വയറിന്റെ മുകൾ ഭാഗത്ത് വേദന, ഭാരം കുറയുക; പിത്താശയത്തിലെ അർബുദ ലക്ഷണങ്ങൾ അറിയാതെ പോകരുത്

പിത്താശയത്തിലെ കാൻസർ വളരെ അപൂർവമായിട്ട് കാണുന്ന ഒന്നാണ്. അതിനാൽ തന്നെ പലപ്പോഴും രോഗം മൂർച്ഛിക്കുന്ന ഘട്ടമെത്തുമ്പോഴാണ് രോഗനിർണയം സാധ്യമാകുന്നത്. ഇത് രോഗം ഭേദമാക്കാനുള്ള സാധ്യത കുറയ്ക്കുന്നതിനൊപ്പം ചികിത്സയും ബുദ്ധിമുട്ടുള്ളതാക്കുന്നു. ലോകത്തിലെ പിത്താശയ അര്‍ബുദങ്ങളില്‍ 10 ശതമാനവും ഇന്ത്യയിലാണെന്നതാണ് മറ്റൊരു വസ്തുത.

പിത്താശയത്തില്‍ അടിക്കടി രൂപപ്പെടുന്ന കല്ലുകള്‍, അണുബാധ, അമിതവണ്ണം, പിത്താശയത്തിന്റെ കുടുംബചരിത്രം, ജനിതക കാരണങ്ങള്‍, കൊഴുപ്പ്‌ ഉയര്‍ന്നതും ഫൈബര്‍ കുറഞ്ഞതുമായ ഭക്ഷണക്രമം എന്നിവയൊക്കെ പിത്താശയ അര്‍ബുദത്തിലേക്ക്‌ നയിക്കാവുന്ന ചില ഘടകങ്ങളാണ്.

അടിവയറിന്‌ വലത്‌ ഭാഗത്ത്‌ മുകളിലായുള്ള വേദന, അകാരണമായ ഭാരനഷ്ടം, വയറില്‍ ഗ്യാസ്‌ കെട്ടല്‍, മഞ്ഞപിത്തം എന്നിവയെല്ലാം പിത്താശയത്തിലെ അര്‍ബുദ ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങളെ കുറിച്ച് നേരത്തെ മനസിലാക്കുന്നത് രോഗം നേരത്തെ തിരിച്ചറിയാനും ചികിത്സ നേരത്തെ തുടങ്ങാനും സഹായിക്കും. എംആര്‍ഐ, സിടിസ്‌കാനുകള്‍, അള്‍ട്രാസൗണ്ട്‌ പരിശോധന എന്നിവ രോഗനിർണയത്തിന് സഹായിക്കും

വയറിന്റെ മുകൾ ഭാഗത്തെ വേദന

വാരിയെല്ലുകൾക്ക് തൊട്ടുതാഴെ വലതുവശത്തായി ഉണ്ടാകുന്ന നേരിയ വയറുവേദനയാണ് പിത്താശയ അർബുദത്തിന്റെ ആദ്യത്തെ ലക്ഷണങ്ങളിൽ ഒന്ന്. ​ഗ്യാസിന്റേയോ ദഹനക്കേടിന്റേയോ പ്രശ്നമാകാമെന്ന് ആളുകൾ തെറ്റിദ്ധരിക്കാറുണ്ട്. ഈ ഭാഗത്ത് സ്ഥിരമായി നിലനിൽക്കുന്ന വേദനയുണ്ടെങ്കിൽ ഉടൻ ഡോക്ടറെ കാണുക.

ശരീര ഭാരം കുറയുക, വിശപ്പില്ലായ്മ

കാരണമൊന്നും ഇല്ലാതെ ശരീര ഭാരം കുറയുന്നത് പിത്താശയത്തിലെ അർബുദത്തിന്റെ ലക്ഷണമാകാം. അർബുദബാധ ശരീരത്തിലെ ഊർജത്തിന്റെ ഉപയോഗത്തെയും പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനെയും തടസപ്പെടുത്തുന്നതാണ് പെട്ടെന്ന് ഭാരം കുറയുന്നതിന്റെ കാരണം.

മഞ്ഞപ്പിത്തം

പിത്താശയത്തിലെ അർബുദം മൂലം പിത്ത നാളി തടസ്സപ്പെടുകയും പിത്തരസം(ബൈൽ) രക്തത്തിൽ അടിഞ്ഞുകൂടുകയും ചെയ്യുന്നു. ഇതുമൂലം, ചർമത്തിലും കണ്ണിന്റെ വെള്ളയിലും മഞ്ഞനിറം പ്രത്യക്ഷപ്പെടുന്നു. തുടക്കത്തിൽ ഈ മഞ്ഞനിറം വളരെ നേർത്തതായതിനാൽ തിരിച്ചറിയാൻ പ്രയാസമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *