കറുത്ത പാടുകളും മങ്ങിയ കാഴ്ചയും; കണ്ണിലെ കാൻസറിന്റെ സൂചനകൾ

ലോകത്ത് അർബുദം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. ശരീരത്തിന്റെ ഏതു ഭാഗത്തും അർബുദം പിടിപെടാം. അപൂർവമായി മാത്രം കാണപ്പെടുന്ന അർബുദങ്ങളിൽ ഒന്നാണ് നേത്രാർബുദം. നമ്മുടെ രാജ്യത്ത് കണ്ടെത്തുന്ന കേസുകളിൽ 70-80 ശതമാനംവരെ മുതിർന്നവരിലും ബാക്കിയുള്ളവ കുട്ടികളിലുമാണ് കാണപ്പെടുന്നത്. കണ്ണിനുള്ളിലോ അതിനു ചുറ്റുമോ കോശങ്ങൾ അനിയന്ത്രിതമായി വളരുന്നതാണ് അർബുദത്തിന് കാരണമാകുന്നത്. മിക്ക നേത്ര അർബുദങ്ങളും കണ്ണിനുള്ളിലാണ് ഉണ്ടാകുന്നത്.

പലരും ഈ രോ​ഗത്തിന്റെ ലക്ഷണങ്ങളെക്കുറിച്ച് ഇപ്പോഴും ബോധവാന്മാരല്ല. പലപ്പോഴും, വളരെ വൈകി മാത്രമാണ് അർബുദം കണ്ടുപിടിക്കാൻ കഴിയുന്നത്. ഇത് ചികിത്സിച്ച് ഭേദമാക്കാനുള്ള വെല്ലുവിളി ഉയർത്തുന്നു. അത്ര പ്രകടമല്ലാത്ത ലക്ഷണങ്ങളാണ് കണ്ണിലെ കാൻസറിന്റേത്. നേത്രാർബുദത്തിന്റെ ആദ്യകാല ലക്ഷണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

കാഴ്ച മങ്ങുക

നേത്രാർബുദത്തിന്റെ പ്രാരംഭഘട്ടങ്ങളിലെ ആദ്യലക്ഷണങ്ങളിൽ ഒന്നാണ് കാഴ്ച മങ്ങുന്നത്. കാണുന്ന വസ്തുക്കൾ വ്യക്തതയില്ലാതെയാകും. കാലക്രമേണ ഈ അവസ്ഥ കൂടുതൽ വഷളാകും. ഇത് ഒരു കണ്ണിനെയോ രണ്ട് കണ്ണുകളെയോ ബാധിച്ചേക്കാം. കാഴ്ചയിൽ ഒരു നിഴൽ രൂപമുള്ളതുപോലെ തോന്നുന്നതും നേത്രാർബുദത്തിന്റെ ലക്ഷണങ്ങളിൽ ഒന്നാണ്.

കറുത്ത പാടുകൾ

കണ്ണിന്റെ കൃഷ്ണമണിയിലോ വെള്ളയിലോ കറുത്ത പാടുകൾ നേത്രാബുർദത്തിന്റെ ലക്ഷണമാകാം. സാധാരണ കാണുന്ന കറുത്ത പുള്ളികളിൽനിന്ന് വ്യത്യസ്തമായി അവ ക്രമരഹിതമായ പാടുകളായിരിക്കും. കാലക്രമേണ ഈ പാടുകളുടെ വലുപ്പത്തിലും രൂപത്തിലും മാറ്റം വരാം.

കണ്ണിലെ മുഴകൾ

കണ്ണിലോ ചുറ്റുമോ ഭേദമാകാത്തതോ വലുപ്പം കൂടുന്നതോ ആയ മുഴകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ഡോക്ടറെ കാണേണ്ടതാണ്. തുടക്കത്തിൽ ഇതൊരു ചെറിയ ലക്ഷണമായിരിക്കുമെങ്കിലും പിന്നീട് അത് കൂടുതൽ വ്യക്തമാകും.

ഫ്ലോട്ടറുകൾ

പെട്ടെന്നുള്ള മിന്നലാട്ടമോ കറുത്ത പാടുകളോ ഐ ഫ്ലോട്ടറുകളോ കാണുകയാണെങ്കിൽ നേത്രാർബുദത്തിന്റെ ലക്ഷണമാണ്. കാഴ്ചയിൽ ചെറിയ പാടുകളോ കുത്തുകളോ, അല്ലെങ്കിൽ നൂലുപോലെയുള്ള രൂപങ്ങളോ കാണുന്നതിനെയാണ് ഐ ഫ്ലോട്ടറുകൾ എന്ന് പറയുന്നത്.

വിട്ടുമാറാത്ത വേദന

കണ്ണിലെ വിട്ടുമാറാത്ത ചുവപ്പും അസ്വസ്ഥതയും മുന്നറിയിപ്പ് സൂചനകളാണ്. ഈ അസ്വസ്ഥത പിന്നീട് നീറ്റലോ പുകച്ചിലോ ആയി മാറാനും സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *