മോഹന്‍ലാലിന്റെ മകള്‍ വിസ്മയ സിനിമയിലേക്ക്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ എന്നചിത്രത്തിലാണ് വിസ്മയ നായികയായി എത്തുന്നത്. ചിത്രത്തില്‍ ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആഷിഷ് ആന്റണി ഒരു പ്രധാന വേഷത്തില്‍ എത്തും. മോഹന്‍ലാല്‍ ഈ സിനിമയില്‍ ഒരു പ്രധാന വേഷത്തിലെത്തുമെന്നും സൂചനയുണ്ട്.
ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവച്ചു കൊണ്ട് ആന്റണി പെരുമ്പാവൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു: ‘എന്റെ പ്രിയപ്പെട്ട മായക്കുട്ടിക്ക്, എല്ലാ പ്രാര്‍ഥനകളും. ഒരു മികച്ച തുടക്കം നേരുന്നു. ആള്‍ ദി ബെസ്റ്റ് മായക്കുട്ടി’.

മോഹന്‍ലാല്‍ സംവിധായകനായ ബറോസ് എന്ന സിനിമയില്‍ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട് വിസ്മയ. എഴുത്തുകാരി എന്ന നിലയില്‍ അറിയപ്പെടുന്ന വിസ്മയ തായ് ആയോധന കലയിലും പ്രാവീണ്യം നേടിയിട്ടുണ്ട്.
മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യാനുള്ള ആഗ്രഹം ജൂഡ് ആന്റണി പലവട്ടം വെളിപ്പെടുത്തിയിട്ടുണ്ട്. ജൂഡ് ആന്റണി സംവിധാനം ചെയ്ത 2018ന്റെ കളക്ഷന്‍ റെക്കോഡ് എമ്പുരാന്‍ മറികടന്നപ്പോള്‍ മോഹന്‍ലാല്‍ ചിത്രത്തിലൂടെ ഈ റെക്കോഡ് തകര്‍ക്കുമെന്ന് ജൂഡ് ആന്റണി കമന്റിട്ടത് വാര്‍ത്തയായിരുന്നു. തുടരും പുറത്തിറങ്ങിയപ്പോള്‍ ലാലേട്ടാ ഇനി എനിക്കും കൂടെ ഒരു അവസരം താ. കൊതിയാകുന്നു എന്നാണ് ജൂഡ് കമന്റ് ചെയ്തത്.