തിരുവനന്തപുരം: ഡോ ഹാരിസ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാ പ്രതിസന്ധി വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് നടത്തിയ വിദഗ്ധ സമിതിയുടെ അന്വേഷണത്തിൽ ശസ്ത്രക്രിയാ ഉപകരണം കാണാതായെന്ന് റിപ്പോർട്ട്. യൂറോളജി വകുപ്പിൽ ചില ഉപകരണങ്ങൾ ബോധപൂർവ്വം കേടാക്കി എന്നും മറ്റു ചില ഉപകരണങ്ങൾ കാണാതായെന്നും ആണ് വിദഗ്ധ സമിതിയുടെ റിപ്പോർട്ട്.
ഉപകരണം കാണാതായതിൽ പൊലീസ് അന്വേഷണം ആവശ്യപ്പെടുമെന്നു ആരോഗ്യ വകുപ്പ് അറിയിച്ചു. ഓസിലോസ്കോപ്പ് ഉപകരണമാണ് കാണാതായത്. 20 ലക്ഷത്തോളം രൂപ വിലമതിക്കുന്നതാണ് ഉപകരണം. ശശി തരൂർ എംപിയുടെ വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുകയ്ക്കാണ് ഈ ഉപകരണം വാങ്ങിയത്.
ഉപകരണങ്ങളില്ലാത്തതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ മാറ്റിവെക്കേണ്ടിവന്നെന്നടക്കമുള്ള പ്രശ്നങ്ങൾ ഉന്നയിച്ചു, ഡോ ഹാരിസ് നടത്തിയ വെളിപ്പെടുത്തല്‍ വലിയ പ്രധാന്യം ലഭിച്ചിരുന്നു. സിസ്റ്റത്തില്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് സമ്മതിക്കുകയും ചെയ്തിരുന്നു.
നിലവിൽ വെളിപ്പെടുത്തലമായി ബന്ധപ്പെട്ട് ഡോ.ഹാരിസിന് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചിരുന്നു.
ഇതിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ചികിത്സ ഉപകരണങ്ങളുടെ കുറവ് ഹാരിസ് മേലധികാരികളെ അറിയച്ചതിന്‍റെ തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. ഡോക്ടറുടെ രണ്ട് കത്തുകളുടെ പകർപ്പാണ് പുറത്തുവന്നിരിക്കുന്നത്.
സമിതി റിപ്പോർട്ടിൽ എന്താണെന്ന് തനിക്കറിയില്ല. ശസ്ത്രക്രിയയ്ക്കുള്ള ഉപകരണം ഇല്ലാത്ത വിവരം പലതവണ അറിയിച്ചിരുന്നെങ്കിലും നടപടി ഉണ്ടായില്ല. കത്ത് പ്രിന്റ് ചെയ്യാനുള്ള പേപ്പർ വരെ പൈസ കൊടുത്ത് താൻ വാങ്ങണം. അത്രയും ഗതികേടാണെന്നും ആരോഗ്യമേഖലയെ സാമ്പത്തികപ്രതിസന്ധി ബാധിക്കാൻ പാടില്ലെന്നും ഡോ ഹാരിസ് പറഞ്ഞു.
അതേസമയം ഡോ ഹാരിസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത് സ്വാഭാവിക നടപടിയാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇന്നലെയാണ് ഡോക്ടർക്ക് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചത്. അച്ചടക്കലംഘനം ഉണ്ടായിട്ടുണ്ടെന്നും അന്വേഷണ റിപ്പോർട്ടിൽ ഏറെ ശുപാർശകളുണ്ടെന്നും മന്ത്രി പറഞ്ഞു.
ഡോക്ടറെ മോഷണക്കേസിൽ കുടുക്കാനുള്ള ശ്രമമാണ് അന്വേഷണമെന്ന പേരിൽ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ആരോഗ്യമന്ത്രിക്ക് പറഞ്ഞ വാക്കിന് വിലയില്ല. വാക്കു പാലിക്കുന്നില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.
ഡോ ഹാരിസിനെതിരായ കാരണം കാണിക്കൽ നോട്ടീസിൽ പ്രതികരണവുമായി ഡോക്ടർമാരുടെ സംഘടന രംഗത്തെത്തി. നടപടി ഉണ്ടായാൽ ശക്തമായ പ്രതിഷേധമുണ്ടാവുമെന്ന് കെജിഎംസിടിഎ (KGMCTA) വ്യക്തമാക്കി.