റായ്‌പൂർ: ഛത്തീസ്‌ഗഡിൽ മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് അറസ്റ്റു ചെയ്ത മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ വിധി നാളത്തേക്ക് മാറ്റി. ബിലാസ്പൂർ എന്‍ഐഎ കോടതിയിലാണ് വാദം നടക്കുന്നത്. പ്രോസിക്യുഷൻ ജാമ്യത്തെ എതിർത്തു.കേസിൽ നാളെ വിധി പറയും. മുതിർന്ന അഭിഭാഷകൻ അമൃതോ ദാസ് ആണ് കന്യാസ്ത്രീകൾക്ക് വേണ്ടി കോടതിയിൽ ഹാജരായത്. കേരളത്തിലെ ബിജെപി നേതൃത്വത്തിന്‍റെ ഇടപെടലുണ്ടായിട്ടും ജാമ്യാപേക്ഷയെ എതിര്‍ത്ത നിലപാടാണ് ഛത്തീസ്ഗഡ് സര്‍ക്കാര്‍ എന്‍ഐഎ കോടതിയിൽ സ്വീകരിച്ചത്. ഇത് പാർട്ടിക്കിടയിൽ അതൃപ്തി ഉളവാക്കിയിട്ടുണ്ടെന്നാണ് സൂചന.
കന്യാസ്ത്രീകളുടെ ജാമ്യത്തില്‍ ഇന്ന് സുപ്രധാന നീക്കം നടക്കുന്നതിനിടെ ഛത്തീസ്ഗഢ് മുഖ്യമന്ത്രിയെ പാര്‍ലമെന്‍റിലേക്ക് വിളിപ്പിച്ച് അമിത് ഷാ ചര്‍ച്ച നടത്തിയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറെയും ദില്ലിക്ക് വിളിപ്പിച്ചു. പ്രതിപക്ഷത്തിന്‍റെ വലിയ ബഹളത്തിനിടെ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ചര്‍ച്ചയാവശ്യപ്പെട്ടുള്ള നോട്ടീസുകള്‍ പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും ഇന്നും തള്ളിയിരുന്നു.
അതേസമയം, എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ചര്‍ച്ചയായി. ഇന്നലെ എംപിമാരെ കണ്ടതും സഭാ നേതൃത്വത്തിനടക്കം നല്‍കിയ ഉറപ്പും കൂടിക്കാഴ്ചയില്‍ അമിത് ഷാ ധരിപ്പിച്ചു. കേന്ദ്രനിര്‍ദ്ദേശം പാലിച്ചാകും നടപടികളെന്ന് മുഖ്യമന്ത്രിയും രാവിലെ വ്യക്തമാക്കി. കോടതിക്ക് പുറത്തെ ബജ്രംഗ്ദളിന്‍റെ പ്രകടനത്തിലേതടക്കം കടുത്ത പ്രതിഷേധം പ്രധാനമന്ത്രി അറിയിച്ചിരുന്നു. നിയമം നിയമത്തിന്‍റെ വഴിക്ക് പോകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
സംസ്ഥാനത്ത് സഭകളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയേയും കടുത്ത പ്രതിരോധത്തിലാക്കിയിരുന്നു. അതിനിടെ, ഛത്തീസ്ഗഢ് സര്‍ക്കാരിനും കേന്ദ്രത്തിനുമെതിരെ ശശി തരൂര്‍ എംപി രൂക്ഷ വിമര്‍ശനമുയര്‍ത്തി.
അതേസമയം കന്യാസ്ത്രീകൾക്ക് ഒപ്പം പോകുന്നത് വീട്ടുകാരെ അറിയിച്ചതാണെന്നും നേരത്തെ തന്നെ തങ്ങൾ ക്രിസ്തു മത വിശ്വാസികൾ ആണെന്നും പെൺകുട്ടികൾ പറയുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ബജ്റംഗ്‌ദളിൻ്റെയും പൊലീസിൻ്റെയും ആരോപണം തള്ളിയ ഇവർ, അറസ്റ്റ് നടന്ന ദിവസം പ്രാദേശിക മാധ്യമത്തോട് സംസാരിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത്.
ശനിയാഴ്ചയാണ് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവക സിസ്റ്റര്‍ പ്രീതി മേരി എന്നിവരെ അറസ്റ്റ് ചെയ്തത്. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണിവര്‍.