വെള്ളച്ചാട്ടങ്ങളിൽ സുന്ദരി; വിസ്മയമായി വളഞ്ഞങ്ങാനം വെള്ളച്ചാട്ടം

വെള്ളച്ചാട്ടങ്ങളിൽ വെച്ച് ഏറ്റവും സുന്ദരി ആരാണെന്നു ചോദിച്ചാൽ കണ്ണും പൂട്ടി പറയാം അത് പീരുമേടിന്റെ സ്വന്തം വളഞ്ഞ ങ്ങാനം ആണെന്ന്. പീരുമേടിന്റെ കവാടമെന്നറിയപ്പെടുന്ന ഈ വെള്ളച്ചാട്ടം കോട്ടയം-കുമളി റൂട്ടിൽ മുറിഞ്ഞപുഴയ്ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. കോട്ടയം- കുമളി സംസ്ഥാന പാതയിൽ 1 കിലോമീറ്ററും, കുട്ടിക്കാനത്ത് നിന്ന് 5 കിലോമീറ്ററും സഞ്ചരിച്ചാൽ  വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിൽ എത്താം. മുണ്ടക്കയത്തു നിന്നും കുട്ടിക്കാനത്തേക്ക് പോകുമ്പോൾ റോഡിന്റെ ഇടതു വശത്താണ് വളഞ്ഞങ്ങാനം.  

വേനലിൽ വറ്റി വരണ്ട് നീരൊഴുക്ക് കുറഞ്ഞു അപ്രത്യക്ഷമാകുന്ന വളഞ്ഞങ്ങാനം മഴക്കാലത്താണ് അതിന്റെ പൂർണ സൗന്ദര്യത്തി ലെത്തുക.75 അടി ഉയരത്തിൽ നിന്നും  പാറക്കെട്ടുകളെ തല്ലി തകർത്ത്  നുരഞ്ഞ് പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം തന്നെയാണ് ഇവിടുത്തെ പ്രധാന ആകർഷണവും. ഇവിടുത്തെ പച്ചപ്പും ശാന്തതയും നിങ്ങൾക്ക് വേറിട്ടൊരു അനുഭവം സമ്മാനിക്കും. ഇവിടുത്തെ പ്രദേശവാസികൾ  ഇതിനെ”നിന്നുമുള്ളി വെള്ളച്ചാട്ടം “എന്നാണ്  വിളിക്കുന്നത്. 

മഴക്കാലത്ത് സഞ്ചാരികളുടെയും ശബരിമല തീർഥാടകരുടെയും പ്രിയപ്പെട്ട ഇടമാണ്  ഇവിടം. മടുപ്പുളവാക്കുന്ന ദീർഘ ദൂര യാത്രകളിൽ കുറച്ചു നേരം  വാഹനങ്ങൾ നിർത്തിയിട്ട് വിശ്രമിക്കാൻ അനുയോജ്യമായ സ്ഥലമാണ് ഇത്. 

തേക്കടി, മൂന്നാർ, പരുന്തുംപാറ, വാഗമൺ, പാഞ്ചാലിമേട്, രാമക്കൽമേട്, പഴനി, മധുര, വേളാങ്കണ്ണി  തുടങ്ങിയിട ങ്ങളിലേക്ക് പോകുന്ന ദീർഘ ദൂര യാത്രക്കാരും സഞ്ചാരികളും  ചായ കുടിച്ചു വിശ്രമിക്കാൻ  തിരഞ്ഞെടുക്കുന്ന ഇടത്താവളം കൂടിയാണ് വളഞ്ഞങ്ങാനം. യാത്രയ്ക്കിടയിൽ ദൂരെ നിന്ന് തന്നെ വെള്ളച്ചാട്ടത്തിന്റെ ശബ്ദം കേൾക്കാം. 

പെരുവന്താനത്തിനും കുട്ടിക്കാനത്തിനും  ഇടയിലെ ഈ വിസ്മയ കാഴ്ച മുൻപ് അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.  വള്ളിപ്പടർപ്പുകളും കാട്ടു വള്ളികളുമായി മൂടപ്പെട്ടു കിടക്കുകയായിരുന്നു ഇവിടം. ടൂറിസം വകുപ്പ്  പിന്നീട് നടത്തിയ വികസന പ്രവർത്തനങ്ങളാണ് വളഞ്ഞങ്ങാനത്തെ ഇന്നത്തെ രൂപത്തിലാക്കിയത്.  

ചാർളി സിനിമയിൽ ക്ലൈമാക്സ് സീനിൽ”ഇത് കംപ്ലീറ്റ് മിനറൽസ് ആണ് ധൈര്യമായിട്ടു കുടിച്ചോ എന്ന്  പറഞ്ഞു ദുൽഖർ സൽമാൻ വന്നു നിൽക്കുന്ന വെള്ളച്ചാട്ടം ഓർമ്മയില്ലേ. നുരഞ്ഞു പതഞ്ഞ് ഒഴുകുന്ന ആ വെള്ളച്ചട്ടമാണ് ഇത്. കൂടാതെ പല ഇന്ത്യൻ സിനിമകളിലും വളഞ്ഞ ങ്ങാനം വെള്ളച്ചാട്ടം പ്രത്യക്ഷ പെട്ടിട്ടുണ്ട്. 

വെള്ളച്ചാട്ടത്തിന്റെ തൊട്ടടുത്തായി ഇപ്പോൾ നിരവധി ചായ കടകളും കളിപ്പാട്ട കടകളും ഉണ്ട്. ഈ വെള്ളച്ചാട്ടത്തിൽ നിന്നും നേരിട്ട് വെള്ളം എടുത്താണ് കടകളിൽ പാചകത്തിന് ഉപയോഗിക്കുന്നത്. കോട്ടയത്തു നിന്നും വരുമ്പോൾ 68 കിലോമീറ്ററും പത്തനംതിട്ടയില്‍ നിന്നു വരുമ്പോൾ 68 കിലോ മീറ്ററുമാണ് വളഞ്ഞങ്ങാന ത്തേയ്ക്കുള്ള ദൂരം.

Leave a Reply

Your email address will not be published. Required fields are marked *