ ഞാൻ തോറ്റിട്ടുള്ളൂ. കോൺഗ്രസിനെ ലക്ഷ്യം വച്ചും നമ്മളെ പരാജയപ്പെടുത്താൻ വേണ്ടിയും കള്ളവോട്ട് നടന്നിട്ടുണ്ടെന്ന് ഞാൻ അന്ന് പറഞ്ഞിരുന്നു ഖാർഗെ കൂട്ടിച്ചേർത്തു.
മോദിയും കൂട്ടരും തിരഞ്ഞെടുപ്പിൽ വിജയിച്ചില്ല. നമ്മുടെ ഇന്നത്തെ പ്രധാനമന്ത്രി ജനങ്ങളുടെ പിന്തുണയില്ലാത്ത ഒരു നേതാവാണ്. അവരെ അധികാരത്തിൽ നിന്ന് താഴെയിറക്കുക മാത്രമല്ല, അവരെ ഒരു പാഠം പഠിപ്പിക്കുക കൂടിയാണ് ലക്ഷ്യം. തിങ്കളാഴ്ച, എല്ലാ എംപിമാരും ഡൽഹിയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് മാർച്ച് ചെയ്ത് ഒരു മെമ്മോറാണ്ടം സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മെമ്മോറാണ്ടം സമർപ്പിക്കുന്നതിനായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലേക്ക് മാർച്ച് നടത്തും. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, മറ്റു മന്ത്രിമാർ എന്നിവർ റാലിയിൽ പങ്കെടുത്തു.
നരേന്ദ്ര മോദി 25 സീറ്റുകളുടെയും 34,000 വോട്ടുകളുടെയും ഭൂരിപക്ഷത്തിൽ പ്രധാനമന്ത്രിയായി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഡാറ്റ ലഭിച്ചാൽ, വോട്ട് മോഷണത്തിലൂടെയാണ് മോദി പ്രധാനമന്ത്രിയായതെന്ന് നമുക്ക് തെളിയിക്കാൻ കഴിയും.കർണാടകയിൽ ഞങ്ങൾ കണ്ടെത്തിയ ഡാറ്റ അവർ നടത്തിയ കുറ്റകൃത്യത്തിന്റെ തെളിവാണ്. ഒരു സീറ്റിനെക്കുറിച്ചുള്ള സത്യം കണ്ടെത്താൻ ഞങ്ങൾക്ക് ആറ് മാസമെടുത്തു.
കഴിഞ്ഞ 10 വർഷത്തെ വോട്ടർമാരുടെ വിവരങ്ങൾ ഇലക്ട്രോണിക് രൂപത്തിൽ, പോളിംഗ് ബൂത്തുകളിൽ നിന്നുള്ള വീഡിയോ തെളിവുകൾ സഹിതം കമ്മീഷൻ നൽകണം. വിവരങ്ങൾ നൽകാൻ അവർ വിസമ്മതിക്കുകയാണെങ്കിൽ, അവർ ഒരു കുറ്റകൃത്യം മറച്ചുവെക്കുകയും ബിജെപിയെ തിരഞ്ഞെടുപ്പ് മോഷണത്തിന് സഹായിക്കുകയും ചെയ്യുന്നു എന്നതാണ് മനസിലാക്കേണ്ടത്.
രാജ്യത്തെ വോട്ടർ പട്ടിക ഇലക്ട്രോണിക് രൂപത്തിലും വീഡിയോഗ്രാഫിക് റെക്കോർഡുകളിലും നൽകണമെന്നാണ് ഞങ്ങളുടെ ആവശ്യം. കർണാടകയിലെ ഒരു സീറ്റിൽ മാത്രമല്ല, ഇന്ത്യയിലുടനീളം വോട്ട് മോഷണം തെളിയിക്കാൻ ഞങ്ങൾ അത് ഉപയോഗിക്കും എന്നും നേതാക്കൾ പറഞ്ഞു.
ബിജെപിയുടെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും നേതൃത്വത്തിൽ ഒരു ലക്ഷം വോട്ടുകൾ മോഷ്ടിച്ചതായി രാഹുൽ പറഞ്ഞു.
വോട്ട് മോഷ്ടിക്കാനുള്ള അഞ്ച് വഴികൾ രാഹുൽ പട്ടികയായി നിരത്തി. ഡ്യൂപ്ലിക്കേറ്റ് വോട്ടർമാർ – 12,000 വോട്ടർമാർ. വ്യാജമോ അസാധുവായതോ ആയ വിലാസം – 40,000 വോട്ടർമാർ. ഒരേ വിലാസത്തിൽ ബൾക്ക് വോട്ടർമാർ – 10,400 വോട്ടർമാർ. അസാധുവായ ഫോട്ടോകൾ – 4,000 വോട്ടർമാർ. ഫോം 6 ന്റെ ദുരുപയോഗം – 33,600 വോട്ടർമാർ. ഈ നിലയിൽ കൃതിമത്വം കാണിച്ചാണ് മോദി സർക്കാർ അധികാരത്തിൽ തുടരുന്നതെന്ന് രാഹുൽ ആരോപിച്ചു.