പ്രധാനാധ്യാപികക്കെതിരെ നടപടിയെടുത്ത് മുഖം രക്ഷിക്കാനുള്ള നീക്കം ഫലം കണ്ടില്ല; സിപിഎം നിയന്ത്രണത്തിലുള്ള മാനേജ്മെന്റ് പിരിച്ചുവിട്ടു

തിരുവനന്തപുരം: തേവലക്കര സ്കൂളിൽ എട്ടാംക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂളിനെതിരെ കടുത്ത നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിന്റെ മാനേജ്‌മെന്റിനെ പിരിച്ചുവിട്ട് സ്‌കൂളിന്റെ ഭരണം സർക്കാർ ഏറ്റെടുത്തുകൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ജൂലായ് 17-ന് ക്ലാസ്‌റൂമിന് സമീപത്തെ സൈക്കിള്‍ ഷെഡ്ഡിന് മുകളില്‍ വീണ ചെരിപ്പെടുക്കാന്‍ കയറിയ മിഥുന്‍ എന്ന പതിമൂന്ന് വയസുകാരനാണ് ഷോക്കേറ്റ് മരിച്ചത്. വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തില്‍, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഗുരുതരമായ കൃത്യവിലോപം നടന്നതായി കണ്ടെത്തിയിരുന്നു. തുടർന്ന് പ്രധാന അധ്യാപികക്കെതിരെ നടപടിയും സ്വീകരിച്ചിരുന്നു. എന്നാൽ അധ്യാപികയെ കരുവാക്കി സി പി എം മാനേജ്മെന്റിനെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നു എന്ന് ആക്ഷേപം ശക്തമായിരുന്നു. ഇതിന് പിന്നാലെ സ്കൂൾ മാനേജ്മെന്റിൽ നിന്ന വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു. ആ വിശദീകരണത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടി.

സ്‌കൂളിന്റെ മാനേജർ സിപിഎം മൈനാഗപ്പള്ളി കിഴക്ക് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കൂടിയായ ജി. തുളസീധരന്‍ പിള്ള നല്‍കിയ വിശദീകരണം തള്ളിക്കൊണ്ടാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. സ്‌കൂള്‍ മാനേജ്‌മെന്റിന്റെ 11 അംഗ ജനകീയ സമിതിയില്‍ സിപിഎം പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരുമാണുള്ളത്. ഈ സമിതിയെയാണ് ഇപ്പോള്‍ പിരിച്ചുവിട്ടിരിക്കുന്നത്.

ഇത്തരത്തിലുള്ള അപകടങ്ങൾ ഇനിയുണ്ടാവാൻ പാടില്ല. അതിനുള്ള താക്കീത് കൂടിയാണ് ഈ നടപടിയെന്നും സർക്കാർ പറയുന്നു. സ്‌കൂള്‍ സുരക്ഷ നിരീക്ഷിക്കുന്നതിനായി കൂടുതല്‍ നടപടികളിലേക്ക് പൊതുവിദ്യാഭ്യാസവകുപ്പ് കടക്കുമെന്നാണ് സൂചന.

സ്കൂളിന് മുകളിൽ അപകടരമായ സാഹചര്യത്തിൽ വൈദ്യുത ലൈൻ ഉണ്ടെന്നറിഞ്ഞിട്ടും അത് വൈദ്യുതി വകുപ്പിനെ അറിയിക്കുകയോ അടിയന്തര നടപടി സ്വീകരിക്കുകയോ ചെയ്യുന്നതിൽ സർക്കാരിന് വീഴ്ചപറ്റിയെന്നാണ് വിലയിരുത്തൽ. നിരവധി കുട്ടികൾ പഠിക്കാനെത്തുന്ന സ്കൂളിന് ഇത്തരത്തിലുള്ള വീഴ്ച സംഭവിക്കാൻ പാടില്ലാത്തതാണ്. അതിൽ എന്ത് ന്യായീകരണം നിരത്തിയാലും അംഗീകരിക്കില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അസന്നിഗ്ദമായി പ്രഖ്യാപിച്ചു.

