കണ്ണൂർ: അതിജീവനത്തിനായുള്ള പോരാട്ടങ്ങളുടെയും വിപ്ലവ സമരങ്ങളുടെയും ചരിത്ര രേഖകളിൽ അടയാളപ്പെടുത്തിയ വി.എസ് അച്യുതാനന്ദൻ എന്ന പേര് വെള്ളിത്തിരയിലും എഴുതി ചേർക്കപ്പെടുകയുണ്ടായി. തന്റെ 93-ാം വയസ്സിൽ അദ്ദേഹം ആദ്യമായി ഒരു സിനിമയിൽ അഭിനയിച്ചു. 2016 ൽ പുറത്തിറങ്ങിയ ജീവൻ ദാസ് സംവിധാനം ചെയ്ത, രാഷ്ട്രീയ നാടകമായ ‘ക്യാമ്പസ് ഡയറി’ എന്ന ചിത്രത്തിൽ വി.എസ് ആയി തന്നെയാണ് വി.എസ് സിനിമയിലേക്ക് എത്തിയത്.
കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിൽ ചിത്രീകരിച്ച ഈ ചിത്രത്തിൽ, പ്രാദേശിക കുടിവെള്ള വിതരണത്തെ തടസ്സപ്പെടുത്തിയ ശക്തരായ ഒരു ബോട്ടിലിംഗ് പ്ലാന്റിനെതിരെ പ്രതിഷേധിക്കുന്ന കോളേജ് വിദ്യാർത്ഥികളുടെ സംഘത്തിൽ ചേരുന്ന പ്രിയപ്പെട്ട രാഷ്ട്രീയ നേതാവായിട്ടാണ് വി.എസ് ചിത്രത്തിൽ അഭിനയിച്ചത്.വളരെ ഹ്രസ്വവും എന്നാൽ സ്വാധീനം ചെലുത്തുന്നതുമായ ആ രംഗത്തിൽ, വി.എസ് വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായിട്ടായിരുന്നു ചിത്രീകരിച്ചിരുന്നത്.മതികെട്ടാനും, പ്ലാച്ചിമടയും, മൂന്നാര്‍ ദൗത്യവും ജനനായകനായകന്റെ വിശ്വാസത്തിന്റെ പ്രതീകകങ്ങളായി നിലനിൽക്കവേ ക്യാമ്പസ് ഡയറി എന്ന ചിത്രത്തിലെ വേഷം അനായാസമായി അദ്ദേഹം കൈകാര്യം ചെയ്തു.
ആ വെറ്ററൻ കഥാപാത്രത്തിന് മേക്കപ്പോ റിഹേഴ്സലോ ഒന്നും ആവശ്യമില്ലായിരുന്നു. കാരണം,വി എസ് അച്യുതാനന്ദൻ എന്ന മുന്നണിപ്പോരാളി ഇത്തരം എത്രയോ സമര പോരാട്ടങ്ങൾക്ക് നേതൃത്വം പകർന്ന ആളാണ്. അദ്ദേഹം ആ സിനിമയിൽ ജീവിച്ചു കാണിച്ചു കൊടുത്തു എന്ന് വേണം പറയാൻ. വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണ നൽകുന്ന ഒരു ബഹുജന നേതാവിന്റെ വേഷം മറ്റാരേക്കാളും വി.എസ്സിന് നന്നായി ഇണങ്ങും. നവാഗതനായ ജീവൻ ദാസ് സംവിധാനം ചെയ്ത മലയാള രാഷ്ട്രീയ നാടക ചിത്രമാണ് ക്യാമ്പസ് ഡയറി. തിരക്കഥ എഴുതിയത് വിനീഷ് പാലയാട് ആണ്.
ചിത്രത്തിന്റെ റിലീസിന് ശേഷം ഭാര്യ വസുമതിക്കും മകൻ അരുൺ കുമാറിനുമൊപ്പം വിഎസ് തീയറ്ററിൽ ചിത്രം കണ്ടിരുന്നു. സുദേവ് നായർ, തലൈവാസൽ വിജയ്, സുരാജ് വെഞ്ഞാറമൂട്, മാമുക്കോയ, സുനിൽ സുഖദ, ഗൗതമി നായർ, ജോയ് മാത്യു, കോട്ടയം നസീർ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ചെറുപ്പം മുതൽ കുറച്ച് വർഷങ്ങൾക്ക് മുമ്പ് അനാരോഗ്യം വിലങ്ങുതടിയായി പൊതുജീവിതത്തിൽ നിന്ന് പിന്മാറുന്നതുവരെ, അദ്ദേഹത്തിന്റെ യാത്ര എട്ട് പ്രക്ഷുബ്ധമായ പതിറ്റാണ്ടുകൾ നീണ്ടുനിന്നു. സാധാരണക്കാരുടെ താൽപ്പര്യങ്ങളുമായി പൊരുത്തപ്പെടുന്ന അചഞ്ചലമായ രാഷ്ട്രീയ നിലപാടുകൾ , നീതിയെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണ, പ്രവർത്തനത്തോടുള്ള പ്രതിബദ്ധത എന്നിവയാൽ അത് അടയാളപ്പെടുത്തപ്പെട്ടു. അതുകൊണ്ടാണ് വിഎസ് എന്നത് ഒരു ഇനീഷ്യൽ മാത്രമായിരിക്കുന്നതിനുമപ്പുറം, കേരള ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ളതും ഇളക്കമില്ലാത്തതുമായ അധ്യായങ്ങളിൽ ഒന്നായി വളർന്നത്.