തൃശൂരിലെ വോട്ട് ക്രമക്കേട് വിവാദം; കോടതിയെ സമീപിക്കുമെന്ന് വിഎസ് സുനിൽ കുമാർ

തൃശൂർ: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു അനർഹമായ നൂറുകണക്കിന് വോട്ടുകൾ ബിജെപി തൃശൂരിൽ ചേർത്തു എന്നതിന് കൂടുതൽ തെളിവുകൾ പുറത്തുവരുന്നുവെന്ന് സിപിഐ നേതാവ് വിഎസ് സുനിൽകുമാർ. ഈ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും സുനിൽ കുമാർ പറഞ്ഞു. ചേലക്കര മണ്ഡലത്തിലെയും മറ്റി‌ങ്ങളിലേയും വോട്ടർമാരെ ഇവിടെ കൊണ്ടുവന്നു ചേർത്തുവെന്ന് സുനിൽ കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

ആരോപണം ഉന്നയിച്ചപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് വിചിത്രമായ മറുപടിയാണ് കിട്ടിയത്. സത്യവാങ്മൂലം നൽകിയാൽ പരാതി അന്വേഷിക്കാം എന്നായിരുന്നു അത്. പരാതിയിൽ കഴമ്പില്ലെങ്കിൽ ജയിലിൽ അടയ്ക്കാനുള്ള വകുപ്പുകൾ വരെ ഉണ്ട്. തെറ്റ് ചൂണ്ടിക്കാണിക്കേണ്ടത് ജനാധിപത്യ അവകാശമാണ്. അത് നിറവേറ്റുക തന്നെ ചെയ്യുമെന്നും വിഎസ് സുനിൽ കുമാർ പറഞ്ഞു.

അതിനിടെ, വോ‌ട്ടർ പട്ടിക ക്രമക്കേട് വിവാദത്തിൽ തൃശൂർ ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ് വീണ്ടും പ്രതികരിച്ചു. അയ്യന്തോൾ, പൂങ്കുന്നം ഫ്ളാറ്റുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. 10 ഫ്ളാറ്റുകളിൽ 100 ലധികം പേരുടെ വ്യാജ വോട്ടു ചേർത്തു എന്ന പരാതിയാണ് നൽകിയത്. വോട്ടർ പട്ടിക ശുചീകരിക്കുക എന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കടമയാണ്. ക്രമക്കേടിന് ഉത്തരവാദി തെരഞ്ഞെടുപ്പ് കമ്മീഷനാണ്. കളക്ടർക്ക് മുതൽ ഇതിന് ഉത്തരവാദിത്തമുണ്ട്. കേന്ദ്ര മന്ത്രി തന്നെ ക്രമക്കേടിന് കൂട്ടുനിന്നു. ധാർമ്മികതയുടെ ലംഘനമാണിതെന്നും ടാജറ്റ് പറഞ്ഞു.

അതേസമയം തൃശൂര്‍ മണ്ഡലത്തിലെ വോട്ടു ക്രമക്കേട് വിവാദത്തില്‍ വെളിപ്പെടുത്തലുമായി ഹരിശ്രീ വിദ്യാനിധി സ്‌കൂളിലെ പോളിങ് ബൂത്തില്‍ വോട്ടറായ വീട്ടമ്മ പ്രസന്ന അശോകന്‍ രംഗത്തെത്തിയിരുന്നു. പൂങ്കുന്നം ആശ്രാമം ലെയിന്‍ കാപ്പിറ്റല്‍ വില്ലേജ് അപ്പാര്‍ട്ട്‌മെന്റില്‍ ഒമ്പതു കള്ളവോട്ടുകള്‍ തങ്ങളുടെ മേല്‍വിലാസത്തില്‍ ചേര്‍ത്തെന്നാണ് വീട്ടമ്മ ആരോപിക്കുന്നത്. 4 സി ഫ്‌ലാറ്റില്‍ തന്നെ കൂടാതെ വേറെ പലരുടെയും വോട്ടുകൂടി ചേര്‍ത്തുവെന്നും 52 കാരിയായ പ്രസന്ന അശോകന്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *