സുരക്ഷിത നിക്ഷേപം തിരയുന്ന നിക്ഷേപകർക്കുള്ള ഏറ്റവും മികച്ച നിക്ഷേപ രീതികളിലൊന്നാണ് എഫ്ഡി അഥവ സ്ഥിരനിക്ഷേപം. ഭേദപ്പെട്ട പലിശയ്ക്കൊപ്പം സുരക്ഷിതത്വമാണ് സ്ഥിര നിക്ഷേപത്തിലേക്ക് എല്ലായ്പ്പോഴും ആളുകളെ ആകർഷിക്കുന്നത്. എഫ്ഡി നിക്ഷേപങ്ങളിൽ മുതിർന്ന പൗരന്മാർക്ക് സാധാരണ അക്കൗണ്ടുകളേക്കാൾ 50 ബേസിസ് പോയിന്റ് വരെ ഉയർന്ന പലിശ നിരക്കും ലഭിക്കുന്നു. നിങ്ങൾ സ്ഥിര നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവരാണെങ്കിൽ മൂന്ന് വർഷത്തെ നിക്ഷേപത്തിന് ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ബാങ്കുകൾ ഏതൊക്കെയെന്ന് പരിശോധിക്കാം.
എച്ച്ഡിഎഫ്സി ബാങ്ക് – രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി സാധാരണ പൗരന്മാർക്ക് സ്ഥിര നിക്ഷേപങ്ങളിൽ 6.45 ശതമാനം വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. അതേസമയം മുതിർന്ന് പൗരന്മാർക്ക് 6.95 ശതമാനം പലിശയും മൂന്ന് വർഷത്തേക്കുള്ള സ്ഥിര നിക്ഷേപത്തിൽ നിന്ന് നേടാം.
ഐസിഐസിഐ ബാങ്ക് – സ്വകാര്യ മേഖലയിലെ മറ്റൊരു പ്രധാനപ്പെട്ട ബാങ്കാണ് ഐസിഐസിഐ. മൂന്ന് വർഷത്തേക്കുള്ള എഫ്ഡിയിൽ സാധാരണ നിക്ഷേപങ്ങൾക്ക് 6.6 ശതമാനം പലിശ നിരക്കും മുതിർന്ന പൗരന്മാർക്ക് 7.10 ശതമാനം പലിശ നിരക്കുമാണ് ഐസിഐസിഐ വാഗ്ദാനം ചെയ്യുന്നത്.
കൊട്ടക് മഹീന്ദ്ര ബാങ്ക് – കൊട്ടക് മഹീന്ദ്ര ബാങ്കിൽ സാധാരണക്കാരയ സ്ഥിര നിക്ഷേപങ്ങളിൽ ലഭിക്കുന്നത് 6.4 ശതമാനം പലിശയാണ്. അതേസമയം മുതിർന്ന പൗരന്മാരായ അക്കൗണ്ട് ഹോൾഡേഴ്സിന് 6.9 ശതമാനമാണ് പലിശ.
ഫെഡറൽ ബാങ്ക് – ഇക്കഴിഞ്ഞ ജൂലൈ ജൂലൈ 17നാണ് ഫെഡറൽ ബാങ്ക് തങ്ങളുടെ സ്ഥിര നിക്ഷേപ പലിശ നിരക്ക് പരിഷ്കരിച്ചത്. ഇതനുസരിച്ച് മൂന്ന് വർഷത്തേക്കുള്ള നിക്ഷേപങ്ങൾക്ക് സാധാരണ അക്കൗണ്ടിന് 6.6 ശതമാനവും മുതിർന്ന പൗരന്മാരുടെ അക്കൗണ്ടിൽ 7.1 ശതമാനം പലിശയുമാണ് ലഭിക്കുക.
ബാങ്ക് ഓഫ് ബറോഡ – പൊതുമേഖല ബാങ്കുകളിൽ സ്ഥിര നിക്ഷേപങ്ങൾക്ക് ഏറ്റവും അധികം പലിശ നൽകുന്ന ബാങ്കുകളിലൊന്നാണ് ബാങ്ക് ഓഫ് ബറോഡ. സാധാരണ അക്കൗണ്ടുകൾക്ക് 6.5 ശതമാനവും മുതിർന്ന പൗരന്മാരുടേതിന് 7 ശതമാനം പലിശയുമാണ് ബാങ്ക് ഓഫ് ബറോഡയിൽ നിന്ന് ലഭിക്കുക.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ – ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മൂന്ന് വർഷത്തെ സ്ഥിര നിക്ഷേപത്തിന് 6.5 ശതമാനം പലിശ നൽകുന്നു. മുതിർന്ന പൗരന്മാർക്ക് 6.80 ശതമാനം പലിശയാണ് ലഭിക്കുക.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ – മറ്റൊരു പ്രമുഖ പൊതുമേഖല ബാങ്കായ യൂണിയൻ ബാങ്കും സ്ഥിര നിക്ഷേപങ്ങൾക്ക് താരതമ്യേന ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. സാധാരണ നിക്ഷേപകർക്ക് 6.60 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 7.10 ശതമാനം പലിശയുമാണ് യൂണിയൻ ബാങ്ക് നൽകുന്നത്.