ന്യുഡൽഹി: അധിക തീരുവയെ ചൊല്ലി ഇന്ത്യ – യു എസ് ബന്ധത്തിൽ സാരമായ വിള്ളൽ വന്നതിന് പിന്നാലെ റഷ്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ നീക്കം സജീവമാക്കി ഇന്ത്യ. റഷ്യയിൽ നിന്ന് എണ്ണവാങ്ങുന്നതിന്റെ പേരിലാണ് അമേരിക്ക മുഖ്യമായും ഇന്ത്യയോട് ഉടക്കുന്നത്. ഈ ഘട്ടത്തിൽ നടക്കുന്ന ഇന്ത്യാ – റഷ്യാ നയതന്ത്ര കൂടിക്കാഴ്ചയ്ക്ക് അന്തർദേശീയ പ്രധാന്യം ഏറെയാണ്. മാത്രമല്ല ഉടൻ തന്നെ റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിൻ ഇന്ത്യയിലേക്ക് എത്തുമെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ റഷ്യൻ സന്ദർശനത്തിന്റെ പശ്ചാത്തലത്തിലാണ് റിപ്പോർട്ടുകൾ. എന്നാൽ എപ്പോഴാണ് പുടിൻ ദില്ലിയിലെത്തുക എന്നതിൽ തീരുമാനമായിട്ടില്ല. ചൊവ്വാഴ്ച റഷ്യയിലെത്തിയ ഡോവൽ വ്യാഴാഴ്ച പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
റഷ്യയുടെ ദേശീയ സുരക്ഷാസമിതി സെക്രട്ടറി സെർഗെയി ഷൊയിഗുവുമായും ഡോവൽ ചർച്ചനടത്തി. ഇന്ത്യ-റഷ്യ ബന്ധം ശക്തിപ്പെടുത്തുന്നതായിരിക്കും പുതിന്റെ സന്ദർശനമെന്ന് അജിത് ഡോവലിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. വിവിധ മേഖലകളിൽ ഇന്ത്യ-റഷ്യ സഹകരണം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നേതാക്കൾ ചർച്ചനടത്തി. യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യക്കുമേൽ യുഎസിന്റെ സമ്മർദം മുറുകുന്ന പശ്ചാത്തലത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കും വഴിയൊരുങ്ങുന്നുണ്ട്.
യുഎഇയിൽവെച്ച് ട്രംപിനെക്കാണാൻ സാധിക്കുമെന്ന് പുടിൻ വ്യക്തമാക്കി. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സയീദ് അൽ നഹ്യാനുമായി നടത്തിയ ചർച്ചയ്ക്കുശേഷമാണ് പ്രതികരണം. കൂടിക്കാഴ്ച അടുത്തയാഴ്ചയുണ്ടാകുമെന്നാണ് റിപ്പോർട്ട്. യുക്രൈൻ യുദ്ധത്തിന്റെ പേരിൽ അന്താരാഷ്ട്രനീതിന്യായകോടതിയുടെ അറസ്റ്റുവാറന്റ് നേരിടുന്നതിനാൽ പുടിന്റെ വിദേശ സന്ദർശനം പരിമിതമാണ്. റഷ്യക്കുമേൽ സമ്മർദം ചെലുത്താൻ അവരുടെ വ്യാപാരപങ്കാളിക്കൾക്കെതിരേ അധികതീരുവ, സാമ്പത്തിക ഉപരോധം തുടങ്ങിയ കടുത്ത നടപടികളിലേക്ക് യുഎസ് നീങ്ങുന്ന പശ്ചാത്തലത്തിൽക്കൂടിയാണ് കൂടിക്കാഴ്ച.
ഇതിനിടെ ഇന്ത്യയുമായി ഇനി വ്യാപര ചർച്ചകളേ ഉണ്ടാവില്ലെന്ന് അസന്നിഗ്ദമായി പ്രഖ്യാപിച്ചിരിക്കുകയാണ് ട്രംപ്. രണ്ടാം ഘട്ട താരിഫ് കൂടി നടപ്പിലായതിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ ധാരണയുണ്ടാകൂ എന്നും ട്രംപ് പറഞ്ഞു. എന്തായാലും ഇനി അമേരിക്കയെ കൂടുതൽ ആശ്രയിക്കേണ്ടതില്ല എന്ന പരോക്ഷ തീരുമാനത്തിലേക്ക് രാജ്യവും എത്തിയിട്ടുണ്ടെന്നതും വ്യക്തം. അതിന്റെ മുന്നോടിയായാണ് ബ്രിക്സ് രാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കാനുള്ള നീക്കം ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്.
