മൺസൂൺ തുടങ്ങിയതോടെ യാത്ര മാറ്റിവെക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇനി ആ മടി വേണ്ട മഴ കാലത്തു യാത്ര ചെയ്യാ ൻ പറ്റുന്ന കണ്ണൂരിലെ ചില ഇടങ്ങൾ നമ്മുക്ക് നോക്കാം. മഴയെത്തുമ്പോൾ തന്നെ വെള്ളച്ചാട്ടങ്ങളും പതഞ്ഞു പതഞ്ഞു ഒഴുകാൻ തുടങ്ങും. മഴയ്ക്ക് ശക്തി കൂടുമ്പോഴോ വെള്ളത്തിനും ശക്തി കൂടും ആർത്തലച്ച് കുത്തിയൊഴുകുന്ന വെള്ളച്ചാട്ടം കാണാൻ ആർക്കാണ് ഇഷ്ടമില്ലാത്തത്.
- ദൃശ്യവിരുന്നൊരുക്കുന്ന ഏഴരക്കുണ്ട് വെള്ളച്ചാട്ടം
കണ്ണൂരിൽ ഒരുപാട് വെള്ളച്ചാട്ടങ്ങൾ ഉണ്ടെങ്കിലും അതിലിത്തിരി സ്പെഷ്യൽ ആണ് ഏഴരക്കുണ്ട് വെള്ളച്ചാട്ടം. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ നിന്ന് 36 കിലോമീറ്റര്‍ അകലെയാണ് ഏഴരക്കുണ്ട് വെള്ളച്ചാട്ടം. കരിങ്കൽ പാറകളിലൂടെ കാട്ടിനുള്ളിൽ നിന്നും പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം മഴക്കാലത്താണ് ഏറ്റവും കൂടുതൽ ഭംഗി വയ്ക്കുന്നത്. സുരക്ഷിതമായ കൈവഴിയിലൂടെ നടന്നു ചെല്ലുന്ന ഇടമാണിത്. ഓരോ തട്ടുകളിലായി ഇറങ്ങി ഒഴുകിയെത്തുന്നതിനാലാണ് ഏഴരക്കുണ്ട് വെള്ളച്ചാട്ടം എന്നറിയപ്പെടുന്നത്.ഇതിനടുത്തായി പൊട്ടൻപ്ലാവ് അരുവിയും കാണാം.
2. പാലക്കയം തട്ട്-കണ്ണൂരിന്റെ സ്വർഗ വാതിൽ
കണ്ണൂരിന്റെ ഊട്ടിയെന്നു അറിയപ്പെടുന്ന പാലക്കയം തട്ട് സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ഹിൽ സ്റ്റേഷനാണിത്. വളഞ്ഞു പുളഞ്ഞു കിടക്കുന്ന കുന്നുകളുടെ വിശാലമായ കാഴ്ച, പച്ചപ്പ് നിറഞ്ഞ താഴ്‌വരകൾ, പശ്ചിമഘട്ടത്തിന്റെ ആകർഷകമായ സൗന്ദര്യം എന്നിവയാണ് പാലക്കയം തട്ടിനെ സ്പെഷ്യലാക്കുന്നത്. അതുപോലെ തന്നെ സൂര്യാസ്തമയത്തിന്റെ കാഴ്ചകൾ ഇവിടുത്തെ മറ്റൊരു സവിശേഷതയാണ്. പാലക്കായ് മരം തട്ട് ആണ് പിന്നീട് പാലക്കയം തട്ട് ആയതെന്ന് പറയപ്പെടുന്നു. കണ്ണൂർ ബസ് സ്റ്റാൻഡിൽ നിന്ന് ഏകദേശം 54 കിലോമീറ്ററും തളിപ്പറമ്പുനിന്നും കൂർഗ് പാതയിൽ 28 കിലോമീറ്റർ അകലെയാണ് പാലക്കയം തട്ട്.
3. കണ്ണൂരിന്റെ മൂന്നാർ-പൈതൽ മല
പാലക്കയം തട്ടിൽ നിന്ന് ഏകദേശം 4 കിലോമീറ്റർ ദൂരത്താണ് കണ്ണൂരിലെ തന്നെ മറ്റൊരു വിനോദസഞ്ചാര കേന്ദ്രമായ പൈതൽമല. മഴക്കാലത്ത് മലകയറി കാടും കുന്നും ഇറങ്ങി പോകുവാന്‍ പറ്റിയ ഇടമാണ് പൈതല്‍മല. സമുദ്രനിരപ്പിൽ നിന്ന് 4500 അടി ഉയരത്തിലാണ് കണ്ണൂരുകാരുടെ മൂന്നാര്‍ അല്ലെങ്കിൽ, കുടക് എന്നും കേരളത്തിന്റെ കൊടൈക്കനാല്‍ എന്നും അറിയപ്പെടുന്ന പൈതൽ മല സ്ഥിതി ചെയ്യുന്നത്. കർണാടക അതിർത്തിയോട് ചേർന്ന് കിടക്കുന്ന പൈതൽ മലയുടെ മുകളിൽ നിന്നും നോക്കിയാൽ കുടകിന്‍റെയും അറബിക്കടലിന്റെയും വളപട്ടണം പുഴയുടെയുമെല്ലാം സുന്ദരമായ കാഴ്ചകള്‍ കാണാം.
