തിരുവനന്തപുരം :തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ മുടങ്ങുന്ന അവസ്ഥയാണെന്നും ആശുപത്രിയിൽ ഉപകരണങ്ങൾ ഇല്ലെന്നും, അവ വാങ്ങിനൽകാൻ ഉദ്യോഗസ്ഥരും മറ്റുള്ളവരുടെയും ഭാഗത്തുനിന്നും നടപടിയുണ്ടാകുന്നില്ലെന്നും ആരോപിച്ച് യൂറോളജി വിഭാഗം മേധാവി ഹാരിസ് ചിറയ്ക്കൽ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കു വെച്ചതിനു പിന്നാലെ ഡോ ഹാരിസിന്റെ വാദം തള്ളി ഡിഎംഇ രംഗത്ത് വന്നു.
പലരോടും അപേക്ഷിച്ചിട്ടും നടക്കാത്തതുകൊണ്ടാണ് ഇക്കാര്യങ്ങൾ പൊതുജനങ്ങളോട് പറയുന്നതെന്നും ജോലി രാജിവെച്ചുപോകാനാണ് തോന്നുന്നതെന്നും ഡോ ഹാരിസ് കുറിച്ചിരുന്നു. ഗുരുതര പ്രശ്നങ്ങളുമായി വരുന്ന രോഗികളുടെ ഓപ്പറേഷൻ അടക്കം മാറ്റിവെയ്ക്കേണ്ടി വരികയാണെന്നും മികച്ച ചികിത്സ നൽകാൻ ഡോക്ടർമാർ തയ്യാറായിട്ട് പോലും അനങ്ങാപ്പാറ പോലെ ബ്യൂറോക്രസിയുടെ മതിൽ മുൻപിൽ നിൽക്കുകയാണെന്നും ഡോ ഹാരിസ് ചിറക്കൽ കുറ്റപ്പെടുത്തുന്നു. പലരോടും അപേക്ഷിച്ചിട്ടും യാതൊരു പരിഹാരവും ഇല്ല എന്നും ഹാരിസ് പറയുന്നുണ്ട്. ഡോ ഹാരിസിന്റെ പോസ്റ്റ് സംവിധാനത്തെ നാണംകെടുത്താൻ വേണ്ടിയുള്ളതാണെന്നും വിശദീകരണം ആവശ്യപ്പെടുമെന്നും വാദം തള്ളി ഡിഎംഇ പറഞ്ഞു.
ഉപകരണത്തിന് കേടുപാട് സംഭവിച്ചതിനാൽ ഒരു ശസ്ത്രക്രിയ മാത്രമാണ് മാറ്റിവെച്ചത്. ബാക്കി ശസ്ത്രക്രിയകൾ എല്ലാം പൂർത്തിയാക്കിയെന്നും ഡോക്ടർ ഹാരിസിനെ തള്ളി ഡിഎംഇ വ്യക്തമാക്കി.ഫേസ്ബുക്ക് പോസ്റ്റിൽ ഡോ. ഹാരിസ് ആരോപിച്ച എല്ലാ കാര്യങ്ങളും തെറ്റാണെന്നും ഡിഎംഇ പറഞ്ഞു. നാല് വർഷത്തിനിടെ കോടികൾ വിലമതിക്കുന്ന പല ഉപകരണങ്ങളും വാങ്ങിയിട്ടുണ്ട്. ഇന്നലെ രാവിലെ പോലും ശസ്ത്രക്രിയ നടന്നു. മൂത്രത്തിലെ കല്ല് മാറ്റാനുള്ള ഉപകരണമാണ് കേടുപാട് മൂലം മാറ്റിയത് എന്നും ഡിഎംഇ കൂട്ടിച്ചേർത്തു.
പ്രതിസന്ധി ആരോപിച്ചുള്ള പോസ്റ്റ് ഡോ. ഹാരിസ് ചിറക്കൽ പിൻവലിച്ചു .