പ്രകൃതിയെ മുമ്പെങ്ങും ഇല്ലാത്ത വിധം പച്ച പട്ടുടുപ്പിച്ചു സുന്ദരിയായി ഒരുക്കാനാണ് ഓരോ കാലവർഷവുമെത്താറ്. മഴത്തണുപ്പിൽ പുതപ്പിനുള്ളിൽ ചുരുണ്ടു കൂടി ഉറങ്ങാതെ യാത്ര ആസ്വദിക്കാൻ പറ്റിയ സമയം കൂടിയാണ് മഴക്കാലം. മടിയില്ലേൽ ഒരുങ്ങിക്കോളൂ നമുക്ക് ഇന്ത്യയിലെ സ്കോലൻഡിലേക്ക് ഒരു യാത്ര പോകാം.
മഞ്ഞുമൂടി കിടക്കുന്ന മലകളും കുത്തി ഒലിച്ചു ഒഴുകുന്ന വെള്ള ചാട്ടങ്ങളും, മഴയിൽ കുളിച്ചു നിൽക്കുന്ന കാപ്പി തോട്ടങ്ങൾ അങ്ങനെ അങ്ങനെ കണ്ണിനും മനസിനും കുളിരേകുന്ന എത്ര എത്ര കാഴ്ചകൾ. ഇത് വേറെ എങ്ങുമല്ല കർണാടകയിലെ കൂർഗ് അഥവാ കുടക് ആണ്. മഴക്കാലത്ത് യാത്ര ചെയ്യാൻ ഏറെ അനുയോജ്യമായ ഒരു ഇട മാണ് കൂർഗ്. സഞ്ചാരികൾക്ക് എന്നും പ്രിയപ്പെട്ട ഇടം. മല നിരകളിലൂടെ ഒഴുകി ഇറങ്ങി പോകുന്ന കോടമഞ്ഞിന്റെ മനോഹര കാഴ്ച ഏവരുടെയും മനം കവരുന്നതാണ്.
തലക്കാവേരി, ദുബാരെ ആനക്യാമ്പ്, ഹാരങ്കി ഡാം, നിസർഗധാമ ദ്വീപ്, മടിക്കേരി കോട്ട, ഓംകാരേശ്വരക്ഷേത്രം, ആബി വെള്ളച്ചാട്ടം എന്നിങ്ങനെ ഒട്ടേറെ കാണാക്കാഴ്ച്ചകള് കൂര്ഗിലുണ്ട്. പച്ചപ്പിൽ ചുറ്റപ്പെട്ട ആബി വെള്ളച്ചാട്ടം. മടിക്കേരിയിൽ നിന്ന് പത്ത് കിലോമീറ്റർ അകലെയാണ് ആബി വെള്ളച്ചാട്ടം. റോഡ് മാർഗം എളുപ്പത്തിൽ എത്തിച്ചേരാം.
70 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം പച്ചപ്പിനാൽ ചുറ്റപ്പെട്ടിരിക്കുന്നു. കാട്ടു കാപ്പി കുറ്റിക്കാടുകൾക്കും വിശാലമായ സുഗന്ധവ്യഞ്ജന തോട്ടങ്ങൾക്കും ഇടയിലാണ് ആബി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. വെള്ളച്ചാട്ടത്തിന് എതിർവശത്ത് ഒരു തൂക്കുപാലമുണ്ട്, അത് ചുറ്റുമുള്ള കാഴ്ചകളുടെ ഏറ്റവും മനോഹരമായ ദൃശ്യം നൽകുന്നു.
കുടക് ജില്ലയുടെ തലസ്ഥാനമാണ് മടിക്കേരി. സായ്പ്പ് ഇട്ട പേര് മെർക്കറെ. പുരാതനമായ പേര് മുദ്ദുരാജ്ജക്കേരി എന്നായിരുന്നു. ഹൊയ്സാല, ചോള, വിജയനഗര സാമ്രാജ്യങ്ങളുടെ കീഴിലായിരുന്ന മടിക്കേരി ഇപ്പോൾ കാണുന്ന കൊളോണിയൽ പാരമ്പര്യം നിലനിൽക്കുന്നത് ബ്രിട്ടീഷ് ആധിപത്യത്തിലാണ്. വൃത്തിയുള്ള ചെറിയ പട്ടണം. കൊളോണിയൽ മുദ്രകൾ പേറിനിൽക്കുന്ന കെട്ടിടങ്ങൾ. ഇവയിൽ പലതും പ്രധാനപാതയോട് ചേർന്നതാണ്.
മടിക്കേരി വഴിയാണ് കൂർഗിലേക്കെത്താനുള്ള ഏക പ്രവേശന കവാടം. കൂർഗിൽ എത്തിയാൽ ടാക്സി, അല്ലെങ്കിൽ കാർ വാടകക്ക് എടുത്തു യാത്ര ചെയ്യാവുന്നതാണ്. ഹ്രസ്വദൂര യാത്രകൾക്ക് ഓട്ടോറിക്ഷയും ഉപയോഗിക്കാം. ഗ്രാമങ്ങളിലൂടെയുള്ള യാത്ര മറ്റൊരു അനുഭവമാകും. 2029 രൂപ മുതൽ ഡ്രൈവർ ഒപ്പം ഉള്ള കാർ പാക്കേജ് യാത്രകളും ലഭ്യമാണ്.
കൂർഗിലെ ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ 107 കിലോമീറ്റർ അകലെയുള്ള മൈസൂർ ആണ്. വിമാനത്താവളം ആവട്ടെ 160 കിലോമീറ്റർ അകലെ ഉള്ള മംഗലാപുരം ആണ്. അതിനാൽ റോഡ് മാർഗമാണ് കൂർഗിലക്കുള്ള യാത്രയ്ക്ക് ഏറ്റവും അനുയോജ്യം.