യുക്രൈനുള്ള ആയുധ സഹായം മരവിപ്പിച്ച് അമേരിക്ക

യുക്രൈനുള്ള ആയുധ സഹായം ഭാഗികമായി മരവിപ്പിച്ച് യു.എസ്. വ്യോമപ്രതിരോധ സംവിധാനത്തില്‍ ഉപയോഗിക്കുന്ന മിസൈലുകള്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക ആയുധ സഹായമാണ് അമേരിക്ക മരവിപ്പിച്ചത്. വിദേശരാജ്യങ്ങള്‍ക്ക് നല്‍കുന്ന ആയുധസഹായത്തില്‍ ട്രംപ് ഭരണകൂടം നടത്തുന്ന പുനഃപരിശോധനയുടെ ഭാഗമായാണ് പുതിയ നീക്കം. അമേരിക്കന്‍ താത്പര്യങ്ങളെ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നാണ് വൈറ്റ് ഹൗസ് വ്യക്തമാക്കുന്നത്.
റഷ്യന്‍ വ്യോമാക്രമണങ്ങളെ പ്രതിരോധിക്കാന്‍ പാശ്ചാത്യരാജ്യങ്ങളുടെ സഹായം യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലെന്‍സ്‌കി അഭ്യര്‍ഥിച്ചിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി റഷ്യയില്‍ നിന്ന് ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ കൂടിയ സാഹചര്യത്തിലാണ് സെലെന്‍സ്‌കി സഹായം തേടിയത്.
കഴിഞ്ഞ ഞായറാഴ്ച നൂറുകണക്കിന് ഡ്രോണുകളും അറുപതിലധികം മിസൈലുകളുമാണ് റഷ്യ യുക്രൈന് നേരെ പ്രയോഗിച്ചത്. ആക്രമണത്തില്‍ ഒരു എഫ്-16 വിമാനം തകരുകയും ഒരു പൈലറ്റ് മരിക്കുകയും ചെയ്തിരുന്നു. 2022 യുദ്ധം ആരംഭിച്ചതിനുശേഷം യുക്രൈന്‍ നേരിട്ട ഏറ്റവും വലിയ ആക്രമണമാണ് ഞായറാഴ്ചയുണ്ടായത്.
ഇതിന് പിന്നാലെ യു.എസിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ വാങ്ങാന്‍ സന്നദ്ധമാണെന്ന് സെലെന്‍സ്‌കി വ്യക്തമാക്കിയിരുന്നു. ട്രംപ് അധികാരത്തില്‍ വന്നതുമുതല്‍ യുക്രൈന് നല്‍കിവരുന്ന ആയുധ സഹായം ക്രമേണ കുറഞ്ഞിരുന്നു. നേരത്തെ യുക്രൈന്‍ ഉപയോഗിച്ചിരുന്ന വ്യോമപ്രതിരോധ സംവിധാനങ്ങള്‍, ഡ്രോണുകള്‍, റോക്കറ്റ് ലോഞ്ചറുകള്‍, റഡാറുകള്‍, കവചിത വാഹനങ്ങള്‍ക്കെതിരേ ഉപയോഗിക്കുന്ന ആയുധങ്ങള്‍, യുദ്ധ ടാങ്കുകള്‍ എന്നിവയില്‍ അധികവും യു.എസ് ആയുധങ്ങളായിരുന്നു.
അമേരിക്കയുടെ പാട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനമാണ് യുക്രൈന്‍ നിലവില്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇതില്‍ ഉപയോഗിക്കുന്ന മിസൈലുകളുടെ ദൗര്‍ലഭ്യം അവരുടെ പ്രതിരോധ സംവിധാനത്തെ ബാധിക്കുന്നുണ്ട്. ഇതിനിടെയാണ് ആയുധസഹായം മരവിപ്പിച്ചിരിക്കുന്നതായി യു എസ് അറിയിച്ചത്..

Leave a Reply

Your email address will not be published. Required fields are marked *