പി.വി. അന്‍വറിന്റെ യുഡിഎഫ് പ്രവേശന സാധ്യത തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വിലപേശല്‍ രാഷ്ട്രീയത്തിന് വഴങ്ങില്ലെന്നും ആ വാതില്‍ തുറക്കേണ്ടതായ സാഹചര്യം നിലവിലില്ലെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി. അന്‍വറിന് മുന്നില്‍ വാതിലടച്ചത് കൂട്ടായ തീരുമാന പ്രകാരമാണ്. ആ വാതില്‍ തുറക്കേണ്ടതായ സാഹചര്യം നിലവിലില്ല. ഇനി തീരുമാനം റിവ്യൂ കമ്മിറ്റിയാണ് എടുക്കേണ്ടത്. പ്രശംസകളില്‍ വീഴില്ല. അന്‍വറിനോട് നോ പറഞ്ഞത് ബോധപൂര്‍വം എടുത്ത തീരുമാനമാണ്. ആരുടെ മുന്നിലും കീഴടങ്ങാന്‍ പറ്റില്ല- സതീശന്‍ ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.
അന്‍വറിനെ ആരും ചവിട്ടിപ്പുറത്താക്കിയതല്ല. തിരഞ്ഞെടുപ്പിനു മുന്‍പും ശേഷവും അന്‍വര്‍ എനിക്കെതിരെ നിരന്തരം സംസാരിച്ചിരുന്നു. ഒരക്ഷരം പോലും ഞാനോ യുഡിഎഫ് നേതാക്കളോ തിരിച്ചു പറഞ്ഞില്ല. യുഡിഎഫിന്റെ തീരുമാനം പുനഃപരിശോധിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും സതീശന്‍ പറഞ്ഞു. യുഡിഎഫിന്റെ മുന്‍ഗണനാ വിഷയങ്ങളില്‍ നിലവില്‍ അന്‍വറില്ല. അദ്ദേഹത്തെ ഒപ്പം കൂട്ടേണ്ടെന്നത് യുഡിഎഫിന്റെ ഒറ്റക്കെട്ടായുള്ള തീരുമാനമാണ്. ആവശ്യമെങ്കില്‍ ഉചിതമായ സമയത്ത് അന്‍വറിന്റെ കാര്യം പുനഃപരിശോധിക്കുമെന്നും സതീശന്‍ പറഞ്ഞു.
പി.വി. അന്‍വറിന് അനുകൂലമായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും മുന്‍ അധ്യക്ഷന്‍മാരായ കെ. സുധാകരന്‍, കെ. മുരളീധരന്‍, രമേശ് ചെന്നിത്തല എന്നിവരും പ്രതികരിച്ചതിന് പിന്നാലെയാണ് സതീശന്‍ അന്‍വറിന് വഴങ്ങില്ലെന്ന് തുറന്നടിച്ചത്.