കണ്ണൂർ :യുവതിക്കൊപ്പം വളപട്ടണം പാലത്തില്‍നിന്ന് പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബേക്കല്‍ സ്വദേശിയും പന്തല്‍ ജോലിക്കാരനുമായ രാജുവിന്റെ മൃതദേഹമാണ് ബുധനാഴ്ച പഴയങ്ങാടി മാട്ടൂൽ കടപ്പുറത്താണ് കണ്ടെത്തിയത്.കമിഴ്ന്ന് കിടന്ന നിലയിൽ കാണപ്പെട്ട മൃതദേഹത്തിൽ വസ്ത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല . മൂന്നാം ദിവസം ആണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. യുവാവിനൊപ്പം പുഴയില്‍ ചാടിയ വിവാഹിതയായ പെണ്‍സുഹൃത്ത് നീന്തി രക്ഷപ്പെട്ടിരുന്നു.ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് യുവാവും യുവതിയും പാലത്തില്‍നിന്ന് പുഴയിലേക്ക് ചാടിയത്.
ഞായറാഴ്ച രാവിലെ യുവതിയെ കാണാനില്ല എന്ന് ഭര്‍ത്താവ് ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനുപിന്നാലെ രാജുവിനെ കാണാനില്ലെന്ന പരാതിയും സ്റ്റേഷനിലെത്തി.രാജുവിനൊപ്പമാണ് യുവതി കണ്ണൂരിലെത്തിയതെന്നാണ് പോലീസ് പറയുന്നത്. വിവിധ സ്ഥലങ്ങളില്‍ ചുറ്റിക്കറങ്ങി ഇരുവരും ഞായറാഴ്ച അര്‍ധരാത്രിയോടെ വളപട്ടണം പാലത്തിലെത്തി. വാഹനത്തിരക്ക് കുറഞ്ഞതോടെ പാലത്തില്‍നിന്ന് യുവാവും തൊട്ടുപിന്നാലെ യുവതിയും പുഴയിലേക്ക് ചാടി. നീന്തലറിയാവുന്ന യുവതി ഒഴുക്കില്‍പ്പെട്ട് അഴീക്കോട് ബോട്ടുപാലത്തിന് സമീപമെത്തി.അതിനിടെ തോണിയില്‍ മീന്‍പിടിക്കുകയായിരുന്നവര്‍ അവശനിലയില്‍ കണ്ട യുവതിയെ കരയ്ക്കെത്തിച്ച് പോലീസില്‍ വിവരമറിയിച്ചു.
യുവതിയെ ബേക്കല്‍ പോലീസ് കോടതിയില്‍ ഹാജരാക്കി. ഇതിനിടെ പുഴയില്‍ ചാടിയ യുവാവിനായി അഗ്നിരക്ഷാസേനയും തീരദേശ പോലീസും മത്സ്യത്തൊഴിലാളികളും വളപട്ടണം പോലീസും തിരച്ചില്‍ ആരംഭിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെയാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.