വിജിലൻസ് ക്ലീൻ ചിറ്റ് തള്ളി; അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി അജിത് കുമാറിന് തിരിച്ചടി

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി എം.ആർ അജിത് കുമാറിന് തിരിച്ചടി. വിജിലൻസ് സമർപ്പിച്ച ക്ലീൻ ചീറ്റ് റിപ്പോർട്ട് വിജിലൻസ് പ്രത്യേക കോടതി തള്ളി. കേസ് ഡയറിയും അന്വേഷണ റിപ്പോര്‍ട്ടിന്റെ ഒറിജിനല്‍ പകര്‍പ്പും അന്വേഷണം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പും സാക്ഷിമൊഴികളും പരിശോധിച്ചതിനു ശേഷമാണ് കോടതിയുടെ നടപടി. നേരത്തെ ഇതേ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചിരുന്നു. 

വിജിലന്‍സ് സമര്‍പ്പിച്ച ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ലെന്നു കോടതി വ്യക്തമാക്കി. അഭിഭാഷകനായ നാഗരാജ് സമര്‍പ്പിച്ച ഹര്‍ജി നിയമപരമായി നിലനില്‍ക്കുകയില്ലെന്നും, ഹര്‍ജിക്കാരന്‍ ആരോപണങ്ങളല്ലാതെ ഒരു രേഖയും സമര്‍പ്പിച്ചിട്ടില്ലെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഈ മാസം 30ന് പരാതിക്കാരന്റെ മൊഴി നേരിട്ട് രേഖപ്പെടുത്തുമെന്ന് കോടതി അറിയിച്ചു. സാക്ഷിമൊഴികളും അടക്കമുള്ള നടപടികൾ കോടതി നേരിട്ടാവും രേഖപ്പെടുത്തുക.

തിരുവനന്തപുരം കവിടിയാറില്‍ സെന്റിന് 70 ലക്ഷം രൂപ വിലയുളള ഭൂമി വാങ്ങി ആഡംബര കെട്ടിടം നിര്‍മിക്കുന്നതില്‍ അഴിമതിപ്പണം ഉണ്ടെന്നായിരുന്നു അജിത് കുമാറിനെതിരെ ഹർജിക്കാരന്റെ വാദം. എന്നാൽ, വീടുനിര്‍മാണം, ഫ്ലാറ്റ് വാങ്ങല്‍, സ്വര്‍ണക്കടത്ത് എന്നിവയില്‍ അജിത്കുമാര്‍ അഴിമതി നടത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. മുന്‍ എംഎല്‍എ പി.വി.അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളിലാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *