മനുഷ്യരുടെ ശരീരത്തില്‍ കഴുത്തില്‍ കാണപ്പെടുന്ന ശലഭാകൃതിയിലുള്ള ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. തൈറോയ്ഡ് ഗ്രന്ഥിയിലെ കലകളിൽ ഉണ്ടാകുന്ന അർബുദമാണ് തൈറോയ്ഡ് കാന്‍സർ. ഏതു പ്രായത്തിലും തൈറോയ്ഡ് കാൻസർ വരാം. എങ്കിലും 30 മുതൽ 60 വയസ്സു വരെയുള്ള സ്ത്രീകളെയാണ് സാധാരണയായി കൂടുതൽ ബാധിക്കുന്നത്. നേരത്തെ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ചു മാറ്റാവുന്ന രോഗമാണ് തൈറോയ്ഡ് കാൻസർ.
തൈറോയ്ഡ് കാന്‍സറിന്റെ ലക്ഷണങ്ങള്‍
തൈറോയ്ഡ് കാന്‍സറിന്റെ ഏറ്റവും പ്രധാന ലക്ഷണങ്ങളില്‍ ഒന്ന് കഴുത്തില്‍ മുഴയോ, കഴുത്തിലെ കഴലകളില്‍ (ലിംഫ് നോഡുകള്‍) കാണുന്ന വീക്കമോ ഉണ്ടാവുന്നതാണ്. അമിതമായ ഭാരക്കുറവ്, ഭക്ഷണം വിഴുങ്ങാന്‍ ബുദ്ധിമുട്ട്, തുടര്‍ച്ചയായ തൊണ്ടവേദന, ക്ഷീണം, സ്ത്രീകളെ സംബന്ധിച്ച് ക്രമരഹിതമായ ആര്‍ത്തവ ചക്രങ്ങള്‍ എന്നിവയെല്ലാം ലക്ഷണങ്ങളാണ്. കഴുത്തിന്റെ മുൻഭാഗത്തോ തൊണ്ടയിലോ സ്ഥിരമായി ഉണ്ടാകുന്ന വേദന തൈറോയ്ഡ് കാൻസറിന്റെ ലക്ഷണമാകാം. അകാരണമായി ശരീരഭാരം കുറയുകയും തുടർച്ചയായി ക്ഷീണവും തളർച്ചയും അനുഭവപ്പെടുന്നതും രോഗലക്ഷണമാണ്.
തൈറോയ്ഡ് കാൻസറുകൾ നാലുതരം
പ്രധാനമായും നാല് തരം തൈറോയ്ഡ് കാൻസറുകളാണുള്ളത്. പാപ്പിലറി, ഫോളിക്യുലര്‍, മെഡ്ഡുലറി, അനാപ്ലാസ്റ്റിക്. ഇവയില്‍ പാപ്പിലറി തൈറോയ്ഡ് വളരെ സാവധാനത്തില്‍ വളരുന്നതും ഏറ്റവും സാധാരണമായി കണ്ടുവരുന്നതുമായ കാൻസർ ആണ്. അനാപ്ലാസ്റ്റിക് തൈറോയ്ഡ് കാന്‍സര്‍ വളരെ അപൂര്‍വവും അപകടകാരിയുമാണ്.
ചികിത്സ എങ്ങനെയാണ്?
ബയോപ്സിയിലൂടെ രോഗനിർണയം സാധ്യമാണ്. തൈറോയ്ഡക്ടമി എന്ന പ്രക്രിയയിലൂടെ ഗ്രന്ഥിയുടെ ഒരു ഭാഗം അല്ലെങ്കില്‍ മുഴുവനായും നീക്കം ചെയ്യുന്ന ചികിത്സാരീതിയാണ് നിലവിലുള്ളത്. ശസ്ത്രക്രിയക്ക് ശേഷം കാന്‍സര്‍ കോശങ്ങളെ ന്യൂക്ളിയര്‍ മെഡിസിന്‍ ട്രീറ്റ് മെന്റ് തെറാപ്പിയിലൂടെ സുഖപ്പെടുത്തിയെടുക്കുന്നു. ചില കേസുകളില്‍ റേഡിയേഷനും കീമോതെറാപ്പിയും ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ് തെറാപ്പിയും നല്‍കേണ്ടതായി വരും. അപൂര്‍വമായി ചില രോഗികള്‍ക്ക് ഇമ്മ്യൂണോ തെറാപ്പിയാകും ആവശ്യമായി വരാറുണ്ട്.
എങ്ങനെ പ്രതിരോധിക്കാം
തൈറോയ്ഡ് കാന്‍സര്‍ തടയാന്‍ കഴിയില്ല എങ്കിലും ആരോഗ്യകരമായ ജീവിത ശൈലി സ്വീകരിക്കുന്നതിലൂടെ അപകട സാധ്യത കുറയ്ക്കാന്‍ സാധിക്കും. അയോഡിന്‍ ആവശ്യമായ അളവില്‍ കഴിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക. അനാവശ്യമായ റേഡിയേഷന്‍ ഏല്‍ക്കാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക. പാരമ്പര്യഘടകം ഉള്ളവര്‍ പതിവായ ആരോഗ്യ നിരീക്ഷണവും പരിശോധനകളും നടത്തേണ്ടതാണ്. തൈറോയ്ഡ് ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ഉടന്‍ ഡോക്ടറെ കണ്ട് ചികിത്സ തേടുക.