ന്യൂഡൽഹി: രാജ്യത്ത് സ്വർണ്ണാഭരണങ്ങൾ ഈടായി വായ്‌പ നൽകുന്ന ബാങ്ക് വായ്പകളുടെ മൂല്യം 2024 മെയ് മാസത്തിലെ 1,16,777 കോടി രൂപയിൽ നിന്ന് 2025 മെയ് മാസത്തിൽ 2,51,369 കോടി രൂപയായി വർദ്ധിച്ചെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ലോക്‌സഭയെ അറിയിച്ചു. ആർബിഐ ടാറ്റ പ്രകാരം ഉള്ള റിപ്പോർട്ടതാണിത്. വിലക്കയറ്റത്തോടെ, കോർ റീട്ടെയിൽ പണപ്പെരുപ്പത്തിൽ സ്വർണ്ണത്തിന്റെ ശരാശരി പ്രതിമാസ സംഭാവന 20 ശതമാനത്തിലെത്തി.
മറ്റ് തരത്തിലുള്ള ഈടുകളെ അപേക്ഷിച്ച് താരതമ്യേന ഉയർന്ന ലോൺ-ടു-വാല്യൂ (LTV) അനുപാതം മൂലം കടം വാങ്ങുന്നവരുടെ മുൻഗണന സ്വർണ്ണ വായ്പകളിലേക്ക് മാറി. ചെറിയ മൂല്യമുള്ള വായ്പകൾ ആവശ്യമുള്ള ചെറുകിട വായ്പക്കാർക്ക് സ്വർണ്ണത്തിന്റെ ഈടിൽ പരമാവധി ലോൺ-ടു-വാല്യൂ അനുപാതം, 2.5 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 85 ശതമാനമായും 2.5 ലക്ഷത്തിനും 5 ലക്ഷത്തിനും ഇടയിലുള്ള വായ്പകൾക്ക് 80 ശതമാനമായും ഉയർത്തി.
അതേസമയം, 5 ലക്ഷത്തിന് മുകളിലുള്ള വായ്പകൾക്ക് മുൻകാലത്തെ 75 ശതമാനം എന്ന പരിധി തുടരും. വായ്പയുടെ കാലാവധി പൂർത്തിയാകുമ്പോൾ മാത്രമേ മുതലും പലിശയും അടയ്ക്കേണ്ടതുള്ളൂ എന്ന ബുള്ളറ്റ് തിരിച്ചടവ് വായ്പകളുടെ, 4 ലക്ഷം രൂപ എന്ന പരിധി നീക്കം ചെയ്തു. ഇത് സഹകരണ ബാങ്കുകൾക്കും പ്രാദേശിക ഗ്രാമീണ ബാങ്കുകൾക്കും ഒരുപോലെ ബാധകമാണ്.
നിയമപരിധിക്കു പുറത്തുള്ള വായ്പാ രീതികൾ നിരുത്സാഹപ്പെടുത്തുന്നതിനായി, സ്വർണ്ണ വായ്പകളുടെ ഉടമസ്ഥാവകാശത്തിൽ അവ്യക്തതയുണ്ടെങ്കിൽ സ്വർണ്ണ വായ്പകൾ നീട്ടിവയ്ക്കുന്നതിനും, മുൻകാല ഈടിനു സ്വർണ്ണം/വെള്ളി ഈട് പകരം വയ്ക്കുന്ന രീതിക്കും ആർബിഐ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ, ക്രെഡിറ്റ് അസസ്മെന്റ്, അനുവദനീയമായ എൽടിവി പരിധികൾ എന്നിവയുടെ കാര്യങ്ങളിലും ഉപഭോക്‌തൃ സൗഹൃദ നിലപാടുകൾക്ക് മുൻഗണന നൽകും. വായ്പകൾ പുതുക്കുന്ന കാര്യത്തിൽ പലിശ തീർപ്പാക്കുമ്പോൾ ബുള്ളറ്റ് തിരിച്ചടവ് വായ്പകളും പുതുക്കാൻ സാധിക്കും.
സ്വർണ്ണ വിലയിലെ വർധനവ്, വായ്പയുടെ കാര്യത്തിൽ കുടുംബങ്ങൾക്ക് അനുയോജ്യമാണ്. ജൂണിൽ പണപ്പെരുപ്പം ഏകദേശം 6 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 2.1 ശതമാനമായി കുറഞ്ഞിരുന്നു. വിലയേറിയ ലോഹങ്ങളുടെ വിലയിലുണ്ടായ വർദ്ധനവ് മൂലമാണ് കോർ പണപ്പെരുപ്പം 21 മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 4.6 ശതമാനമായി ഉയർന്നത്. കഴിഞ്ഞ 12 മാസത്തിനിടെ (ജൂലൈ 2024 മുതൽ ജൂൺ 2025 വരെ) സ്വർണ്ണം വിപണി മൂലധനത്തിലേക്ക് നൽകുന്ന ശരാശരി പ്രതിമാസ സംഭാവന ഏകദേശം 20 ശതമാനമാണ്.
ഇന്ത്യയിൽ സ്വർണ്ണം ഒരു നിക്ഷേപ മാർഗമായും കണക്കിലെടുക്കുന്നതിനാൽ, പെട്ടെന്നുണ്ടാവുന്ന സാമ്പത്തിക പ്രതിസന്ധിയിൽ സംരക്ഷണം നൽകുന്നതിനുള്ള ഒരു സുരക്ഷിത ആസ്തിയായി ഇത് മാറുന്നു. അതിനാൽ, സ്വർണ്ണ വിലയിലെ വർദ്ധനവ് ഗാർഹിക ഉപഭോഗത്തിൽ മെച്ചപ്പെട്ട ഘടകമായി മാറുന്നു.









