കൊല്ലം: ഷാർജയിൽ അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ നടപടിയെടുക്കണമെന്ന് മരിച്ച വിപഞ്ചികയുടെ അമ്മ ശൈലജ.
അവനെയും കുടുംബത്തെയും വെറുതെ വിടരുത്. നിയമത്തിന് മുന്നിൽ കൊണ്ട് വന്ന് ഏറ്റവും കടുത്ത ശിക്ഷ തന്നെ കൊടുക്കണം. എന്‍റെ പൊടിക്കുഞ്ഞിനെയും മകളെയും വിട്ടുതരണം. അവൻ നോക്കാത്തത് കൊണ്ടല്ലേ എന്‍റെ പൊടിക്കുഞ്ഞും മകളും മരിക്കേണ്ടി വന്നത്. എന്‍റെ കുഞ്ഞ് വെറും പാവമായിരുന്നു. പ്രതികരിക്കാൻ അറിയില്ലായിരുന്നു. അതുകൊണ്ട് മാത്രമാണ് ഈ ശിക്ഷ അനുഭവിക്കേണ്ടി വന്നത്. നിതീഷിനെയും കുടുംബത്തിനും നാട്ടിൽ കൊണ്ട് വന്ന് ശിക്ഷിക്കണം. ആ പൊടിക്കുഞ്ഞ് കരഞ്ഞ് കൈയിൽ കൊണ്ട് കൊടുത്താൽ അവിടെയെങ്ങാനും കൊണ്ട് ഇടാനാണ് പറഞ്ഞിരുന്നത്. അങ്ങനെയാണോ ഒരു അച്ഛൻ പറയേണ്ടത്.
എന്‍റെ മകളെ ഈ അവസ്ഥയില്‍ ആക്കിയവരെ വെറുതെ വിടരുത്. അതിനായി അങ്ങേ അറ്റം വരെ പോകണം. കേന്ദ്ര ഏജൻസികൾ അന്വേഷിച്ച് ശിക്ഷ വാങ്ങിച്ച് കൊടുക്കണം എന്നും ശൈലജ പറഞ്ഞു. വിവാഹം ചെയ്ത് കൊണ്ട് പോയി അന്ന് തുടങ്ങിയതാണ് ഈ പീഡനം. ഒരു മിനിറ്റ് എന്‍റെ മകളുടെ കൂടെ ഇരിക്കാൻ പെങ്ങൾ സമ്മതിച്ചില്ല. വീട്ടിൽ പോലും വരാതായി. പെങ്ങളും അച്ഛനുമെല്ലാം ഇതിന് കൂട്ട് നിന്നു എന്നും അമ്മ പറയുന്നു.
ഷാർജയിൽ മരിച്ച വിപഞ്ചികയുടെയും മകളുടെയും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള തുടർനടപടികൾ നീളും. കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. കഴിഞ്ഞ ചൊവ്വാഴ്ച്ച മരിച്ച വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹത്തിലെ തുടർ നടപടികൾക്കും മറ്റു നിയമനപടികൾക്കുമായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ഉൾപ്പടെയുള്ള ഏജൻസികൾ ഇടപെട്ടിട്ടുണ്ട്. തിങ്കളാഴ്ച നടപടികൾ പൂർത്തിയാകും എന്നാണ് പ്രതീക്ഷ.