നട്ടുച്ചയ്ക്കും കോടയിൽ പുതഞ്ഞു ഗോപാൽസ്വാമി  ക്ഷേത്രം, സൂര്യകാന്തി പാടങ്ങൾ വഴി ഒരു യാത്ര

ചുറ്റും കോട മഞ്ഞ്, അടുത്ത് നിൽക്കുന്ന ആളെ പോലും കാണാൻ പറ്റാത്ത അവസ്ഥ.  ഉയരത്തിലേക്ക് പോകുന്തോറും വീശിയടിക്കുന്ന തണുത്ത കാറ്റ്, മഴ പെയ്താൽ നട്ടുച്ചയ്ക്കും കോടയിൽ പൊതിഞ്ഞു നിൽക്കുന്ന അന്തരീക്ഷം. കോടമഞ്ഞ്, മഴ, വെയിൽ, എപ്പോഴും വീശിയടിക്കുന്ന തണുത്ത കാറ്റ്, നിമിഷ നേരങ്ങൾക്കൊണ്ട് മാറി മറിയുന്ന കാലാവസ്ഥയാണ് ഇവിടുത്തെ പ്രത്യേകത. അപ്പോൾ പറഞ്ഞു വരുന്നത് കർണാടകയിലെ ഗോപാൽ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്ന കുന്നുകളെ കുറിച്ചാണ്. ഇവിടുത്തെ മാറി മറിയുന്ന കാലാവസ്ഥ അനുഭവിച്ചറി യാനാണ് സഞ്ചാരികൾ ഇവിടെ എത്തുന്നത്.

800 രൂപയുണ്ടെങ്കിൽ കോഴിക്കോട് നിന്ന് ഒറ്റ ദിവസം കൊണ്ട് യാത്ര പോയി വരാവുന്ന ഇടമാണ് ഗോപാൽ സ്വാമി കുന്നുകൾ. മഞ്ഞും മഴയും ഇഷ്ടപെടുന്ന ഏതൊരു  ആൾക്കും ഇങ്ങോട്ടുള്ള യാത്ര ഇഷ്ടപെടും. കർണാടകയിലെ ഗുണ്ടൽ പേ ട്ടിനടുത്തു ബന്ദിപൂർ കടുവാ സങ്കേതത്തിനകത്ത് 1450 കിലോ മീറ്റർ ഉയരത്തിലാണ് ഗോപാൽസ്വാമി കുന്നുകൾ സ്ഥിതി ചെയ്യുന്നത്. ബന്ദിപൂർ ദേശീയ ഉദ്യാനത്തിന്റെ ഏറ്റവും പ്രധാനപെട്ട സ്ഥലമാണ് ഇത്. എ. ഡി 1315 ൽ ചോള രാജാക്കന്മാർ ആണ് ഇവിടെ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം പണിതത്. 

കേരളത്തിൽ നിന്നും പോകുമ്പോൾ  ഗുഡല്ലൂർ വഴി മുതുമല ബന്ദി പൂർ വനമേഖല കടന്ന് ഗുണ്ടൽ പേട്ടിലെത്താം. കോഴിക്കോട് നിന്നാണ് പോകുന്നതെങ്കിൽ രാവിലെ 5.30 ന് മൈസൂർ സൂപ്പർ ഫാസ്റ്റ് ഉണ്ട്. 300 രൂപ ടിക്കറ്റ് എടുത്തു മുത്തങ്ങ വഴി ഗുണ്ടൽ പേട്ടിൽ എത്താം. ഇവിടുന്നു ഗോപാൽ സ്വാമി ക്ഷേത്രത്തിലേക്ക് ബസ് സൗകര്യം ഉണ്ട്.  അവിടുന്ന് വലത്തോട്ട് തിരിഞ്ഞു 3 കിലോമീറ്റർ പോയാൽ ഗോപാൽ സ്വാമി കുന്നുകളുടെ അടിവാരത്തിൽ കർണാടക വനം വകുപ്പിന്റെ ചെക് പോസ്റ്റിൽ എത്തും. 

അവിടെ നിന്നും മലമുകളിലേക്ക് സർക്കാർ ഏർപ്പെടുത്തിയ പ്രത്യേക ബസ്സുകൾ ഉണ്ട്. ഒരാൾക്ക് 60 രൂപയാണ് ടിക്കറ്റ് വില.  മല മുകളിൽ പോയി വരാൻ ആണ് 60 രൂപ. ഒറ്റ ബസിൽ തന്നെ നമ്മുക്ക് പോയി വരാം. രാവിലെ 5.30 മുതൽ വൈകിട്ടു 4 മണി വരെ ബസ് സർവീസ് ഉണ്ട്. സ്വന്തം വാഹനങ്ങളിൽ പോകുന്നതായിരിക്കും കൂടുതൽ ഉചിതം. 

അടിവാരത്തിൽ നിന്ന് മുകളിലേക്ക് പോകുന്തോറും താഴെ പൂപാടങ്ങളും, കാട്ടിലൂടെ സഞ്ചരിക്കുന്ന ആനകളെയും മാനുകളെയും കാണാം. മുകളിലേക്ക് കയറുന്തോറും വീശി യടിക്കുന്ന തണുത്ത കാറ്റും കോട മഞ്ഞും കൂടി കൂടി വരും. ഗോപാൽ സ്വാമി കുന്നുകൾ കണ്ടു തിരികെ വരുമ്പോ ഗുണ്ടൽ പേട്ടിൽ കാത്ത് നിൽക്കുന്നത് കണ്ണെത്താ ദൂരത്തോളം വിരിഞ്ഞു നിൽക്കുന്ന സ്വർണ നിറത്തിലുള്ള പൂപാടം ആണ്. 100 എക്കറില്‍ നിറങ്ങളുടെ വസന്തം വിരിയിച്ച് സഞ്ചാരികളുടെ കണ്ണിനു കുളിർമയേകുന്ന സൂര്യകാന്തി പൂക്കള്‍.

Leave a Reply

Your email address will not be published. Required fields are marked *