സുരക്ഷ സംബന്ധിച്ച് ഇക്കഴിഞ്ഞ മെയ് മാസത്തിൽ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നപ്രകാരമുള്ള ചെക് ലിസ്റ്റ് തയ്യാറാക്കി പരിശോധിച്ച് വീഴ്ച വരുത്തിയ കാര്യങ്ങളിൽ വീണ്ടും റിപ്പോർട്ട് നൽകും. ഉദ്യോഗസ്ഥ സംഘം മൂന്നാഴ്ചക്കുള്ളിൽ സ്കൂൾ സന്ദർശിച്ച് എല്ലാ മേഖലയും പരിശോധിച്ച് കാര്യങ്ങൾ ഉറപ്പു വരുത്തും.

സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഈ അധ്യയന വർഷം തന്നെ വീണ്ടും പരിശോധന നടത്തും. ഇതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ജില്ലാ കലക്ടർമാരുടെ അടിയന്തര യോഗം ചേരും. കൂടാതെ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ സേഫ്റ്റി സെൽ രൂപീകരിച്ചതായും പൊുതജനങ്ങൾക്ക് പരാതിയുണ്ടെങ്കിൽ ഈ സെല്ലിനെ നേരിട്ട് സമീപിക്കാനും സൌകര്യമുണ്ട്.

സംസ്ഥാനത്ത് നേരത്തെയും പല സാഹചര്യത്തിൽ സംസ്ഥാന സർക്കാർ മാനേജ്മെന്റ് സ്കൂളുകൾ ഏറ്റെടുത്തിട്ടുണ്ട്. ലാഭകരമല്ലെന്ന പേരിൽ കോഴിക്കോട്ടെ മലാപ്പറമ്പ് സ്കൂൾ അടച്ചുപൂട്ടാൻ മാനേജ്മെന്റ് തീരുമാനിച്ചതും നാട്ടുകാർ പ്രക്ഷോഭത്തിനിറങ്ങിയതും അവസാനം സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചതും വലിയ വാർത്തയായിരുന്നു.

ഇതേ കാലത്ത് തന്നെ തൃശൂരിലെ കിരാലൂർ പി എം എൽ പി , മലപ്പുറത്തെ മങ്ങാട്ടുമുറി ,തിരുവണ്ണൂരിലെ പാലാട്ട് സ്കൂൾ, കാസർക്കോട്ടെ ഇടയിലക്കാട്ട് സ്കൂൾ എന്നിവയെല്ലാം സർക്കാർ ഏറ്റെടുത്തിരുന്നു. എന്നാൽ ഈ സ്കൂളുകൾ ഏറ്റെടുക്കാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു സർക്കാർ. സാമ്പത്തിക ബാധ്യത തന്നെയാണ് പ്രധാനമായും ഇക്കാര്യത്തിൽ ഉയർന്നിരുന്നത്.

പൊതു വിദ്യാഭ്യാസമേഖലയെ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമായും സർക്കാർ ഈ തീരുമാനത്തിലേക്ക് എത്തിയത്. കാലാനുസൃതമായ നീക്കത്തിനനുസരിച്ച് സർക്കാർ സ്കൂളുകൾ ഏറ്റെടുത്തിരുന്നു. ഇത്തരത്തിൽ അച്ചടക്ക നടപടിയുടെ ഭാഗമായി മാനേജ്മെന്റ് സ്കൂൾ സർക്കാർ ഏറ്റെടുക്കുന്നത് അപൂർവമാണ്. മാത്രമല്ല ഇത്രയും പെട്ടന്ന് ഇത്തരത്തിലൊരു നീക്കം ഉണ്ടാവുന്നതും സാധാരണമല്ല.

Leave a Reply

Your email address will not be published. Required fields are marked *