കാരണമില്ലാതെയുള്ള ക്ഷീണം, വിയർപ്പ് ശ്രദ്ധിക്കുക; കുടലിലെ അർബുദം ആകാം

അർബുദം ബാധിച്ചുള്ള മരണങ്ങളിൽ രണ്ടാമതാണ് കുടലിലെ അർബുദം. ലോകത്ത് ഏറ്റവുമധികം നിർണയിക്കപ്പെടുന്ന മൂന്നാമത്തെ അർബുദവും കുടലിലാണ്. വൻകുടലിൽ ഉണ്ടാവുന്ന ഒരു തരം കാൻസറാണ് കോളൻ കാൻസർ. വൻകുടലിന്റെ ഭാഗമായ കോളണിൽ ആരംഭിക്കുന്ന കോശങ്ങളുടെ വളർച്ചയാണ് കോളൻ കാൻസറിന് കാരണമാകുന്നത്. ഏത് പ്രായത്തിലും രോഗം വരാം.

വയറിളക്കം അല്ലെങ്കിൽ മലബന്ധം അല്ലെങ്കിൽ മലത്തിന്റെ സ്ഥിരതയിലെ മാറ്റം എന്നിങ്ങനെയുള്ള മാറ്റങ്ങളാണ് കാൻസറിന്റെ ആദ്യ ലക്ഷണമായി കാണിക്കുന്നത്. മലാശയ രക്തസ്രാവം അല്ലെങ്കിൽ നിങ്ങളുടെ മലത്തിൽ രക്തം, മലബന്ധം, ഗ്യാസ് അല്ലെങ്കിൽ സ്ഥിരമായ വയറുവേദന, ബലഹീനത അല്ലെങ്കിൽ ക്ഷീണം, ശരീരഭാരം കുറവ് എന്നിവയെല്ലാം പ്രാഥമിക ലക്ഷണങ്ങളിൽ വരുന്നതാണ്. രോഗം തിരിച്ചറിയാൻ സഹായിക്കുന്ന ചില ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

  1. വയർ വീർക്കുക

വിട്ടുമാറാതെ വയറുവീർക്കുന്നത് കുടലിലെ കാൻസറിന്റെ ലക്ഷണമാകാം. ട്യൂമറുകൾ കുടലിനെ ഭാഗികമായി തടസ്സപ്പെടുത്തുമ്പോൾ ​​ഗ്യാസും മാലിന്യങ്ങളും അടിഞ്ഞുകൂടുന്നതാണ് ഇതിന് കാരണം. ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടും ഈ പ്രശ്നം മാറുന്നില്ലെങ്കിൽ ഉടൻ ഡോക്ടറെ കാണണം.

  1. രാത്രിയിൽ വിയർക്കുക

കുടലിൽ കാൻസർ ഉള്ളപ്പോൾ രാത്രിയിൽ അമിതമായി വിയർക്കാൻ സാധ്യതയുണ്ട്. ശരീരത്തിന്റെ താപനില നിയന്ത്രണത്തെ ട്യൂമറുകൾ ബാധിക്കുന്നതാണ് ഇതിന് കാരണം. രോ​ഗത്തിനെതിരായി പ്രതിരോധ സംവിധാനം കൂടുതൽ പ്രവർത്തിക്കുന്നത് പനിക്കും വിയർപ്പിന് കാരണമാകുന്ന പദാർഥങ്ങൾ പുറത്തുവിടുന്നതിലേക്കും നയിക്കുന്നു.

  1. കാരണമൊന്നുമില്ലാതെ ക്ഷീണം കുടലിലെ ട്യൂമറുകൾ പലപ്പോഴും ആന്തരിക രക്തസ്രാവത്തിന് കാരണമാകുന്നു. ഇത് വിളർച്ചയ്ക്കും ശരീരകലകളിലേക്ക് ആവശ്യമായ ഓക്സിജൻ എത്താതിരിക്കുന്നതിനും ഇടയാക്കുന്നു. ഇതിന്റെ ഫലമായാണ് കാൻസറുമായി ബന്ധപ്പെട്ട തളർച്ചയുണ്ടാകുന്നത്. ഈ തളർച്ച വിശ്രമിച്ചാലും മാറില്ല. ഈ രീതിയിൽ പ്രത്യേകിച്ച് കാരണങ്ങളില്ലാതെ ആവശ്യമായ ഉറക്കം ലഭിച്ചതിന് ശേഷവും ക്ഷീണം അനുഭവപ്പെടുന്നെങ്കിൽ ഉടൻ വൈദ്യസഹായം തേടുക.
  2. മലത്തിൽ രക്തം

മലവിസർജന സമയത്ത് രക്തം കാണുന്നെങ്കിൽ ശ്രദ്ധ വേണം. വൻകുടലിലോ മലാശയത്തിലോ ഉള്ള ട്യൂമറുകളിൽ നിന്ന് രക്തം പൊടിയുന്നതാണ് ഇതിന് കാരണം. ഈ രക്തസ്രാവം കടും ചുവപ്പ് നിറത്തിലോ കറുത്ത നിറത്തിലോ കാണപ്പെടാം. ഈ ലക്ഷണങ്ങളുണ്ടെങ്കിൽ ഉടൻ ഡോക്ടറെ കാണണം.

Leave a Reply

Your email address will not be published. Required fields are marked *