കോട്ടയത്ത് എല്ലാവരും കുരിശിന്റെ വഴിയിൽ, പാലായിൽ ക്രിസ്ത്യൻ ആധിപത്യം: വെള്ളാപ്പള്ളി

കോട്ടയം: കടുത്ത വിമർശനങ്ങൾക്കിടയിലും വിവാദ പരാമർശങ്ങൾ ആവർത്തിച്ചും പുതിയത് പറഞ്ഞും എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കോട്ടയത്ത് കുരിശിന്‍റെ വഴിയേ പോകുന്നവര്‍ക്കാണ് സ്ഥാനമെന്നും ആലപ്പുഴയിലും സമാന സ്ഥിതിയാണുള്ളതെന്നും വെള്ളാപ്പള്ളി ആരോപിച്ചു. പാലായില്‍ ക്രിസ്ത്യന്‍ ആധിപത്യമാണെന്നും തദ്ദേശ സ്ഥാപനങ്ങളില്‍ പോലും ഈഴവ പ്രാതിനിധ്യം കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

താൻ സംസാരിക്കുന്നത് സമുദായത്തിന് വേണ്ടിയാണെന്നും അതിന്റെ പേരിൽ തന്റെ കോലമല്ല തന്നെ തന്നെ കത്തിച്ചാലും പറയാനുള്ളത് പറയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുസ്ലിം ലീഗ് എന്നത് മുസ്ലിം കൂട്ടായ്മയാണെന്ന് പേര് തന്നെ സൂചിപ്പിക്കുന്നുണ്ടെന്നും അവരാണ് തന്നെ മതേതരത്വം പഠിപ്പിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശൻ. കോട്ടയം രാമപുരത്ത് എസ്എൻഡിപി ശാഖ നേതൃസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

“മാണി സാര്‍ സഹായിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും കൊടുക്കുമ്പോള്‍ പൊട്ടും പൊടിയും എസ്എന്‍ഡിപി യൂണിയന് തന്നിട്ടുണ്ട്. എന്നാല്‍ മകന്‍ സൂത്രക്കാരനാണ്. മലപ്പുറത്ത് കത്തിച്ചത് തന്‍റെ കോലം അല്ല, ഈഴവസമുദായത്തിന്‍റേ കോലമാണ് അവർ കത്തിച്ചത്. സാമൂഹിക നീതി എന്ന് പറഞ്ഞാൽ മാത്രം പോര.

അത് മലപ്പുറത്തും നടപ്പാക്കേണ്ടതാണ്. നമ്മുടെ കുട്ടികൾക്കും മലപ്പുറത്ത് പഠിക്കണ്ടേ?” വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. 

മലപ്പുറത്തെ പ്രസംഗം അടക്കം തന്റെ പ്രതികരണങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്ന് ആരോപിച്ച വെള്ളാപ്പള്ളി സാക്ഷാൽ പിണറായി വിജയൻ പ്രസ്താവന ഇറക്കിയ ശേഷം മാധ്യമങ്ങൾ പത്തി താഴ്ത്തിയെന്നും വിമര്‍ശിച്ചു. ലീഗിനോട് പറയേണ്ട കാര്യങ്ങള്‍ ലീഗിനോട് തന്നെ പറയണം. അതിന്റെ ബാധ്യത തനിക്കുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

നേരത്തെ ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റിന് പിന്നാലെയുണ്ടായ രാഷ്ട്രിയ ഇടപ്പെടലുകളെ വിമർശിച്ചും  വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തിയിരുന്നു. കന്യാസ്ത്രീകൾക്കായി ഛത്തീസ്ഗഡിലേക്ക് കോൺഗ്രസും ബിജെപിയും കമ്യൂണിസ്റ്റും കത്തിച്ചുവിട്ടുവെന്ന് പറഞ്ഞ വെള്ളാപ്പള്ളി ശിവഗരി മഠത്തിന് നേരെ അതിക്രമമുണ്ടായപ്പോൾ ആരെയും കണ്ടില്ലെന്നും കുറ്റപ്പെടുത്തി. രാജ്യത്ത് ക്രൈസ്തവര്‍ രണ്ടരശതമാനമേ ഉള്ളൂവെങ്കിലും അവര്‍ സംഘടിതരും വോട്ടുബാങ്കുമാണെന്നു തെളിഞ്ഞു. കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകളും സംവാദങ്ങളും കണ്ടാല്‍ മൂന്നാം ലോകമഹായുദ്ധം നടക്കുകയാണെന്നു തോന്നുന്നുവെന്നായിരുന്നു വെള്ളാപ്പള്ളി അന്ന് പറഞ്ഞത്. 

Leave a Reply

Your email address will not be published. Required fields are marked *