ഇന്നലെ ഏകദേശം മുക്കാൽ മണിക്കൂറാണ് ബ്രസിൽ പ്രസിഡന്റ് ലുല ഡ ഡിസിൽവയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചത്. എന്ത് പ്രതിസന്ധിയും ഒന്നിച്ചു നേരിടാമെന്നും റഷ്യയെയും മറ്റ് ബ്രിക്സ് രാജ്യങ്ങളെയും ഒറ്റക്കെട്ടായി നിർത്താമെന്നും ഇരുവരും പ്രതീക്ഷ പങ്കുവെച്ചു. അതിനുള്ള പ്രാരംഭ നടപടികൾ ആരംഭിക്കുകയും ചെയ്തു.
അമേരിക്കയുമായുള്ള ബന്ധം ഉലയുന്നതിനെ ഇന്ത്യ സാരമാക്കുന്നില്ലെന്നാണ് നിലവിലെ സൂചന. മറിച്ച വിപണിയിലുണ്ടാവുന്ന മന്ദത എങ്ങനെയെല്ലാം മറികടക്കാം എന്നത് മാത്രമാണ് ആലോചനയിലുള്ളത്. അതിന് ബ്രിക്സ് ചർച്ചകൾ ഉപകാരപ്പെടും എന്നാണ് കണക്ക് കൂട്ടൽ. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് തുറന്ന കത്തുമായി ആം ആദ്മി പാർട്ടിയും ലവ്ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റി ചാൻസലറുമായ അശോക കുമാർ മിത്തൽ രംഗത്തെയതിനെ പൂർണമായും അവഗണിക്കാൻ വയ്യ. 146 കോടി ഇന്ത്യക്കാർ രാജ്യത്ത് പ്രവലർത്തിക്കുന്ന അമേരിക്കൻ കമ്പനികൾ ബഹിഷ്കരിച്ചാൽ എന്ത് സംഭവിക്കും എന്ന ചോദ്യമാണ് മിത്തൽ കത്തിൽ പങ്കുവെച്ചത്. എക്സിലാണ് കത്ത് പങ്കുവെച്ചത്. മാത്രമല്ല ട്രംപ് ഡെഡ് എക്കണോമി എന്ന് വിശേഷിപ്പിച്ച രാജ്യമാണ് ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ സമ്പത് വ്യവസ്ഥയെന്നും മിത്തൽ സൂചിപ്പിച്ചു.
വിദ്യാഭ്യാസം, സാമ്പത്തികം, സാങ്കേതിക വിദ്യ എന്നീ മേഖലകളിൽ മാത്രമായി അമേരിക്കൻ കമ്പനികൾ പ്രതിവർഷം എൺപത് ബില്യൺ ഡോളറാണ് സമ്പാദിക്കുന്നതെന്നും അശോക് കുമാർ മിത്തൽ പറഞ്ഞു. അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയായ യൂറോപ്യൻ യൂണിയൻ കഴിഞ്ഞ വർഷം റഷ്യയുമായിഏകദേശം എഴുപത് ബില്യണ യൂറോയുടെ വ്യാപാരം നടത്തിക്കഴിഞ്ഞു. റഷ്യയിൽ നിന്ന് യുറേനിയവും പല്ലേഡിയവും ഇറക്കുമതി ചെയ്യുന്ന അമേരിക്ക എന്ത് അടിസ്ഥാനത്തിലാണ് റഷ്യയുമായി ഇന്ത്യയ്ക്ക് വ്യാപാരം പാടില്ലെന്ന് പറയുന്നതെന്ന ചോദ്യവും രാജ്യം പൊതുവെ ഉന്നയിക്കുന്നുണ്ട്.