യു കെയും മാലിയുമായിട്ടുള്ള വ്യാപാര കരാറുകൾ: ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതിയിൽ ചാകരക്കൊയ്ത്ത്

ന്യൂഡൽഹി: ഇന്ത്യ അടുത്തിടെ യുകെയുമായും മാലിദ്വീപുമായും ഒപ്പുവച്ച കരാറുകൾ ഇന്ത്യൻ സമുദ്രോത്പന്ന കയറ്റുമതിക്കാർക്ക് വൻ സാധ്യതകൾ സൃഷ്ടിച്ചേക്കാം. ഇന്ത്യ-യുകെ വ്യാപാര കരാറോടെ, ഇന്ത്യയിലെ സമുദ്രോത്പന്ന വ്യവസായം വരും വർഷങ്ങളിൽ യുകെയിലേക്കുള്ള സമുദ്രോത്പന്ന കയറ്റുമതിയിൽ 70 ശതമാനം വർദ്ധനവ് പ്രതീക്ഷിക്കുന്നു. ഇന്ത്യ-യുകെ സമഗ്ര വ്യാപാര കരാർ ഒപ്പു വച്ചതോടെ മൂല്യവർധിത സമുദ്രോത്പന്നമായ ചെമ്മീൻ ഉൾപ്പടെയുള്ള ഉയർന്ന മൂല്യമുള്ള ഉൽപ്പന്നങ്ങളിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് ഫിഷറീസ് മന്ത്രാലയം അറിയിച്ചു.

ഇന്ത്യയുടെ സമുദ്രോത്പന്ന മേഖല രാജ്യത്തിന്റെ ഉൽപാദന ശേഷി വർദ്ധിപ്പിക്കുന്നതിനായി സമീപ വർഷങ്ങളിൽ മികച്ച തൊഴിലാളികളെ ഉൾപ്പെടുത്തി വൻതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. മെച്ചപ്പെട്ട ഇനങ്ങളെ കണ്ടെത്തി, ഗുണനിലവാരം വർധിപ്പിച്ച് യുകെ സമുദ്രോത്പന്ന വിപണിയുടെ വലിയൊരു പങ്ക് പിടിച്ചെടുക്കാൻ ഇന്ത്യൻ കമ്പനികൾ ശ്രമിക്കുമെന്ന് ഫിഷറീസ് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

യുകെയിലും മാലിദ്വീപിലും മെച്ചപ്പെട്ടതും വൈവിധ്യപൂർണ്ണവുമായ ഉൽപ്പന്നങ്ങളുടെ വിപണി തുറന്നാൽ സമുദ്രോത്പന്ന കയറ്റുമതിയിൽ ഇന്ത്യയെ ആഗോള നേതാവായി മാറ്റാൻ സാധിക്കും. അങ്ങനെ അമേരിക്ക, ചൈന തുടങ്ങിയ പരമ്പരാഗത വിപണികൾക്ക് വെല്ലുവിളി ഉയർത്താനും കഴിയും.

2024-25 ൽ ഇന്ത്യയുടെ മൊത്തം സമുദ്രോത്പന്ന കയറ്റുമതി 60,523 കോടി രൂപയാണ്. അതായത് 1.78 ദശലക്ഷം ടൺ. അതേസമയം, യുകെയിലേക്കുള്ള സമുദ്രോത്പന്ന കയറ്റുമതി 879 കോടി മാത്രമായിരുന്നു. യുകെയുടെ 5.4 ബില്യൺ യുഎസ് ഡോളറിന്റെ സമുദ്രോത്പന്ന ഇറക്കുമതി വിപണിയിൽ ഇന്ത്യയുടെ പങ്ക് വെറും 2.25 ശതമാനം മാത്രമായതിനാൽ, പുതിയ കരാറോടെ ഗണ്യമായി വർദ്ധിപ്പിക്കാനുള്ള സാധ്യതയുണ്ട്.

അതേസമയം തന്ത്രപരമായി വളരെ പ്രധാനപ്പെട്ട ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ആഴക്കടൽ മത്സ്യബന്ധന വിഭാഗത്തിൽ ഇന്ത്യയ്ക്ക് മെച്ചപ്പെട്ട പ്രകടനം സാധ്യമാവുന്ന മത്സ്യബന്ധന സഹകരണ കരാറിൽ ഇന്ത്യയും മാലിദ്വീപും ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാലിദ്വീപ് സന്ദർശന വേളയിൽ വെള്ളിയാഴ്ച ഒപ്പുവച്ച ധാരണാപത്രം, ഇരു രാജ്യങ്ങളും തമ്മിൽ കൈമാറ്റം ചെയ്യപ്പെട്ട ആറ് ഉഭയകക്ഷി കരാറുകളിൽ ഒന്നാണ്.

ഇന്ത്യയുടെ ഫിഷറീസ് വകുപ്പും മാലിദ്വീപിലെ ഫിഷറീസ്, സമുദ്രവിഭവ മന്ത്രാലയവും തമ്മിലുള്ള കരാർ ആഴക്കടൽ മത്സ്യബന്ധനം, അക്വാകൾച്ചർ, റിസോഴ്‌സ് മാനേജ്‌മെന്റ് എന്നിവ ശക്തിപ്പെടുത്തുന്നതിനും മത്സ്യബന്ധന അധിഷ്ഠിത ഇക്കോ ടൂറിസം വളർത്തുന്നതിനും സഹായിക്കുമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

കോൾഡ് സ്റ്റോറേജ് ഇൻഫ്രാസ്ട്രക്ചറിൽ നിക്ഷേപിച്ചും, ഹാച്ചറി വികസനം, മെച്ചപ്പെട്ട ഉൽപാദന കാര്യക്ഷമത, സംസ്കരിച്ച ഇനങ്ങളുടെ വൈവിധ്യവൽക്കരണം എന്നിവയിലൂടെ അക്വാകൾച്ചർ ശക്തിപ്പെടുത്തിയും മാലിദ്വീപിന്റെ മത്സ്യ സംസ്കരണ ശേഷി വർദ്ധിപ്പിക്കാൻ ഈ പങ്കാളിത്തം സഹായിക്കും.

ജൈവസുരക്ഷാ പരിശോധന, അക്വാകൾച്ചർ ഫാം മാനേജ്മെന്റ്, റഫ്രിജറേഷൻ, മറൈൻ എഞ്ചിനീയറിംഗ് ഉൾപ്പെടെയുള്ള സാങ്കേതിക മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പരിശീലന, വിജ്ഞാന വിനിമയ പരിപാടികൾക്കും ധാരണാപത്രം സൗകര്യമൊരുക്കും.

Leave a Reply

Your email address will not be published. Required fields are marked *