കൊച്ചി: യുഡിഎഫിനെ വലിയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തിച്ചില്ലെങ്കിൽ താൻ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. യുഡിഎഫിന് 100 സീറ്റ് കിട്ടിയില്ലെങ്കിൽ രാജിവച്ച് വനവാസത്തിന് പോകുമോ എന്ന വെള്ളാപ്പള്ളി നടേശന്റെ വെല്ലുവിളിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, യുഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചാൽ വെള്ളാപ്പള്ളി രാജിവെക്കാമെന്ന് പറഞ്ഞത് വേണ്ടയെന്നും അദ്ദേഹം ആജീവനാന്തം അവിടെത്തന്നെ ഇരുന്നോട്ടെയെന്നും സതീശൻ പറഞ്ഞു.
“വെള്ളാപ്പള്ളി നടേശന്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ആജീവനാന്തം ഇരുന്നോട്ടെ. അദ്ദേഹവുമായി ഒരു മത്സരത്തിനില്ല. ഈ തകര്‍ച്ചയില്‍ നിന്ന് കേരളത്തെ രക്ഷിച്ച് സംസ്ഥാനത്ത് യുഡിഎഫിനെ അധികാരത്തിലെത്തിച്ചില്ലെങ്കില്‍ വെള്ളാപ്പള്ളി പറഞ്ഞ രാഷ്ട്രീയ വനവാസം ഏറ്റെടുക്കും.” വി.ഡി സതീശൻ പറഞ്ഞു.
വെള്ളപ്പള്ളി നടേശൻ ആർക്കുവേണ്ടിയാണ് സംസാരിക്കുന്നതെന്ന് അറിയില്ലായെന്നും അദ്ദേഹത്തെ പോലെ പരിണതപ്രജ്ഞനായ ഒരു സമുദായ നേതാവ്, സംസ്ഥാന രാഷ്ട്രീയം നന്നായി നിരീക്ഷിക്കുന്ന ഒരാള്‍ യുഡിഎഫിന് 97 സീറ്റ് വരെ കിട്ടുമെന്ന് പറഞ്ഞിട്ടുണ്ടെന്നും സതീശൻ പരിഹസിച്ചു. “യുഡിഎഫിന് 98 സീറ്റ് കിട്ടിയാല്‍ രാജിവെക്കുമെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. 97 സീറ്റ് വരെ എന്നതില്‍ അദ്ദേഹത്തിന് യാതൊരു സംശയവുമില്ല. പിന്നെ ഒരു നാലഞ്ച് സീറ്റ്, നൂറ് കവിഞ്ഞുപോകാനുള്ള കാര്യം, അത് ഞങ്ങള്‍ കഠിനാധ്വാനം ചെയ്ത് നൂറിലധികം സീറ്റാക്കും’. സതീശന്‍ വ്യക്തമാക്കി.
നേരത്തെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഈഴവ വിരോധിയാണെന്ന വിമർശനം കടുപ്പിച്ച് വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തിയിരുന്നു. താൻ മുസ്ലിം വിരോധി അല്ല, നിലപാടുകളിൽ ഉറച്ച് നിൽക്കുന്നയാളാണ്. എന്ത് വന്നാലും അതിൽ നിന്ന് പിൻമാറില്ല. മലപ്പുറത്ത് പോയി പറഞ്ഞത് ഈഴവ സമുദായത്തിറെ അവസ്ഥയെക്കുറിച്ചാണ്. കൊലച്ചതിയാണ് ഈഴവ സമുദായത്തോട് ചെയ്തത്. മലപ്പുറത്ത് സമുദായത്തിന് ഒരു കുടിപ്പള്ളിക്കൂടം പോലും ഇല്ല. മലപ്പുറം കേന്ദ്രീകരിച്ച് സംസ്ഥാനം വേണമെന്ന് പറഞ്ഞവരാണ് മതേതരത്വം പറയുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചു.