45ാം വയസ്സിൽ തളരാത്ത പോരാട്ട വീര്യവുമായി വീനസ് വില്ല്യംസ് വീണ്ടും ടെന്നീസ് കോർട്ടിലേക്ക്. ഈ വർഷത്തെ യുഎസ് ഓപ്പൺ ടെന്നീസ് ടൂർണ്ണമെന്റിലൂടെയാണ് തിരിച്ചു വരവ്. ബുധനാഴ്ച യുഎസ് ടെന്നീസ് അസോസിയേഷനിൽ നിന്ന് വീനസിന് സിംഗിൾസിൽ വൈൽഡ് കാർഡ് എൻട്രി ലഭിച്ചിരുന്നു. ഗർഭാശയത്തിലെ ഫൈബ്രോയിഡുകൾ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കായി വീനസ് 16 മാസത്തെ ഇടവേള എടുത്തിരുന്നു. 45ാം വയസ്സിൽ ശസ്ത്രക്രിയക്ക് ശേഷമുള്ള വീനസിന്റെ തിരിച്ചുവരവിനെ വലിയ പ്രതീക്ഷയോടെയാണ് ടെന്നിസ് പ്രേമികൾ കാണുന്നത്.
റെനി റിച്ചാർഡ്സിന് ശേഷം അന്താരാഷ്ട്ര മത്സരം കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമായിരിക്കും വീനസ്. 1981ൽ 47 വയസ്സിലാണ് റെനി റിച്ചാർഡ്സ് കളിക്കാനിറങ്ങിയത്. മിക്സഡ് ഡബിൾസ് ബ്രാക്കറ്റിലും വീനസ് മത്സരിക്കുന്നുണ്ട്, സ്വന്തം നാട്ടുകാരനായ റെയ്‌ലി ഒപെൽക ജോഡിയാകും. എന്നാൽ എല്ലാവരും ഉറ്റുനോക്കുന്നത് വീനസിന്റെ സിംഗിൾസ് മത്സരത്തിലെ പ്രകടനമായിരിക്കും. ഓഗസ്റ്റ് 24ന് ന്യൂയോർക്കിലാണ് യുഎസ് ഓപ്പണിലെ വീനസിന്റെ ആദ്യ മത്സരം.
രണ്ട് തവണ ഓപ്പൺ സിംങ്കിൾസ് ചാമ്പ്യനായ വീനസ് വില്ല്യംസ്, സിംഗിൾസിൽ ഏഴ് ഗ്രാൻഡ് സ്ലാം കിരീടങ്ങളും, അനുജത്തി സെറീനയ്‌ക്കൊപ്പം വനിതാ ഡബിൾസിൽ 14 കിരീടങ്ങളും, മിക്സഡ് ഡബിൾസിൽ രണ്ട് കിരീടങ്ങളും, കൂടാതെ റെക്കോർഡ് അഞ്ച് ഒളിമ്പിക് ടെന്നീസ് മെഡലുകളും സ്വന്തമാക്കിയ താരമാണ് വീനസ്. 2023ൽ യുഎസ് ഓപ്പൺ സിംഗിൾസ് മെയിൻ ഡ്രോയിലാണ് വീനസ് അവസാനമായി കളിച്ചത്. ആദ്യ റൗണ്ടിൽ ബെൽജിയൻ താരം ഗ്രീറ്റ് മിന്നനോട് പരാജയപ്പെട്ടിരുന്നു.
“ഒരു വർഷം മുമ്പ് ഇതേ ദിവസം ഞാൻ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു, എന്റെ ഗർഭാശയ പേശികളിൽ പതിഞ്ഞിരുന്ന ഒരു വലിയ ഫോക്കൽ അഡിനോമയോമയും ഫൈബ്രോയിഡുകളും നീക്കം ചെയ്യുന്നതിനുള്ള ഒരു ഓപ്പൺ മയോമെക്ടമി,” വീനസ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.