ശോഭയെ വിളിച്ച പൊലീസുകാരനാര്? ജസ്റ്റിനെ തലക്കടിച്ചയാളെ തപ്പി ബിജെപി

തിരുവനന്തപുരം: തൃശ്ശൂരില്‍ ബിജെപി പൊലീസ് കമ്മിഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ശോഭാ സുരേന്ദ്രന്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങളെ മുന്‍നിര്‍ത്തി സംസ്ഥാന ആഭ്യന്തര വകുപ്പ് അന്വേഷണം ആരംഭിച്ചു. പ്രതിഷേധ മാർച്ചിനിടെ ജലപീരങ്കി തുടർച്ചയായി അടിച്ച് ബിജെപിക്കാരെ കൈകാര്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്ന് നല്ല ഒന്നാം തരം മോദി ഫാന്‍ ആയ ഒരു പൊലീസുകാരൻ വിളിച്ച് അറിയിച്ചെന്നായിരുന്നു ശോഭ സുരേന്ദ്രൻ പ്രസംഗിച്ചത്.

മാര്‍ച്ച് നടക്കുന്നതിന് തൊട്ടുമുന്‍പായി പൊലീസില്‍ നിന്ന് ശോഭാ സുരേന്ദ്രനെ ആരാണ് വിളിച്ചതെന്നാണ് അന്വേഷിക്കുന്നത്. സംസ്ഥാന പൊലീസില്‍ 60 ശതമാനം ഉദ്യോഗസ്ഥരും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫാന്‍സാണ്. ഈ 60 ശതമാനം ആളുകള്‍ ബിജെപി അനുഭാവികളുമാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

പിണറായി വിജയനെ കാണുമ്പോള്‍ അരിവാള് പോലെ നട്ടെല്ല് വളയുന്ന പൊലീസുകാരെക്കൊണ്ട് ഞങ്ങള്‍ സല്യൂട്ട് അടിപ്പിക്കുമെന്നും അന്ന് തന്നെ ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ശോഭാ സുരേന്ദ്രൻ്റെ ഈ പ്രസംഗത്തെക്കുറിച്ചാണ് പൊലീസിൻ്റെ രഹാസ്യാന്വേഷണം. പൊലീസ് ഇൻ്റലിജൻസാണ് അന്വേഷിക്കുന്നത്.

അതേ സമയം ബിജെപി സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായിരുന്നു. ഇതിനിടെ ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബ്ബിന്റെ തലയ്ക്ക് പരിക്കേറ്റിരുന്നു. പുറകിൽ നിന്നായിരുന്നു ജസ്റ്റിന്റെ തലയ്ക്കടിച്ചത്. മാസ്‌ക് ധരിച്ച പൊലീസ് ഉദ്യോഗസ്ഥൻ ജസ്റ്റിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ ബിജെപി നേതാക്കളുടെ പക്കലുണ്ട്. ബിജെപി നേതാവിനെ തന്നെ തിരഞ്ഞു പിടിച്ച് മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥൻ സിപിഎം അനുഭാവിയാണെന്നാണ് സൂചന. പൊലീസിലെ ആരോ ബോധപൂര്‍വ്വം ജസ്റ്റിനെ ആക്രമിക്കുകയാണെന്ന ആരോപണം ബിജെപി ഉയര്‍ത്തുന്നു. ഇത് ആരെന്ന് ബിജെപിയും അന്വേഷിക്കുന്നുണ്ട്.

തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ജസ്റ്റിന്‍ പരാതി നല്‍കിയിട്ടുണ്ട്. മര്‍ദ്ദിച്ച പൊലീസുകാരന് രാഷ്ട്രീയ വിരോധമുണ്ടെന്നും തന്നെ കൊലപ്പെടുത്തുകയായിരുന്നു പൊലീസുകാരന്റെ ഉദ്ദേശമെന്നും പരാതിയില്‍ ആരോപിക്കുന്നു. രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ പൊലീസുകാരന്‍ തലയില്‍ ലാത്തി കൊണ്ട് അടിച്ചു. തല വെട്ടിച്ച് മാറിയില്ലായിരുന്നെങ്കില്‍ മരണം സംഭവിക്കുമായിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം ഇല്ലാതെയായിരുന്നു മര്‍ദ്ദനം. യാതൊരു പ്രകോപനവും ഉണ്ടായിരുന്നില്ല. പൊലീസുകാരന്‍ ചെയ്തത് ക്രിമിനല്‍ കുറ്റമാണെന്നും ജസ്റ്റിന്‍ പരാതിയില്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *