ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ യുഎസ് സന്ദർശനം തുടരുന്നതിനിടെ ഗാസയിലെ വിവിധയിടങ്ങളിൽ ഇസ്രയേൽ ആക്രണം രൂക്ഷം. 51 പലസ്തീൻ സ്വദേശികൾ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ ബെയ്ത്ത് ഹനൂമിൽ സ്ഫോടനത്തിൽ 5 ഇസ്രയേൽ സൈനികരും കൊല്ലപ്പെട്ടു. 14 സൈനികർക്കും പരുക്കേറ്റു. ദോഹയിൽ നടക്കുന്ന വെടിനിർത്തൽ ചർച്ചയിൽ ഇരുപക്ഷത്തെയും 80 ശതമാനത്തോളം ഭിന്നതകൾ പരിഹരിച്ചെങ്കിലും അന്തിമ ധാരണയാകാൻ ഏതാനും ദിവസം കൂടിയെടുക്കുമെന്ന് ഇസ്രയേൽ അധികൃതർ വ്യക്തമാക്കിയിരുന്നു.
യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് അടുത്തദിവസം ദോഹയിലെത്തും. വടക്കൻ ഗാസയിൽ ഉഗ്രശേഷിയുള്ള സ്ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് 5 സൈനികർ കൊല്ലപ്പെട്ടത്. സ്ഫോടനത്തിനുശേഷം കനത്ത വെടിവയ്പുമുണ്ടായി. രണ്ടാഴ്ച മുൻപു ഖാൻ യൂനിസിൽ സൈനികവാഹനത്തിൽ ഘടിപ്പിച്ച ബോംബ് പൊട്ടി 7 ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടിരുന്നു.
2023 ഒക്ടോബർ 7നു തെക്കൻ ഇസ്രയേലിൽ ഹമാസ് നടത്തിയ കടന്നാക്രമണത്തിൽ ലൈംഗിക അതിക്രമങ്ങളുമുണ്ടായെന്ന് ഇസ്രയേൽ സംഘടനയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ദൃക്സാക്ഷികളുടെയും മോചിതരായ ബന്ദികളുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണു റിപ്പോർട്ട് തയ്യാറാക്കിയത്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഇന്ന് വീണ്ടും കൂടിക്കാഴ്ച നടത്തും. വെടിനിർത്തൽ, ബന്ദികളുടെ മോചനം എന്നിവ സംബന്ധിച്ച് ചർച്ച ചെയ്യാൻ ഖത്തറിൽ നിന്നുളള പ്രതിനിധിസംഘം വൈറ്റ്ഹൗസിലെത്തി. ഡോണൾഡ് ട്രംപുമായി നെതന്യാഹു കൂടിക്കാഴ്ച നടത്തുന്നതിനു മുൻപും വൈറ്റ്ഹൗസ് അധികൃതരുമായി പ്രതിനിധിസംഘം മണിക്കൂറുകളോളം ചർച്ച നടത്തി