തൃശൂർ: വ്യാജ വോട്ടർ പട്ടിക വിവാദം കടുക്കുന്നതിന് പിന്നാലെ തൃശൂരിൽ വ്യാപക പ്രതിഷേധം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫിസ് ബോർഡിൽ കരി ഓയിൽ ഒഴിച്ച സിപിഎം പ്രവർത്തകൻ വിപിൻ വിൽസൻ അറസ്റ്റിൽ. ഇന്നലെയുണ്ടായ സിപിഎം–ബിജെപി സംഘർഷത്തിൽ അൻപതോളം പേർക്കെതിരെ കേസെടുത്തിരുന്നു. ജനാധിപത്യ വോട്ടവകാശത്തെ കേന്ദ്രമന്ത്രി സുരേഷ് ഗോപി അട്ടിമറിച്ചെന്നാരോപിച്ച് ചേറൂറിലെ എംപി ഓഫിസിലേക്ക് ഇന്നലെ സിപിഎം നടത്തിയ പ്രതിഷേധ മാർച്ച് അക്രമാസക്തമായിരുന്നു. ഇതിനിടെയാണ് സുരേഷ് ഗോപിയുടെ ഓഫീസ് ചുമരിൽ സിപിഐഎം പ്രവർത്തകൻ കരിയോയിൽ ഒഴിച്ചിരുന്നത്. ചേറൂർ പള്ളിമൂല സെന്ററിൽ നിന്നു പ്രകടനമായെത്തിയ പ്രവർത്തകരാണ് പ്രതിഷേധിച്ചത്.
ഓഫിസ് പരിസരത്ത് റോഡിൽ ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ് മാർച്ച് തടഞ്ഞു. ബാരിക്കേഡ് തള്ളി മാറ്റാനുള്ള ശ്രമം സംഘർഷത്തിൽ കലാശിച്ചു. സുരേഷ് ഗോപിയുടെ ഓഫിസ് ബോർഡിൽ പ്രവർത്തകർ കരിഓയിൽ ഒഴിച്ചു. പിന്നാലെ നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ പിന്തിരിപ്പിച്ചു. തുടർന്നു പ്രവർത്തകർ റോഡിലിരുന്ന് മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു. ജലപീരങ്കി ഉൾപ്പെടെ പൊലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു.. തൃശൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ച് സിപിഎം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽഖാദർ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഓഫിസ് സിപിഎം ആക്രമിച്ചെന്നാരോപിച്ച് രാത്രി സിപിഎം ജില്ലാ കമ്മിറ്റി ഓഫിസായ അഴീക്കോടൻ സ്മാരക മന്ദിരത്തിലേക്ക് ബിജെപി പ്രവർത്തകർ പന്തം കൊളുത്തി പ്രതിഷേധ മാർച്ച് നടത്തി. പഴയ നടക്കാവിലെ ബിജെപിയുടെ മുൻ ജില്ലാ ഓഫിസ് പരിസരത്ത് നിന്ന് തുടങ്ങിയ മാർച്ച് എം ജി റോഡരികിലെ മനത്ത് ലെയ്‌നിൽ പൊലീസ് തടഞ്ഞു.
പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. മാർച്ചിനെതിരെ സിപിഎം പ്രവർത്തകരും കൂട്ടത്തോടെ സംഘടിച്ചെത്തി. തുടർന്ന് ഇരു വിഭാഗം പ്രവർത്തകരും പരസ്പരം മുദ്രാവാക്യം വിളിച്ച് മുഖാമുഖം നിന്നു. സംഘർഷത്തിലും കല്ലേറിലും ബിജെപി സിറ്റി ജനറൽ സെക്രട്ടറി പി.കെ. ബാബു, പ്രവർത്തകരായ അജിത് മൂത്തേരി, പ്രദീപ് മുക്കാട്ടുകര എന്നിവർക്ക് പരുക്കേറ്റിരുന്നു. കണ്ടാലറിയാവുന്ന എഴുപത് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.