ന്യൂയോർക്ക്: ഇന്ത്യൻ അധികാരികൾ ശതകോടീശ്വരനായ വ്യവസായി ഗൗതം അദാനിക്ക് സമൻസ് അയയ്ക്കുന്നതിൽ വൈകിയതിനാൽ ന്യൂയോർക്കിലെ സൗരോർജ്ജ കരാർ കൈക്കൂലി കേസിൽ നിയമപോരാട്ടത്തിൽ കാലതാമസം നേരിട്ടെന്നു യു എസ് റെഗുലേറ്റർമാർ ആരോപിച്ചു.
രാജ്യങ്ങൾക്കിടയിലുള്ള നിയമ സഹകരണത്തിലെ നടപടിക്രമ തടസ്സങ്ങൾ സിവിൽ കേസിലെ പുരോഗതിയെ തടസ്സപ്പെടുത്തുകയാണെന്നു ആരോപിച്ച് യുണൈറ്റഡ് സ്റ്റേറ്റ്സ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ (എസ്ഇസി) ന്യൂയോർക്കിലെ ഈസ്റ്റേൺ ഡിസ്ട്രിക്റ്റിലെ ഫെഡറൽ കോടതിയെ സമീപിച്ചു.
കഴിഞ്ഞ വർഷം ഫയൽ ചെയ്ത കേസിൽ, അദാനി, അനന്തരവൻ സാഗർ അദാനി എന്നിവർക്കെതിരെ സെക്യൂരിറ്റീസ് നിയമ ലംഘനങ്ങൾ, അദാനി ഗ്രൂപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ നൽകൽ എന്നിവ ആരോപിച്ചാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് 11 ആയിട്ടും സമൻസ് അയച്ചിട്ടില്ല എന്നാണ് റിപ്പോർട്ട്. 2024 നവംബർ 22 ന് കൈക്കൂലി, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തി സമർപ്പിച്ച കുറ്റപത്രത്തെ തുടർന്നാണ് ന്യൂയോർക്ക് കോടതിയിൽ സിവിൽ കേസ് നിലവിലുള്ളത്.
ഇന്ത്യൻ സംസ്ഥാന വൈദ്യുതി വിതരണ കമ്പനികളിൽ നിന്ന് സൗരോർജ്ജ കരാറുകൾ നേടിയെടുക്കുന്നതിനായി 2020 മുതൽ 2024 വരെ നടന്നതായി ആരോപിക്കപ്പെടുന്ന കൈക്കൂലിയെ പറ്റിയാണ് കുറ്റപത്രത്തിൽ വിശദീകരിക്കുന്നത് . സൗരോർജ്ജ പദ്ധതിക്കായി കോടിക്കണക്കിന് ഡോളർ സമാഹരിക്കുന്നതിനിടയിൽ അദാനി ഗ്രൂപ്പ് അമേരിക്കൻ ബാങ്കുകളെയും നിക്ഷേപകരെയും തെറ്റിദ്ധരിപ്പിച്ചുവെന്നാണ് ആരോപണം.
സൗരോർജ്ജ കരാറുകൾ നേടിയെടുക്കുന്നതിനായി ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർക്ക് ഏകദേശം 265 മില്യൺ ഡോളർ കൈക്കൂലി നൽകാനുള്ള പദ്ധതിയിൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പ്രോസിക്യൂട്ടർമാർ ആരോപിച്ചു. ഇക്കാര്യം യുഎസ് നിക്ഷേപകരിൽ നിന്ന് മറച്ചുവച്ചു എന്നും ആരോപണം ഉയർന്നു. എന്നാൽ അദാനി ഗ്രൂപ്പ് ആരോപണങ്ങൾ പലതവണ നിഷേധിച്ചു. കേസ് മുന്നോട്ട് കൊണ്ടുപോകാൻ തുടർച്ചയായ ശ്രമങ്ങൾ നടത്തിയെങ്കിലും ഫെബ്രുവരിയിൽ ഇന്ത്യയുടെ നിയമ-നീതിന്യായ മന്ത്രാലയത്തിൽ നിന്ന് നടപടികളുടെ സഹകരണത്തിൽ കാലതാമസം നേരിട്ടതായി എസ്ഇസി അറിയിച്ചു.
ഗുജറാത്തിലെ അഹമ്മദാബാദിലുള്ള ഒരു കോടതിയിലേക്ക് മന്ത്രാലയം അപേക്ഷ കൈമാറിയതായി റിപ്പോർട്ടുണ്ട്. എന്നാൽ സമൻസ് അയച്ചതായി റെഗുലേറ്റർക്ക് സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഏറ്റവും പുതിയ ഫയലിംഗിൽ, നിയമ മന്ത്രാലയവുമായി തുടർച്ചയായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഹേഗ് കൺവെൻഷന് കീഴിലുള്ള സേവനം പിന്തുടരുന്നുണ്ടെന്നും എസ്ഇസി സ്ഥിരീകരിച്ചു.