വെനിസ്വേലൻ പ്രസിഡന്റ് മഡുറോയെ അറസ്റ്റ് ചെയ്യാൻ സഹായിക്കുന്നവർക്ക് പാരിതോഷികം 50 മില്യൺ ഡോളറായി ഉയർത്തി അമേരിക്ക. മയക്കുമരുന്ന് കടത്ത്, ക്രിമിനൽ ഗ്രൂപ്പുകളുമായുള്ള ബന്ധം എന്നീ കുറ്റങ്ങൾ ചുമത്തി യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ട്രെൻ ഡി അരഗ്വ, സിനലോവ കാർട്ടൽ തുടങ്ങിയ പ്രമുഖ ക്രിമിനൽ ഗ്രൂപ്പുകളുമായി മഡുറോ സഹകരിക്കുന്നുണ്ടെന്ന് ബോണ്ടി എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ആരോപിക്കുന്നു.
ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും പരിഹാസ്യമായ കാര്യമെന്നാണ് നടപടിയെ വെനിസ്വേലൻ വിദേശകാര്യ മന്ത്രി ഇവാൻ ഗിൽ പ്രതികരിച്ചത്.”നമ്മുടെ മാതൃരാജ്യത്തിന്റെ അന്തസ്സ് വിൽപ്പനയ്ക്കുള്ളതല്ല. ഈ ക്രൂരമായ രാഷ്ട്രീയ പ്രചാരണ പ്രവർത്തനത്തെ ഞങ്ങൾ നിരാകരിക്കുന്നു,”- എന്നും അദ്ദേഹം കുറിപ്പിൽ പങ്കുവച്ചു. 2020 ലാണ് യുഎസ് പ്രോസിക്യൂട്ടർമാർ മഡുറോയ്ക്കെതിരെ മയക്കുമരുന്ന് കടത്ത് ആരോപിച്ച് കുറ്റവാളിയായി പ്രഖ്യാപിച്ചത്. കുറ്റം ചുമത്തപ്പെട്ട വേളയിൽ പ്രതിഫലം 15 മില്യൺ ഡോളറായി പ്രഖ്യാപിച്ചിരുന്നു. 2025 ജനുവരിയിൽ മഡുറോ മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്തതോടെ ഇത് 25 മില്യൺ ഡോളറായി ഉയർത്തി.
യുഎസ് നീതിന്യായ വകുപ്പിന്റെ ആരോപണമനുസരിച്ച്, മഡുറോ “കാർട്ടൽ ഓഫ് ദി സൺസ്” എന്ന മയക്കുമരുന്ന് കടത്ത് ശൃംഖലയ്ക്ക് നേതൃത്വം നൽകി, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ നൂറുകണക്കിന് ടൺ മയക്കുമരുന്ന് അമേരിക്കയിലേക്ക് കടത്തി, കോടിക്കണക്കിന് ഡോളർ അനധികൃത ലാഭം നേടിയെന്നും ആരോപണം ഉയരുന്നത്. കൊളംബിയയിലെ FARC, ട്രെൻ ഡി അരഗ്വ, മെക്സിക്കോയിലെ സിനലോവ കാർട്ടൽ എന്നിവയുമായി ഈ സംഘം ബന്ധം പുലർത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയത്. 30 ടൺ കൊക്കെയ്ൻ മഡുറോയുമായി ബന്ധപ്പെട്ട് പിടിച്ചെടുക്കപ്പെട്ടതിൽ 7 ടൺ നേരിട്ട് അദ്ദേഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ, 700 മില്യൺ ഡോളറിലധികം മൂല്യമുള്ള സ്വത്തുക്കൾ, രണ്ട് വെനസ്വേലൻ സർക്കാർ വിമാനങ്ങൾ ഉൾപ്പെടെ, യുഎസ് കണ്ടുകെട്ടി.