ലോകമേധാവിത്വം ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചുറപ്പിക്കുകയാണ് ഇറാനില്‍ നടത്തിയ ആക്രമണത്തിലൂടെ അമേരിക്ക. വലിയ വെല്ലുവിളികളൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയാണ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ വ്യോമസേനയുടെ പോര്‍വിമാനങ്ങളെ ഇറാനിയന്‍ ആണവകേന്ദ്രങ്ങളിലേക്കയച്ചത്. റഷ്യയുടെയും ചൈനയുടെയും ഭീഷണി വകവയ്ക്കാതെയായിരുന്നു അമേരിക്കയുടെ ആക്രമണം. ഇസ്രായേല്‍-ഇറാന് യുദ്ധത്തില്‍ മൂന്നാം കക്ഷി ഇടപെടല്‍ വന്നതോടെ ഇറാനെ സഹിയിക്കുന്ന റഷ്യയുടെയും ചൈനയുടെയും പ്രതികരണങ്ങള്‍ക്കായി ഉറ്റു നോക്കുകയാണ് ലോകം.
ഇറാനെ ആണവായുധം നിര്‍മിക്കുന്നതില്‍ നിന്ന് തടയുക എന്നതാണ് ഇപ്പോള്‍ നടക്കുന്ന ആക്രമണങ്ങളുടെ ലക്ഷ്യം. എന്നാല്‍ ആണവ നിലയങ്ങള്‍ ആക്രമിച്ചാല്‍ അത് ചെര്‍ണോബില്‍ പോലുള്ള ദുരന്തത്തിനിടയാക്കുമെന്ന് റഷ്യ മുന്നറിയിപ്പു നല്കുന്നു. റഷ്യയുടെ മേല്‍നോട്ടത്തിലാണ് ഇറാനില്‍ പ്രധാന ആണവ നിലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടു തന്നെ യുഎസ് ഇപ്പോള്‍ നടത്തിയ ആക്രമണം റഷ്യക്കുള്ള താക്കീത് കൂടിയായി മാറുന്നുണ്ട്.
ലോകത്തെവിടെയും കടന്നു ചെന്ന് ആക്രമണം നടത്താന്‍ പ്രാപ്തിയുള്ള ബി2 സ്റ്റെല്‍ത്ത് ബോംബര്‍ വിമാനങ്ങളാണ് റഷ്യയുടെ മൂക്കിന് താഴെ ആക്രമണം നടത്തി മടങ്ങിയത്. സാധാരണ നിലയില്‍ റഷ്യയെ ഇത് ചൊടിപ്പിക്കേണ്ടതാണെങ്കിലും ട്രംപ്-പുടിന് അന്തര്‍ധാര ശക്തമായതിനാല്‍ കടുത്ത പ്രതികരണങ്ങള്‍ക്ക് സാധ്യത കുറവാണ്. ചൈനയെ നേരിട്ട് ബാധിക്കുന്ന വിഷയമല്ലാത്തതിനാല്‍ അവരും സൂക്ഷിച്ചു മാത്രമാണ് പ്രതികരിക്കുക.
ഇറാന് ആണവായുധ നിര്‍മാണ ശേഷിയുണ്ടോ എന്ന കാര്യത്തില്‍ യുഎസില്‍ തന്നെയുള്ള ഭിന്നാഭിപ്രായങ്ങള്‍ തള്ളിയാണ് ട്രംപ് ഇറാനില്‍ ആക്രമണത്തിന് ഉത്തരവിട്ടത്. ഇറാന് ആണവായുധം നിര്‍മിക്കുന്നില്ലെന്ന് യുഎസ് നാഷനല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുള്‍സി ഗബാര്‍ഡ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാലിത് ട്രംപിനെ ക്ഷുഭിതനാക്കി. ‘അവര്‍ പറയുന്നത് ഞാന്‍ അംഗീകരിക്കുന്നില്ല’ എന്ന് ട്രംപ് തുറന്നടിച്ചു. ഇതോടെ, തുള്‍സിക്ക് പ്രസ്താവന തിരുത്തിപ്പറയേണ്ടിവന്നു.
ദുര്‍ബല ഭീഷണികള്‍ മാത്രമേ ഇറാന് ആക്രമണത്തില്‍ അമേരിക്കക്ക് നേരിടേണ്ടി വരുന്നുള്ളൂ. ഇസ്രയേലിനൊപ്പം പങ്കുചേര്‍ന്ന് ഇറാനെ ആക്രമിച്ചാല്‍ ചെങ്കടലില്‍ യുഎസ് ചരക്കു കപ്പലുകള്‍ക്കും യുദ്ധക്കപ്പലുകള്ക്കുമെതിരെയുള്ള ആക്രമണം പുനരാരംഭിക്കുമെന്ന് യെമനിലെ ഹൂതി വിമതര്‍ മുന്നറിയിപ്പ് നല്‍കിയത് മാത്രമാണ് ഉയര്‍ന്ന ഭീഷണി ശബ്ദം