മഞ്ഞിൽ പുതുഞ്ഞു നിൽക്കുന്ന പർവതനിരയുടെ കാഴ്ചകൾ കാണാൻ നിരവധി പേരാണ് മഴ കാലത്ത് ഇവിടെ എത്തുന്നത്. പച്ചപ്പരവതാനി വിരിച്ച പുല്‍മേടുകളും കാറ്റിനൊത്ത് ഇടയ്ക്കിടെ മാറിമറിയുന്ന കോടമഞ്ഞുമാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. തൊട്ടടുത്ത് നില്‍ക്കുന്നവരെ പോലും ഇടയ്ക്ക് കാണാൻ പറ്റാത്ത തരത്തിൽ പൊടുന്നനെ കോടമഞ്ഞ് വന്നു പോകും. ഇത് സഞ്ചരികൾക്ക് സമ്മാനിക്കുന്നത് വല്ലാത്തൊരു അനുഭവമാണ്. സാഹസികര്‍ക്കും പക്ഷിനിരീക്ഷകര്‍ക്കും ട്രക്കിങ്ങുകാര്‍ക്കുമെല്ലാം പ്രിയപ്പെട്ട സ്ഥലമാണ് പൈതൽമല.
കണ്ണൂരിൽ നിന്നും 58 കിലോമീറ്റർ ദൂരമാണ് പൈതൽ മലയിലേക്ക്. തളിപ്പറമ്പ് വഴി ആണെങ്കിൽ ബസിൽ കുടിയാന്മല വഴി പോകാം. പൊട്ടൻപ്ലാവ് വഞ്ചിയം കവല വരെ ബസുണ്ട്. അവിടെനിന്നു പിന്നീട് 2 കിലോമീറ്റർ നടന്നോ അല്ലെങ്കിൽ സ്വകാര്യ വാഹനത്തിലോ പൈതൽമലയുടെ കവാടത്തിലെത്താം.
വടക്കന്റെ കൊടൈക്കനാൽ – കാഞ്ഞിരക്കൊല്ലി
വടക്കന്റെ കൊടൈക്കനാല്‍ എന്നറിയപ്പെടുന്ന കാഞ്ഞിരക്കൊല്ലി കേരള – കര്‍ണാടക വനാതിര്‍ത്തിയിലെ പയ്യാവൂര്‍ പഞ്ചായത്തിലാണ്. മഴക്കാലത്തെ കാഞ്ഞിരക്കൊല്ലിയിലെ വെള്ളച്ചാട്ടത്തിന്റെ കാഴ്‌ച്ച ഏതൊരാളുടെയും മനം കവരുന്നതാണ്. കൊടൈക്കനാലിലെ ആത്മഹത്യാ മുനമ്പിന് സമാനമായ വലിയ വലിയ കൊല്ലികള്‍ ഇവിടെയുണ്ടെന്നാണ് പറയപ്പെടുന്നത്. ഉയര്‍ന്നു നില്‍ക്കുന്ന മലനിരകളും കോടമഞ്ഞും നീലവസന്തം ഒരുക്കുന്ന നീലക്കുറിഞ്ഞിയും വെള്ളച്ചാട്ടങ്ങളുമാണ് കാഞ്ഞിരക്കൊല്ലിയെ സഞ്ചാരികളുടെ ഏറെ പ്രിയപെട്ട ഇടമാക്കുന്നത്. അതിര്‍ത്തി വനത്തിലൂടെയുള്ള യാത്രയും സഞ്ചാരികൾ ഏറെ ഇഷ്ടപ്പെടും.
ജൂണ്‍ മുതല്‍ ഡിസംബര്‍ ആദ്യംവരെയാണ് ഇവിടത്തെ സീസണ്‍. കാഞ്ഞിരക്കൊല്ലിയുടെ അടുത്താണ് ശശിപ്പാറ സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 1600 അടി ഉയരത്തിലാണ് ശശിപ്പാറ വ്യൂ പോയിന്റ് സ്ഥിതിചെയ്യുന്നത്. തൊട്ടടുത്തു തന്നെ കന്‍മദപ്പാറ, മുക്കുഴി , ഹനുമാന്‍പാറ, അളകാപുരി-ആനതെറ്റി വെള്ളച്ചാട്ടങ്ങള്‍, ചിറ്റാരിപ്പുഴ, പൂമ്പാറ്റകളുടെ ആവാസ കേന്ദ്രമായ ഉടുമ്പ പുഴയോരം എന്നിവയും ഉണ്ട്. കണ്ണൂരിൽ നിന്നും ഇരിക്കൂർ – ബ്ലാത്തൂർ – പയ്യാവൂർ വഴിയും ഇരിട്ടിയിൽ നിന്നും ഉളിക്കൽ – നുച്യാട് – മണിക്കടവ് വഴിയും കാഞ്ഞിരക്കൊല്ലിയിൽ എത്താം .