മലയാളത്തിലെ ഏറ്റവും വലിയ മള്‍ട്ടിസ്റ്റാര്‍ ചിത്രമായ 20 ട്വന്റി വീണ്ടും തിയറ്ററുകളിലേക്ക്. ഛോട്ടാം മുംബൈ നേടിയ വിജയത്തിന് പിന്നാലെ മോഹന്‍ലാലിന്റെ മൂന്നു സിനിമകളാണ് തിയറ്ററില്‍ റി റിലീസിനൊരുങ്ങുന്നത്. ട്വന്റി 20 കൂടാതെ തേന്മാവിന് കൊമ്പത്ത്, രാവണപ്രഭു എന്നീ സിനിമകളുടെ റി മാസ്റ്ററിംഗ് ജോലികള്‍ പുരോഗമിക്കുകയാണെന്ന് റീമാസ്റ്റര്‍ ചെയ്യുന്ന കമ്പനിയായ മാറ്റിനി നൗവിന്റെ ഉടമ സോമദത്തന്‍പിള്ള പറഞ്ഞു.
ഉദയകൃഷ്ണ-സിബി കെ. തോമസ് രചിച്ച് ജോഷി സംവിധാനം ചെയ്ത 2008ല്‍ പുറത്തിറങ്ങിയ ട്വന്റി 20 ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ്. താര സംഘടനയായ അമ്മയ്ക്ക് വേണ്ടി ദിലീപ് നിര്‍മ്മിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങിയ മലയാളത്തിലെ മുഖ്യതാരങ്ങളെല്ലാം അഭിനയിച്ചിട്ടുണ്ട്. കേരളത്തിലും തമിഴ്നാട്ടിലും വിദേശരാജ്യങ്ങളിലും റിലീസ് ചെയ്ത ചിത്രം ആ വര്‍ഷത്തെ ബ്ലോക്ക് ബസ്റ്ററായിരുന്നു.

1994-ല്‍ പ്രിയദര്ശന് രചനയും സംവിധാനവും നിര്‍വഹിച്ച റൊമാന്റിക് കോമഡി ചിത്രമായ തേന്മാവിന് കൊമ്പത്തിന് പുതിയ തലമുറയിലും ആരാധകരുണ്ട്. മോഹന്‍ലാല്‍-ശോഭനയുടെ കെമിസ്ട്രിയാണ് സിനിമയുടെ ഹൈലൈറ്റ്. ബേണി-ഇഗ്നേഷ്യസ് ഒരുക്കിയ എവര്‍ഗ്രീന്‍ ഗാനങ്ങളും ചിത്രത്തിന്റെ കരുത്താണ്. ആ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം രണ്ട് ദേശീയ ചലച്ചിത്ര അവാര്‍ഡുകളും അഞ്ച് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും നേടി. തമിഴില്‍ മുത്തു (1995), ഹിന്ദിയില്‍ സാത് രംഗ് കെ സപ്നേ (1998) എന്നിങ്ങനെ കന്നഡയില്‍ സാഹുകര (2004) എന്നീ പേരുകളില്‍ ചിത്രം പുനര്‍നിര്‍മ്മിച്ചു.

2001ല്‍ പുറത്തിറങ്ങിയ രാവണപ്രഭു രഞ്ജിത്ത് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ്. 1993-ല്‍ പുറത്തിറങ്ങിയ ദേവാസുരത്തിന്റെ തുടര്‍ച്ചയായ രാവണപ്രഭുവില്‍ മോഹന്‍ലാല്‍ മംഗലശ്ശേരി നീലകണ്ഠനായും എം.എന്‍. കാര്ത്തികേയന് എന്ന അച്ഛനും മകനുമായി ഇരട്ട വേഷങ്ങളിളാണ് അഭിനയിച്ചത്. നീലകണ്ഠന്റെ മുഖ്യശത്രുവായ മുണ്ടക്കല്‍ ശേഖരന്റെ വേഷത്തില്‍ നെപ്പോളിയനും. നീലകണ്ഠന്റെ മകന് എം.എന്‍. കാര്‍ത്തികേയനും അവരുടെ പൂര്‍വ്വിക ഭവനമായ മംഗലശ്ശേരി തറവാട് തിരിച്ചുപിടിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളുമാണ് കഥാതന്തു.