കുൽഗാം: ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു . ശനിയാഴ്ച ഓപ്പറേഷന്‍ അഖലിന്റെ ഭാഗമായുണ്ടായ ഏറ്റുമുട്ടലിലാണ് സൈനികര്‍ വീരമൃത്യുവരിച്ചത്. ലാന്‍സ് നായിക് പ്രിതിപാല്‍ സിങ്, ശിപായി ഹര്‍മിന്ദര്‍ സിങ് എന്നിവർക്കാണ് വീരമൃത്യു. ചിനാൽ കോർപ്സ് എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഇരുവരുടെയും ഉന്നതമായ ത്യാഗത്തിനും ധീരതയും അര്‍പ്പണബോധവും എന്നെന്നും പ്രചോദനമാകുമെന്ന് പോസ്റ്റിൽ പറയുന്നു. വീരമൃത്യുവരിച്ച സൈനികരുടെ കുടുംബത്തോടൊപ്പം നില്‍ക്കും. ദൗത്യം തുടരും എന്നും സൈന്യം എക്‌സില്‍ ട്വീറ്റ് ചെയ്തു. ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ഒമ്പത് ദിവസമായി മേഖലയില്‍ ഒളിച്ചിരിക്കുന്ന ഭീകരവാദികള്‍ക്കെതിരായ ഓപ്പറേഷന്‍ അഖല്‍ തുടരുകയാണ്. ഇതുവരെ 10 സൈനികര്‍ക്ക് പരിക്കേറ്റു.
ഓപ്പറേഷന്‍ അഖലിന്റെ ഭാഗമായി മേഖലയിൽ തുടരുന്ന പോരാട്ടത്തിൽ ഇതുവരെ അഞ്ച് ഭീകരവാദികളെ സുരക്ഷാസേന വധിച്ചിരുന്നു. ഇതില്‍ മൂന്നുപേര്‍ പഹല്‍ഗാം ഭീകരാക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത ഭീകരവാദികളാണെന്നാണ് സൈന്യം സ്ഥിരീകരിക്കുന്നത്. ഓഗസ്റ്റ് ഒന്നിനാണ് ദക്ഷിണ കശ്മീരിലെ അഖലില്‍ സുരക്ഷാ സേന ഭീകരവിരുദ്ധ ദൗത്യം തുടങ്ങിയത്. സമീപകാലത്ത് നടന്ന ഏറ്റവും ദൗര്‍ഘ്യമേറിയ ഭീകരവിരുദ്ധ ദൗത്യമാണ് ഓപ്പറേഷന്‍ അഖല്‍.
മൂന്ന് ഭീകരവാദികള്‍ കൂടി അഖലിലെ വനമേഖലയ്ക്കുള്ളിലുണ്ട് എന്ന് സുരക്ഷാസേനയ്ക്ക് വിവരം ലഭിച്ചിരുന്നു. പ്രദേശത്തെ സ്വാഭാവിക ഗുഹകളിലാണ് ഇവര്‍ താവളമടിച്ചിരിക്കുന്നതെന്നാണ് സുരക്ഷാസേന പറയുന്നത്. ദുര്‍ഘടമായ പ്രദേശമായതിനാല്‍ ഭികരവാദികളെ പിടികൂടുക അത്ര എളുപ്പമല്ല. ഭീകരവാദികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതനുസരിച്ച് നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
പാരാകമാന്‍ഡോകളും സിആര്‍പിഎഫും ജമ്മുകശ്മീര്‍ പോലീസും സംയുക്തമായാണ് ഭീകരവിരുദ്ധ നീക്കം നടത്തുന്നത്. ഡ്രോണുകളുടെയും ഹെലികോപ്റ്ററുകളുടെയും സഹായത്തോടെ ഒളിച്ചിരിക്കുന്ന ഭീകരവാദികളെ കണ്ടെത്താന്‍ ശ്രമം തുടരുകയാണ്.